എനിക്ക് 30-32 വയസ്സേ കാണുകയുള്ളു എന്നായിരിക്കണം അവളെ ആദ്യം മനുവെന്ന് എന്നെ വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. 40 ആയി എന്നു പറഞ്ഞത് മടിയോടെയാണെങ്കിലും അവള്‍ വിശ്വസിച്ചു കാണണം. മനുവേട്ടനായത് അപ്പോഴാണ്. അതല്ലാതെ എനിക്ക് ബഹുമാനം പിടിച്ചു വാങ്ങാനായിട്ടില്ല എന്നെനിക്കു നിശ്ചയം ഉണ്ടായിരുന്നു.
അഞ്ച് മണി കഴിഞ്ഞതോടെ ഞങ്ങള്‍ രാമനാട്ടുകരയെത്തില്‍ അവളെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കി വിട്ടു. ചില കണ്ണുകള്‍ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ അവള്‍ കൂസലൊന്നുമില്ലാതെ ഇറങ്ങി. എന്നോടു യാത്ര പറഞ്ഞു നടന്നകന്നു. ഞാന്‍ തിരിച്ച് ഹോട്ടലിലേക്കും
തിരിച്ചുള്ള യാത്ര അരമണിക്കൂര്‍ നേരത്തേതായിരുന്നുവെങ്കിലും അതിലെ ഏകാന്തത വല്ലാത്തതായിരുന്നു. ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഞാന്‍ അത് ശരിക്കും ജീവിക്കുകയായിരുന്നല്ലോ. ഒരു പച്ചയായ മനുഷ്യനെപ്പോലെ.
ഇന്റനെറ്റിലെ വെബ്‌സൈറ്റിനെ ഞാന്‍ മനസ്സുകൊണ്ട് നന്ദി പറഞ്ഞു. അസംഖ്യം പിമ്പുമാരെ അതില്‍ കണ്ടതില്‍ പിന്നെ പുതിയ ജനറേഷനില്‍ വ്യാപരം നടക്കുന്നതിപ്പോള്‍ നെറ്റ് വഴിയാണെന്നു എനിക്കു പിടികിട്ടി.
അന്നു രാത്രി കോളുകളൊന്നും വന്നില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. രാവിലെ 8 മണിക്ക് പഞ്ചാരിമേളം കേട്ടു. എന്റെ മനസ്സില്‍ ഒരു നേര്‍ത്ത പുഞ്ചിരി വിടര്‍ന്നു
അമ്മ സമ്മതിച്ചൂട്ടോ. ജോലിക്കാര്യവും താമസം മാറുന്നതും. ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചു. എങ്കിലും അതിനു മുന്‍പ് നമുക്ക് കൊടുങ്ങല്ലൂര്‍ വരെ പോകണ്ടെ?
കൊടുങ്ങല്ലൂര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ്മ വരും. അച്ചന്‍ എനിക്ക് ചെറിയ വയസ്സുള്ളപ്പഴാണ് മരിച്ചത്. ഞാനോര്‍ക്കുന്നു, ഇത്ര അനായസമാണോ മരണം. അമ്മ വന്ന് എന്നെ കോരിയെടുത്തു ആ മഴയില്‍ നിന്ന് രക്ഷനേടാനായി ജനലുകള്‍ ചാരിയടക്കുമ്പോള്‍ ആ പാളികള്‍ക്കിടയിലൂടെ ഞാന്‍ പുറത്തേക്കൊന്നു പാളി നോക്കി. അപ്പോഴേക്കും അവിടെ അവശേഷിച്ച് നിഴലുകള്‍ക്കു മുകളില്‍ നിലാവ് തന്നെ മഞ്ഞ ശവക്കച്ച പുതപ്പിച്ചിരുന്നു.
ഇന്നും ബലി ദിനങ്ങളിലെ മഴച്ചാറ്റലിന്റെ കണ്ണീരില്‍ അകലെ വെള്ളിമുകില്‍ മേഘമുടികള്‍പ്പറുത്ത് നക്ഷത്രജടാകലാപങ്ങള്‍ക്കിടയില്‍ മുഖം പാതിയൊളിപ്പിച്ച് എന്നെ നോക്കി അച്ഛന്‍ തന്റെ തളിര്‍ വെറ്റിലച്ചിരി ചിരിക്കും . ഓട്ടുരുളയിലെ എള്ളു വിതറിയ ബലിച്ചോറു പോലെ തെളിഞ്ഞ ചിരി. ഞാന്‍ ശരീരത്തിലെ അഴുക്കു വസ്ത്രങ്ങള്‍ മാറ്റുന്ന ആത്മാക്കളെയോര്‍ക്കും. അഴുക്കുള്ള ശരീരത്തിനെ എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന പാഴ് ജന്മങ്ങളേയും … കൊടുങ്ങല്ലൂര്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പലതും ഓര്‍മ്മവരും. കൈവിട്ട് പോയ എന്റെ പ്രണയത്തെ, എന്നെ ആദ്യം തിരസ്‌കരിച്ച പെണ്ണിനെ, അവളെ ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു കിട്ടിയതും അവളോട് എനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞതും അവള്‍ അത് കേട്ട് ചിരിച്ചതും ഒക്കെ ഓര്‍മ്മ വരും.
”നാളെയായാലോ? ‘ . ഇന്നെനിക്ക് കോയമ്പത്തൂര്‍ വരെ പോണം വൈകീട്ട് വരും.
”ശരി. ഞാന്‍ റെഡിയാണ്. സമയം പറഞ്ഞാല്‍ മതി. അമ്മയെ നോക്കാന്‍ അയല് പക്കത്ത് ഒരു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. അവര്‍ രാത്രി വന്നു കിടന്നോളും..”
എനിക്ക് ഇത്തരം ഡീറ്റയില്‍സ് ഒക്കെ കേട്ടാന്‍ പെട്ടന്ന് ഒന്നും തോന്നുകയില്ല. എല്ലാം ചെയ്യിച്ച് ശീലമുള്ളതു കൊണ്ടാവണം.
രാത്രി ശരിക്കും ഉറങ്ങിയില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, കോയമ്പത്തൂര്‍ പോകുന്ന വഴിക്കൊക്കെ ഞാന്‍ പാതി മയക്കത്തിലായിരുന്നു.