രാഖി ഒരു മഴച്ചാറ്റല്‍ പോലെ വാ തോരാതെ കുറേ നെരം സംസാരിച്ചു. അവളുടെ ബാല്യകാലത്തെ പറ്റി, ബാല്യകാല സഖാക്കളെപ്പറ്റി, അദ്ധ്യാപകരെപ്പറ്റി. അവരില്‍ എറ്റവും സ്‌നേഹമുള്ള അദ്ധ്യാപികയെയും സുഹൃത്തിനെയും പറ്റി. അവളുടെ നാട്, നാട്ടിലെ ആള്‍ക്കാര്‍, അയല്‍ക്കാര്‍, ജോലി ചെയ്തിരുന്ന കമ്പനി, അവിടത്തെ സതീര്‍ത്ഥ്യരെപ്പറ്റി അങ്ങനെ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്ന അവളെ കാണാന്‍ ഒരു പ്രത്യേകഭംഗിയാണെന്നെനിക്കു തോന്നി.
പുത്തനത്താണി താണ്ടിയപ്പോള്‍ അവള്‍ കാടാമ്പുഴ ക്ഷേത്രത്തെക്കുറിച്ച് വാചാലയായി. അവള്‍ടെ ആദ്യ വിവാഹം കഴിഞ്ഞ് പൂമൂടലിനായി ക്ഷേത്രത്തില്‍ പോയതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു. പിന്നീടാണറിഞ്ഞതത്രെ അവള്‍ടെ ഭര്‍ത്താവ് ഒരു സ്വര്‍വഗ്ഗാനുരാഗിയാണെന്ന്. അയാള്‍ അത്തരക്കാരനാണെങ്കിലും അവള്‍ക്ക് അയാളോട് ബഹുമാനമായിരുന്നു എന്നു തോന്നി. ഒന്നും അയാളെ പറ്റി കുറ്റമായി പറഞ്ഞില്ല. ഇപ്പോഴും ഇടക്ക് വിളിക്കാറുണ്ടത്രെ.
”ഞാന്‍ ക്ഷേത്രങ്ങളിലൊന്നും പോവാറില്ല. അഗ്‌നോസ്റ്റിക് ആണു.”
”എന്നു വച്ചാല്‍?” അവള്‍ കൗതുകം പൂണ്ടു.
”ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഇപ്പോഴുള്ള ദൈവത്തിന്റെ വിവരണങ്ള്ളിലും ക്ഷേത്രം പള്ളികളിലൊന്നും എനിക്ക്വിശ്വാസവുമില്ല. ഞാന്‍ എന്റെ കടമ ചെയ്യുന്നു. ഒരു മാതിരി ബുദ്ധിസ്റ്റുകളുടേതു പോലെ. ‘ അഗ്‌നോസ്റ്റിസത്തിന്റെ കൃത്യമായ വിവരണം അതായിരുന്നില്ല എങ്കിലും എനിക്ക് തോന്നിയത് പറഞ്ഞു എന്നു മാത്രം.
ബുദ്ധമതം എനിക്ക് ഇഷ്ടമായിരുന്നു. ആരെയും ഹനിക്കാത്ത അഹിംസയുടെ വാദക്കാര്‍. ലോകത്തിലെ ഏറ്റവും സൗമ്യശീലരായവര്‍ ബുദ്ധമതക്കാരാണെന്നാണ് എന്റെ പക്ഷം.
സ്‌റ്റ്രേഞ്ജ്! അവള്‍ ഒരു വാക്കിലൊതുക്കി.
”കോടീശ്വരന്മാര്‍ക്ക് ഒരു പക്ഷെ അഗ്‌നോസ്റ്റിക്കുകളാവാം. പക്ഷെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ ദൈവവിശ്വാസികളായിപോവും”
അവളുടെ ഫിലോസഫി എനിക്ക് പുതുതായിരുന്നില്ല
”കോടീശ്വമ്ന്മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ല എന്നാരു പറഞ്ഞു. എല്ലാര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആ സമയത്ത് ദൈവത്ത് വിളിച്ച് കരയുകയല്ലാതെ അത് സ്വയം തീര്‍ക്കാന്‍ ശ്രമിക്കണം.” ഞാന്‍ അവളുടെ തത്വശാസ്ത്രത്തിനെതിരെ പിടിച്ച് നില്‍കാന്‍ ശ്രമിച്ചു. എങ്കിലും ഈ ചര്‍ച്ച മുന്നോട്ടു പോയാല്‍ അടി പിടിയാവും എന്നെനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാന്‍ വിഷയം തിരിച്ചുവിടാന്‍ ശ്രമിച്ചു.
”രാഖിക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ?”
”ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്തേ?”
”ഹേയ്, ഒന്നുമില്ല. വിദേശത്തൊക്കെ പോവേണ്ടി വരികയാണെങ്കില്‍ പാസ് പോര്‍ട്ട് അത്യാവശ്യമല്ലേ.?”
”ആരു വിദേശത്തു പോണു. ഇപ്പോള്‍ തന്നെ ഈ ദൂരം യാത്ര ചെയ്തത് തന്നെ എത്ര നാള്‍ കഴിഞ്ഞിട്ടാണ്.”