ഹൃദയതാളങ്ങൾ
Hridayathalangal | Author : Rishi
രാമു! എന്താടാ ഇവിടെയൊറ്റയ്ക്ക്? ഡ്രിങ്ക് കഴിഞ്ഞോ? സ്നാക്സ് എന്തെങ്കിലും? ബാൽക്കണിയുടെ കൈവരിയിൽ ചാരി വെളിയിലേക്കു നോക്കി നിന്ന രാമുവിന്റെ അടുത്തേക്ക് വന്ന ചാരുലത അവന്റെ തോളിൽ തൊട്ടു.
അവളുടെ ചോദ്യവർഷമേറ്റ് രാമു ചിരിച്ചു. നിനക്ക് ഏതു ചോദ്യത്തിനാണുത്തരം വേണ്ടത്?
ഓഹ്! ഒന്നു പകച്ച ചാരു അവന്റെ കയ്യിൽപ്പിടിച്ച് അകത്തേക്ക് വലിച്ചു. വന്നേടാ! എല്ലാരുമവിടെയൊണ്ട്.
ശരി… ആ നിർബ്ബന്ധത്തിനു വഴങ്ങാൻ അവനു സമ്മതമായിരുന്നു. അവളുടെ മൃദുവായ കയ്യവന്റെ കൈത്തണ്ടയിലമർന്നപ്പോഴേ രാമു അലിഞ്ഞിരുന്നു. മനസ്സിൻെ ഉള്ളിലേക്ക് നോക്കിയാലവനറിയാം, എന്താണ് തന്നെ പിടിച്ചുലയ്ക്കുന്നതെന്ന്.
കൂടുതൽ ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ ചാരു രാമുവിനേയും കൊണ്ട് രഞ്ജനയുടെ മുന്നിലെത്തി. ദാ… ഭർത്താവിനെ ഭദ്രമായങ്ങേൽപ്പിച്ചേ! രഞ്ജു അവനെയൊന്നു നോക്കി. അതിന്റെ അർത്ഥമെന്താണെന്ന് രാമുവിനൊരു പിടിയും കിട്ടിയില്ല.
രാമൂ! ഇതാണ് മിസ്റ്റർ …. രഞ്ജു അവനെ ഒരു കോട്ടിട്ട മനുഷ്യനെ പരിചയപ്പെടുത്തി. അവനപ്പോഴേക്കും തലച്ചോറിനവധി കൊടുത്തിരുന്നു. എങ്ങിനെയോ പാർട്ടിയിലൂടെ അവൻ സ്വപ്നാടനം നടത്തി. ചാരുവിന്റെ ചുറ്റുവട്ടത്തിൽ നിന്നുമകന്നപ്പോൾ അവനൊരു വാടിയ വള്ളിയായി. യാന്ത്രികമായി രഞ്ജനയുടെ നിർദ്ദേശങ്ങമനുസരിച്ച് ചലിക്കുന്ന ഒരു പാവ.
പാർട്ടി കഴിയുന്നതിന് ഒരു മണിക്കൂർ മുമ്പാണ് രാമുവിന് ഒരുൽക്കടമായ ഒരു കുഞ്ഞനുഭവമുണ്ടായത്. ബാക്കിയുള്ള സമയം അവനതിന്റെ ഓർമ്മയിൽ ഒഴുകിനടന്നു..
ചാരുവിനെ നീ ശ്രദ്ധിച്ചോ? വീട്ടിലെത്തി കിടപ്പുമുറിയിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് കമ്മലുകളൂരിവെയ്ക്കുന്നതിനിടയിൽ രഞ്ജന രാമുവിനോടു ചോദിച്ചു. അവനൊന്നു ഞെട്ടി. പ്രത്യേകം ശ്രദ്ധിക്കാനെന്തിരിക്കുന്നു? ശബ്ദത്തിൽ വിറയലു വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. ഓ… നിന്റെയൊരു കാര്യം! ഇന്നുടുത്തിരുന്ന വേഷം കണ്ടില്ലേ? ഒരു സെറ്റു സാരി! കസവുപോലുമില്ലാത്തത്. അവരുടെ വീട്ടിൽ വെച്ചു നടത്തിയ പാർട്ടി. അതും ശങ്കർസാറിന് പ്രൊമോഷൻ കിട്ടിയതിന്. സാറിനെക്കണ്ടില്ലേ? എത്ര ഭംഗിയായി ഡ്രെസ്സു ചെയ്തിരുന്നു! തന്നേമല്ല അവര് ശരീരോം നോക്കുന്നില്ല. വയറു ചാടുന്നുണ്ടെന്നു തോന്നുന്നു. ആ പിൻഭാഗം ഒരുമാതിരി പഴയ നടിമാരുടെ പോലുണ്ട്. സാറാണെങ്കിലെന്തു ട്രിമ്മാണ്! നീയേതു ലോകത്തിലാ? ഞാൻ പറയണതു വല്ലോം കേട്ടോ?