സാൻഡ്വിച്ചുകളുമൊക്കെ നിരത്തിയ നിരത്തുവണ്ടി കണ്ടപ്പോൾ അങ്ങോട്ടു വിട്ടു.
ഒരു കട്ടൻ ചായ തട്ടി. ഉള്ളാകെ ചൂടു പടർന്നു. ഒരോംലെറ്റും അകത്താക്കി. ഹാവൂ! എത്ര നാളായി ചൂടുള്ള എന്തേലും കഴിച്ചിട്ട്! പുള്ളി സാൻഡ്വിച്ചുണ്ടാക്കുന്നതും നോക്കി വണ്ടിയുടെ തൂണിൽ ചാരി ബെഞ്ചിലിരുന്നു. കാലുകൾ നീട്ടിവെച്ചു. തളർച്ച തോന്നി, ഇത്തിരി ഉന്മേഷവും! തക്കാളിയും, കക്കരിയും, വേവിച്ച ഉരുളക്കിഴങ്ങും സ്ലൈസുചെയ്ത് ബ്രെഡ്ഢിൽ ധാരാളം വെണ്ണയും, പുതിനയും തേങ്ങയും മല്ലിയിലയും പച്ചമുളകും അരച്ച ചമ്മന്തിയും പെരട്ടി തീയിൽ ഗ്രില്ലു ചെയ്തെടുക്കുന്ന കൊതിപ്പിക്കുന്ന സാധനം നാലായി മുറിച്ച് പേപ്പർ പ്ലേറ്റിൽ തരുന്നു…. യം…
ഒരു സാൻഡ്വിച്ചും വാങ്ങി പിന്നെയും നടന്നു. കടൽത്തീരത്ത് ഓടുകൾ പാകിയ കാൽനടപ്പാതയിൽ ഒരു സിമന്റ് ബെഞ്ചിലിരുന്നു… ചുമ്മാ ക്ഷോഭിക്കുന്ന തിരമാലകളേയും നോക്കി… എന്തോ ടീച്ചറോട് സംസാരിച്ചു കഴിഞ്ഞ് മനസ്സിലെ തിരമാലകൾ ശാന്തമായിരുന്നു. ഈർപ്പമുള്ള കാറ്റും കൊണ്ടവിടിരിക്കാൻ ഒരു സുഖം തോന്നി.. ഒരു കഷണം രുചിയുള്ള സാൻഡ്വിച്ച് മെല്ലെ ആസ്വദിച്ചു ചവച്ചിറക്കി.
ഭയ്യാ… ശങ്കിച്ചുള്ള വിളി. ഒരേഴെട്ടു വയസ്സുള്ള പെൺകുട്ടി.. അവളുടെ പാവാടയും ബ്ലൗസും പിഞ്ഞിത്തുടങ്ങിയിരുന്നു. പിന്നിൽ കഷ്ട്ടി ഒരു നാലു വയസ്സ് മതിക്കുന്ന മൂക്കളയൊലിപ്പിക്കുന്ന ചെക്കൻ. അവളെന്റെ കയ്യിലിരുന്ന പൊതിയിലേക്ക് നോക്കി. നല്ല മണം… അവളുടെ മൂക്കുകൾ വിടർന്നു…
ഞാനവളെ നോക്കിച്ചിരിച്ചു. എന്നിട്ട് ബാക്കിയുള്ള മുക്കാൽ സാൻഡ്വിച്ച് അവൾക്കു നീട്ടി. ഇത്തിരി നാണം പുരണ്ട ഒരു ചിരി ആ മുഖത്തു വിടർന്നു. പിന്നെ ഭക്ഷണവും വാങ്ങി ഒന്നൂടെ ചിരിച്ചു കൊണ്ട് അവൾ ആ ചെറുക്കന്റെ കയ്യും പിടിച്ചു നടന്നകന്നു… ഒരു കഷണം അവളും, ഒരെണ്ണം അവനും കഴിക്കുന്നത് ഞാൻ കണ്ടു.
ഫോണിന്റെ സംഗീതം… ഞാനെടുത്ത് ചെവിയിലേക്കടുപ്പിച്ചു… വിചാരിച്ച ആളു തന്നെ… കുട്ടീ… ഇതെവിടെയാണ്? ഞാൻ കുറച്ചു മുൻപ് വിളിച്ചപ്പോഴെടുത്തില്ലല്ലോ!
അത്… മൊബൈല് പോക്കറ്റിലായിരുന്നു.
വെയിലിന്റെ നാളങ്ങൾ ഇടയ്ക്കു മിന്നിമറഞ്ഞിരുന്നത് ഇപ്പോൾ തീരെയില്ലാതായി… ഒപ്പം എന്റെ മൂഡും പെട്ടെന്നു താണു… പിന്നീടൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
കുട്ടീ… ഇപ്പോൾ ആ സ്വരത്തിൽ വേവലാതി…ഹലോ….. ഹലോ….
ഞാൻ… ഞാൻ… സ്വരം വിങ്ങലുകളായി വെളിയിൽ വന്നു..
കുട്ടിയെവിടെയാണ്? എന്തോ ശബ്ദം കേൾക്കാമല്ലോ.
കടൽത്തീരത്ത്. ബെഞ്ചിലിരിക്കുന്നു. എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
വീട്ടിൽ നിന്നിറങ്ങിയല്ലോ! നല്ല കാര്യം. ഞാൻ പറയുന്നത് പോലെ ചെയ്യാമോ? ശാന്തമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത സ്വരം.
സാധാരണ ഗതിയിൽ ദേഷ്യമോ, അസ്വസ്ഥതയോ വരണ്ടതാണ്. എന്നാലും വികാരങ്ങൾ തണുത്തു മരവിച്ച, ഇരുളിലേക്കാഴാൻ വെമ്പുന്ന മനസ്സിന് ഒന്നിനും കഴിഞ്ഞില്ല. ഉം…ഞാൻ മുനങ്ങി.