ആഴ്ചേലേതെങ്കിലും ഒരു ദിവസം രാത്രീലുപവാസാണെടാ… വ്രതമൊന്നുമല്ല. പഴയൊരു ശീലം. ഇന്നാവാന്നു നീരീച്ചു…
ബിയറെടുത്ത് ബാൽക്കണിയിൽ ചെന്നപ്പോൾ അതാ വിളി വരുന്നു. ഞാൻ ഇയർഫോണിന്റെ ബട്ടണമർത്തി. സോറി കിച്ചൂ… ക്ഷമയില്ലാതെപോയി… നിന്റെ കഥ കേൾക്കണം…
മുഴുവനുമിന്നു പറയാനൊക്കില്ല..
സാരല്ലടാ നിയ്യ് പറഞ്ഞോളൂ…
ഇത്തിരി നിമിഷങ്ങൾ നിശ്ശബ്ദനായി…ഞാനെവിടെ നിർത്തി? ആ ദിവസങ്ങളിലേക്ക് ഞാൻ മനപ്പൂർവ്വം മനസ്സു പറിച്ചു നട്ടു. പഴയ, ഭംഗിയുള്ള തറവാട്. രണ്ടു നിലകൾ. മണ്ണുറപ്പിച്ച മുറ്റം. തുളസിത്തറ. വശങ്ങളിൽ ചെമ്പരത്തി, പിച്ചി, റോസ… മുറ്റത്തു നിന്നും പടിയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾത്തന്നെ എന്റെ നേർക്കു തിരിയുന്ന വെറുപ്പിന്റെയലകൾ… ആരും ഒന്നും ചോദിക്കുന്നില്ല. തല കുനിച്ചു നടക്കുന്നവന്റെ പിടലി വേദന അവധി കഴിഞ്ഞിട്ടും ദിവസങ്ങൾ നീണ്ടു നിന്നിരുന്നു. കണ്ണുകൾ മാത്രമുയർത്തി ഭിത്തിയിലെ ചില്ലിട്ട ഛായാചിത്രത്തിലേക്കൊരു നോട്ടം. കോണി കയറുമ്പോൾ നിശ്ശബ്ദനായി അപേക്ഷിക്കുന്നു… എന്റെയച്ഛാ! എന്തിന് മരിച്ചു? എന്നെ ഈ വെറുപ്പിന്റെ കയത്തിലേക്ക് തള്ളിയിട്ടിട്ട്!
അമ്മയുടെ പേരുകേട്ട തറവാടായിരുന്നു, മീനാമ്മേ.. ഒരു തലമുറയിൽ പെണ്ണുങ്ങൾ മാത്രമായി. ഓരോരോ വസ്തുത്തർക്കങ്ങളിൽ അവരകപ്പെട്ടു. മെല്ലെ സ്ഥിതിഗതികൾ വഷളായി വരുമ്പോഴാണ് മൂത്ത പെണ്ണായ അമ്മ കല്ല്യാണം കഴിക്കുന്നത്. മുത്തശ്ശിയ്ക്ക് ഒരൊറ്റ കണ്ടീഷൻ. അച്ഛൻ അവിടെത്താമസിക്കണം. അങ്ങനെയാണ് ദേവനാരായണൻ അവിടത്തെ കാരണവരാവുന്നത്.
അച്ഛനെ എല്ലാവർക്കും വലിയ കാര്യമായിരുന്നു. രണ്ടു കുഞ്ഞമ്മമാരുടേയും കല്ല്യാണം അച്ഛൻ നടത്തിക്കൊടുത്തു. കേസുകളെല്ലാം ഒന്നാന്തരം വക്കിലന്മാരെ വെച്ച് ജയിപ്പിച്ചു. സ്വത്തുക്കൾ നന്നായി നോക്കി. പക്ഷേ അമ്മയ്ക്ക് രണ്ടു തവണ അബോർഷനായി…
കുറച്ചു ചികിത്സകളൊക്കെ കഴിഞ്ഞ് മൂന്നാമതും ഗർഭിണി ആയപ്പോൾ അച്ഛൻ മുൻകരുതലുകളെടുത്തു. അവസാനം ആശുപത്രിയിൽ ഒരാഴ്ച മുന്നേ പിറന്നു വീണ എന്നെക്കാണാൻ എസ്റ്റേറ്റിൽ നിന്നും മഴയത്ത് കാറോടിച്ചുവന്നപ്പോൾ വണ്ടി ആക്സിഡൻ്റായി അച്ഛൻ സ്പോട്ടിൽ മരിച്ചു.. അതോടെ കണ്ണുപോലും മിഴിയാത്ത എന്റെ കഷ്ടകാലവും തുടങ്ങി. കൊറച്ചു ജ്യോതിഷം ഒക്കെയറിയാവുന്ന മുത്തശ്ശി ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ചത് അച്ഛന്റെ കാലനായിട്ടാണെന്ന് വിധിയെഴുതി. എന്നെയാർക്കും കണ്ടൂടാതായി. അമ്മേടെ പാലുകുടിക്കണതു പോയിട്ട് അമ്മയാണ് ആ സ്ത്രീയെന്നു മനസ്സിലാക്കിയത് നാലു വയസ്സുള്ളപ്പോഴാണ്. അപ്പോ എന്റെയൊറ്റപ്പെടൽ മീനാമ്മയ്ക്കു മനസ്സിലാവുമല്ലോ…
ആ.. തരംഗങ്ങളിലൂടെ ചൂടുള്ള നിശ്വാസമെന്നെ പൊതിഞ്ഞു… കിച്ചൂ… നിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാടാ…ന്നാലും കുഞ്ഞമ്മമാരോ…അല്ലേല് അച്ഛന്റെ തറവാട്ടുകാരോ…. അവർക്ക് നിന്നോടൊള്ള ബന്ധം?
കുഞ്ഞമ്മമാര് അമ്മേം മുത്തശ്ശീം പെരുമാറണതിനേക്കാളും മോശമായാണ് എന്നെ ട്രീറ്റ് ചെയ്തത്.