“അയ്യോ… ഞാനതങ്ങു വിട്ടുപോയി വരൂ എല്ലാര്ക്കും അകത്തേക്കിരിക്കാം.”
നാണുപിള്ള എല്ലാരോടും പറഞ്ഞു
പദ്മിനി ദേവികയെ നോക്കി പുഞ്ചിരിച്ചു
ദേവിക കരഞ്ഞുകൊണ്ട് പദ്മിനിയുടെ കാലുകളിലേക്ക് വീണു, മുട്ടുകുത്തി കവിൾ പദങ്ങളിലേക്ക് അമർത്തി.
പദ്മിനി അവളെ പിടിച്ചുയർത്തി കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു
“മോളെ… അമ്മ ഒരുപാട് വിഷമിപ്പിച്ചല്ലേ… നിങ്ങൾ ഒളിച്ചുകളിച്ചപ്പോ എനിക്കും തോന്നി നിങ്ങളെയൊന്നു വട്ടുകളിപ്പിക്കാൻ”
“എന്നാലുമമ്മേ ഇതൊത്തിരി കൂടിപ്പോയി.”
കൃഷ്ണ പറഞ്ഞു
അപ്പോഴേക്കും നാണുപിള്ള ഉമ്മറത്തേക്ക് കസേരകൾ കൊണ്ടിട്ടു
“എല്ലാരും കയറിവാ”
നാണുപിള്ള ഉത്സാഹത്തോടെ എല്ലാരേം വിളിച്ചു
ദീപയും കൃഷ്ണയും ദേവികയെയും കൊണ്ട് അകത്തേക്ക് കയറിപ്പോയി
പദ്മിനി ഉമ്മറത്തു കസേരയിൽ വന്നിരുന്നു
വിഷ്ണു മടിച്ചു മടിച്ചു അരഭിത്തിയിൽ കയറിയിരുന്ന് മൊബൈലിൽ തോണ്ടി, അവന് പദ്മിനിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് തോന്നി
“പദ്മിനി കുഞ്ഞേ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാനാവുന്നില്ല, ബാലകൃഷ്ണൻ സാറിന്റെ മകൻ എന്റെ മോളെ കല്യാണം കഴിക്കുകയെന്നു പറഞ്ഞാൽ.”
നാണുപിള്ള സങ്കടത്തോടെ പറഞ്ഞു
“ഇവര്ത്തമ്മിൽ എന്തക്കയോ ഒളിച്ചുകളികൾ ഉണ്ടായിരുന്നുവെന്ന് എനിക്ക് മുൻപേ അറിയായിരുന്നു… ഇവനായിട്ട് അതെന്നോട് പറയുമെന്നാ ഞാൻ കരുതിയേ… പക്ഷേ ഈ പൊട്ടൻ മനസ്സിൽവച്ചു നടന്നു…ഇന്നു ഞാൻ കയ്യോടെ പിടികൂടി…”
പറഞ്ഞിട്ട് പദ്മിനി ചിരിച്ചു
“നാണുപിള്ള ഒന്നും ആലോചിക്കേണ്ട എനിക്കവളെ എന്റെ അമ്മുവിനെപോലെ ഇഷ്ടമാണ്… തല്ക്കാലം അവൾ പഠിക്കട്ടെ അത് കഴിഞ്ഞു നമുക്കിവരുടെ കല്യാണം നടത്താം… എന്താ?”
പദ്മിനി പറഞ്ഞു
“എനിക്ക് നിങ്ങളുടെ അന്തസിനൊത്തു സ്ത്രീധനം തരാൻ കഴിയില്ല എങ്കിലും സൊസൈറ്റിയിൽ ഒരു ചിട്ടിയുണ്ട് അത് പിടിച്ചിട്ട് സ്വർണമായിട്ടെന്തെലും ഇടാം…”
നാണുപിള്ള പറഞ്ഞു
“എനിക്കെന്തായാലും അവളുടെ സ്വർണമൊന്നും വേണ്ട… ഇനി ഇവനെന്തേലും വേണേൽ അതവൻ അവൾക്ക് ഉണ്ടാക്കികൊടുത്തോളും… ഇല്ലെടാ?”
പദ്മിനി വിഷ്ണുവിനെ നോക്കിക്കൊണ്ട് പറഞ്ഞു
വിഷ്ണു ചമ്മലോടെ ചിരിച്ചു
“നേരത്തേ നിന്റെ പെണ്ണിനെ വഴക്കുപറഞ്ഞപ്പോൾ നൂറു നവായിരുന്നല്ലോ… ഇപ്പോഴെന്താ നിന്റെ നാവിറങ്ങിപ്പോയോ?”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു