“ജാങ്കോ നീ പിന്നീം..”
Janko Nee Pinnem | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ് 2]
“എന്റമ്മൂ നീ ഞാനീ പറയുന്നതൊന്നു കേൾക്കൂ…”
“എന്ത് കേൾക്കാൻ? സനലേട്ടനെന്തു ഭ്രാന്തായീ പറേണത്..? ആരാ ഏതാ എന്താന്നറിയാത്ത അവരുടെ കൂടെ ഞാനവരു പറേണ അമ്പലത്തിപ്പോയി ഭജനമിരിക്കണോന്നോ..? അവരു പറയുന്ന ആശൂത്രീ പോണോന്നോ..?”
അമ്മു എന്ന അമൃത എന്റെ നേരേ നിന്ന് കത്തിജ്വലിച്ചു…
“ഹാ… എന്റമ്മുക്കുട്ടിയിങ്ങന ദേഷ്യപ്പെടാതെ… അമ്മ പറഞ്ഞില്ലേ അവനുമ്പോരും അല്ലാതെ മോളൊറ്റക്കല്ലാലോ? പാവങ്ങൾ!
മോളു നഷ്ടപ്പെട്ട അവരുടെ സങ്കടങ്കൊണ്ടല്ലേ…? മോളവരുടെ മോളേപോലായതാ ആകെ മാനസികമായി തളർന്ന അവരിങ്ങനെ…
പ്രായായ ആ അമ്മ നീ അവരുടെ മരിച്ചു പോയ മോളാന്നാ കരുതുന്നേ… അതിന്റെ അസുഖം മാറാനല്ലേ….”
അമ്മുവിനെ വട്ടം പിടിച്ച് തിരിഞ്ഞ് നടന്ന് കൊണ്ട് അമ്മ അവളോട് പറഞ്ഞു…
എന്റെ നേരേ തട്ടിക്കയറുന്നത് അമ്മ കേട്ട ചമ്മലിൽ നാവും കടിച്ച് ചേർത്ത് പിടിച്ച അമ്മയുടെ കൈയ്യിൽ ഒരു പൂച്ചക്കുട്ടിയെ പോലെ ഒതുങ്ങി അമ്മു മുന്നോട്ട് നടന്നു….
ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ നിറഞ്ഞ് നിന്ന കണ്ണുകൾ തുടച്ചു…
ഈ വരുന്ന വിഷുവിന്റെ പിറ്റേന്ന് എന്റെ അമ്മു എന്ന അമൃത എന്റെ ജീവിതത്തിലേക്ക് നിലവിളക്കുമായി കടന്ന് വരേണ്ടത് ആയിരുന്നു….
പക്ഷേ വിധി മറ്റൊന്നായി പോയി…
ഒരു വർഷം മുൻപ് ഒരു വീട്ടിൽ പോളീഷു പണിക്ക് പോയപ്പോൾ ആണ് നാലുമണിക്ക് കാപ്പിയുമായി വന്ന അമൃതയെ ഞാൻ ആദ്യമായി കാണുന്നത്…
ആ വീട്ടിലെ മകളാണ് എന്നാണ് ആദ്യം കരുതിയത് പക്ഷേ അമൃത ആ വീട്ടിലെ മകളെ പോലുള്ള ജോലിക്കാരിയാണ്!
ഉറ്റവരും ഉടയവരും ആരുമില്ലാത്ത ഒരു അനാഥ!
പാലക്കാട് അതിർത്തിയിൽ ആണ് വീട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്..
പാലക്കാട് ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജറായ ആ വീട്ടിലെ സാറ് വിജനമായ ഒരു റെയിൽവേ ലൈനിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ആണ് ഇവളെ കണ്ടെത്തുന്നത്…
അദ്ദേഹം സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ അമ്മ മരിച്ച് ചെറിയച്ചന്റെ ശല്യം സഹിക്കാൻ ആവാതെ ജീവനൊടുക്കാൻ വന്ന വരവാണ്…
അന്ന് സാറ് കൊണ്ടുവന്ന് തന്റെ ഭാര്യയേയും മാതാപിതാക്കളേയും ഏൽപ്പിച്ചതാണ് അമൃതയെ! സാറിന്റെ രണ്ട് മക്കളുടെ ചേച്ചിയായി അവരുടെ മുതിർന്ന മകളായി അവൾ അവിടെ കഴിയുകയാണ്…