“ഓഹ് ഇന്ന് എല്ലാവരോടും പറയാൻ ഒരു കഥയായി ” അവൾ ചിരിക്കുകയാണ്.
സബാഷ്… ഈ കുരുപ്പെന്നെ നാറ്റിക്കുവോ?
“ഡീ ഡീ.. അങ്ങനെയൊന്നും ചെയ്യല്ലേ.. എന്ത്വേണേലും ചെയ്യാം… പ്ലീസ് ” ഞാൻ അവളോട് ചേർന്ന് നിന്ന് യാചിച്ചു.
“ആഹ് ഞാൻ ഒന്ന് ആലോചിക്കട്ടെ.. ” അവൾ വേറെ എങ്ങോട്ടോ നോക്കുന്ന പോലെ തലയുയർത്തി നിന്ന് ശബ്ദം കനമാക്കി അഭിനയിച്ചു.
പുല്ല് ഒറ്റയിടി തന്നാലുണ്ടല്ലോ ഞാൻ നാക്ക് കടിച്ചു കൈ ചുരുട്ടി ഓങ്ങി, അവൾ നോക്കിയപ്പോൾ ചിരിച്ചു കാണിച്ചു കൈ കൊണ്ടു കോളർ നേരെയാക്കി ഞാൻ മുകളിലേക്ക് നടന്നു.
തിരിഞ്ഞു നോക്കിയപ്പോൾ അവളെന്നെയും നോക്കി ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്. പട്ടി, കളിയാക്കി ചിരിക്കുകയാണ്. ഞാൻ ഒന്ന് കൂടി ഇളിച്ചു കാണിച്ചു.
പുല്ലു താഴോട്ട് എന്തിനാണോ പോയത്, ഇവിടെ ഇരുന്നാൽ മതിയായിരുന്നു, കസേരയിൽ ഇരുന്നു ഞാൻ ആലോചിച്ചു.
പിന്നെ ഉച്ചവരെയും ഞാൻ എങ്ങും പോയില്ല, ഒരുമണി ആയപ്പോൾ സമീറ കേറിവന്നു. കൈ രണ്ടും കുറതയുടെ പിന്നിൽ പിടിച്ചിട്ടുണ്ട്, മുഖത്ത് ഇപ്പോഴും ആ ആക്കിയ ചിരിയുണ്ട്.
ഞാൻ മൈൻഡ് ചെയ്തില്ല, ഇല്ലെങ്കിൽ അവളെന്നെ വാരിക്കൊല്ലും.
അവൾ ടേബിളിനടുത്തെത്തി,
“ഡാ താഴോട്ട് വരുന്നോ?” ചിരിച്ചു കൊണ്ടാണ് ചോദ്യം.
“എന്താ എന്തെങ്കിലും കാര്യമുണ്ടോ? ” ഞാൻ മുഖത്തു മാക്സിമം ഗൗരവം വരുത്തി ചോദിച്ചു.
“അല്ല രണ്ടു മൂന്ന് ലേഡീസ് കസ്റ്റമർ വന്നിട്ടുണ്ട്, സാറിന് വേണേൽ കാണാം ”
ഹോ അളിഞ്ഞ കോമഡി, ഞാൻ നാക്ക് കടിച്ചു.
എന്റെ ഭാവമാറ്റം കണ്ടു രസിക്കുകയാണ് അവൾ.
ഞാൻ മുഖം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തന്നെ തിരിച്ചു.
” ഡാ ” അവൾ വിളിച്ചു, ഞാൻ നോക്കിയില്ല.
അവൾ പുറകിൽ നിന്നും കൈയെടുത്തു ഒരു കവർ മുന്നിലേക്ക് വച്ചു.
എന്തേ എന്ന ഭാവത്തിൽ ഞാൻ മസിലു വിടാതെ അവളെ നോക്കി.
“ഇനി മുതൽ ഹോട്ടൽ ഭക്ഷണം വേണ്ട, ഞാൻ കൊണ്ടുത്തരാം ഉച്ചക്ക്. ” അവൾ ആ കവർ മുന്നോട്ട് തള്ളി വച്ചു.
പാവം, എനിക്കുള്ള ഫുഡ്‌മായി വന്നതാണ്. എന്റെ മുഖത്തെ കള്ള ഗൗരവമൊക്കെ പോയി അവിടെ അത്‍ഭുതം നിറഞ്ഞു.