ദേവിക നാണത്തോടെ തലകുനിച്ചു നിന്നു, വിഷ്ണു ആ മോതിരം വാങ്ങി അവളുടെ വിരലിൽ അണിയിച്ചു, കൂട്ടത്തിൽ അവളുടെ കയ്യിൽ ഒന്നമർത്തി,
“നാണുപിള്ളേ… ഇനിയിപ്പോ നിങ്ങളുടെ ബന്ധുക്കളെയൊക്കെ അറിയിക്ക്… അതുപോലെ കല്യാണ നിശ്ചയത്തിന് അടുത്തമാസം നല്ലൊരു മുഹൂർത്തം കൂടി നോക്കണം”
പദ്മിനി നാണുപിള്ളയോട് പറഞ്ഞു
“കുഞ്ഞൊന്നും അറിയണ്ട ഞാൻ നാളെത്തന്നെ കണിയാരെ കാണാം”
നാണുപിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്നാപ്പിന്നെ ഞങ്ങളിറങ്ങട്ടെ, മോളേ അമ്മയോട് പിണക്കമൊന്നും വയ്ക്കരുത് കേട്ടോ”
ദേവികയെ ചെത്തുപിടിച്ചു പദ്മിനി പറഞ്ഞു,
“അമ്മേ ഇതിലും വലിയ സന്തോഷം എന്റെ ജീവിതത്തിൽ ഇനി കിട്ടാനില്ല അതെനിക്ക് തന്ന അമ്മയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
പദ്മിനിയുടെയും കണ്ണ് നിറഞ്ഞു, പദ്മിനി അവളെ ചേർത്തുപിടിച്ചു
****************
എല്ലാം ഒരു സ്വപ്‌നം പോലെയാണ് വിഷ്ണുവിന് തോന്നിയത്, അവർ വീട്ടിലെത്തിയതും
വിഷ്ണു പദ്മിനിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു
“നിനക്ക് നന്ദി പറയണമെങ്കിൽ നിന്റച്ഛനോട് വേണം പറയാൻ, അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, മക്കളുടെ ആഗ്രഹങ്ങൾ നമുക്ക് സാധിച്ചു കൊടുക്കാൻ പറ്റുന്നതാണേൽ സാധിച്ചു കൊടുക്കണമെന്ന്, എന്റെ മക്കൾ ഇന്നുവരെ എന്നോടൊന്നും ചോദിച്ചിട്ടില്ല, അപ്പൊ ഇതെങ്കിലും ഞാൻ സാധിച്ചു തരണ്ടേ…?”
പദ്മിനി അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“എന്തായാലും അമ്മ ആളു കൊള്ളാം… കേട്ടോ?”
കൃഷ്ണ പദ്മിനിയെ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു
പിറ്റേന്ന് നാണുപിള്ള വിവാഹ നിശ്ചയത്തിന്റെ മുഹൂർത്തം കുറിച്ചുകൊണ്ട് വന്നു
“കുഞ്ഞേ അടുത്തമാസം പതിനേഴിനാണ്… തീയതി കുഴപ്പമില്ലല്ലോ…?”
നാണുപിള്ള പദ്മിനിയോട് ചോദിച്ചു
“ഒരു കുഴപ്പവുമില്ല… അല്ലേടാ…”
പദ്മിനി വിഷ്ണുവിനോട് ചോദിച്ചു
വിഷ്ണു വെറുതെ ഒന്നു ചിരിച്ചു,
ദേവിക തിരികെ പോകുന്നതിന് മുൻപേ വീട്ടിൽ വന്ന് പദ്മിനിയുടെ അനുഗ്രഹം വാങ്ങിയിരുന്നു
അന്ന് വൈകിട്ട് ദേവിക തിരികെ പോയി, പോകുന്നതിന് മുന്നേ പതിവില്ലാതെ ഒരവസരം കിട്ടിയപ്പോ അവൾ വിഷ്ണുവിനെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു,
“ടാ…ഉണ്ണി നിനക്ക് സമയം കിട്ടുമ്പോ വീട്ടിലേക്ക് വരണം… അടുക്കളയിലെ ലൈറ്റ് കത്തുന്നില്ല, നിനക്ക് എലെക്ട്രിക്കൽ പണിയൊക്കെ അറിയാവുന്നതല്ലേ…”
വിഷ്ണുവിനോട് ദീപ പറഞ്ഞു
“നോക്കട്ടെ ദീപേച്ചി നാളെ രാവിലെ വരാം.”
വിഷ്ണു പറഞ്ഞു
ദേവിക പോയതിൽ പിന്നേ എന്തോ ഒരു വിഷമം പോലെ വിഷ്ണുവിന് തോന്നി, ഇപ്പൊ സ്വന്തം ആയപ്പോ അവളെ പിരിയാൻ ഒരു വിഷമം, അവൻ സന്ധ്യക്ക് കവലയിൽ കുറച്ചുനേരം ഇരുന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദീപ പറഞ്ഞ കാര്യം ഓർമിച്ചത് അവൻ ദേവികയുടെ വീട്ടിലേക്ക് പോയി,