എന്തോ എനിക്കങ്ങനെ തോന്നി. ഞാൻ പറഞ്ഞു.
സത്യാണ്. കുട്ടീടെ സ്വരത്തില് ഒരു മേനി പറച്ചിലോ, വിടുവായത്തരമോ ഒന്നും കണ്ടില്ല. ഉദ്ദേശിച്ച് പറഞ്ഞതാണെന്നു മനസ്സിലായി. അപ്പോ കൊറച്ചു പതറിപ്പോയി…
ടീച്ചറേ! ഞാൻ പറഞ്ഞില്ലേ…. ഏതോ ക്രോസ് കണക്ഷനിൽ നമ്മൾ മുട്ടിയതല്ലേ? ഇത്രേം സീരിയസ്സാവണ്ടന്നേ. ഇപ്പോഴേ സാമാന്യം ചീത്തപ്പേരുണ്ട്. ഇനി ടീച്ചറെ വെഷമിപ്പിച്ചൂ എന്നൊരെണ്ണം കൂടി താങ്ങാൻ വയ്യ..
ഉം..സത്യം പറഞ്ഞാൽ ഇനി അങ്ങോട്ട്…എനിക്കറിയില്ല കുട്ടീ… തരംഗങ്ങളിലൂടെ ഒരു ദീർഘ നിശ്വാസം പടർന്നു.. പിന്നെ നിശ്ശബ്ദത.. ഞാനിത്തിരി ചെവിയോർത്തു… ഇല്ല, അവിടെ നിന്നും വാക്കുകളൊന്നുമില്ല.
ശരി ടീച്ചർ. ഞാൻ വെയ്ക്കുകയാണേ. ഫോൺ കട്ടുചെയ്തിട്ട് ഞാനൊന്നൂടെ മൂരി നിവർന്നു. എണീറ്റ് ചുറ്റിലും നോക്കി. ആകെ അലങ്കോലപ്പെട്ട് കെടക്കുന്നു. സത്യത്തിൽ ആ ഒരു ബോധം കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളായി തീരെ ഇല്ല തന്നെ. വെറുതേ വാഷ്ബേസിന്റെ മോളിലെ കണ്ണാടിയിൽ നോക്കി… മൊത്തം പൊടിപിടിച്ചു കിടക്കുന്നു.. കൈ കൊണ്ടു തൂത്തു. ഏതോ ചിമ്പാൻസി തിരിച്ചു നോക്കുന്നു… ഇളിച്ചു കാട്ടിയപ്പോൾ മഞ്ഞനിറമുള്ള പല്ലുകൾ… മൊത്തം അഴുക്കു പിടിച്ച്.. താടീം മുടീമാകെ ജട പിടിച്ചിരിക്കുന്നു. കുളിമുറിയിൽ കയറി… കക്കൂസാകെ വൃത്തികേട്. അടുത്തു കണ്ട ഹാർപ്പിക്കു തുറന്ന് മൊത്തം കമോഡിൽ കമഴ്ത്തി. വെളിയിലിറങ്ങി വാഷ് ബേസിനിൽ പെടുത്തു. പൊടിപിടിച്ച ബ്രഷെടുത്തു വെള്ളം തൊട്ട് ട്യൂബിൽ എങ്ങിനെയോ ബാക്കിവന്ന പേസ്റ്റു പിടിപ്പിച്ച് പല്ലു തേച്ചു. ഓക്കാനം വന്നു. കാര്യമായി ഛർദ്ദിച്ചു… വെറും വെള്ളം മാത്രം. പോയി ഷവറിന്റെ ചോട്ടിൽ നിന്നു. ഇറങ്ങി തലതോർത്തി കബോർഡിൽ നിന്നും ഒരു ടീഷർട്ടും ഷോർട്ട്സുമെടുത്തിട്ടു… ഇവിടെ നിക്കാൻ വയ്യ. വാതിൽ തുറന്ന് എതിരേയുള്ള പർവീണാന്റീടെ കോളിങ് ബെല്ലമർത്തി.
കോൻ ഹേ! ആന്റിക്ക് പാതി കണ്ണുകാണാൻ വയ്യ. തൊണ്ണൂറാവുന്നു. പാഴ്സിണിയാണ്!
കിച്ചുവാണ്… അരുണാ ദീദിയുണ്ടോ?
ഭാഗ്യത്തിന് ദീദി വന്നു. ആന്റീടെ വീട്ടിലെ എല്ലാമാണ്. എന്നാലും പൈസ കൊടുത്താൽ വീടു തൂത്തു തുടച്ചു തരും.
ദീദി ഫ്ലാറ്റു കണ്ടു മൂക്കിൽ കൈവെച്ചു. ക്യാ രേ ഏ സബ്? ഞാൻ രണ്ടായിരത്തിന്റെ രണ്ടു നോട്ടു നീട്ടി. ഒന്നു നടക്കാൻ പോണു. തിരിഞ്ഞു നടന്നു.
ചാവി മേം രഘ്ത്തീ ഹൂം… ദീദി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു..
വെറുതേ നടന്നു. മഴക്കോളുണ്ട്. വാച്ചു നോക്കി. ഓ… പത്തരയായിട്ടേ ഉള്ളൂ. വെയിൽ അങ്ങിങ്ങായി എത്തി നോക്കുന്നു. ആകപ്പാടെ മൂടിക്കെട്ടൽ… കടലിന്റെയിരമ്പം കേട്ടു തുടങ്ങി. പെട്ടെന്ന് വിശപ്പു ബാധിച്ചു. അതെങ്ങനാ! വല്ല സ്വിഗ്ഗിയോ, പിസ്സായോ അങ്ങനെയെന്തേലും ബോധമുള്ളപ്പോൾ ഓർഡർ ചെയ്യുക, നേരെ ഫ്രിഡ്ജിലേക്കു തള്ളുക, വയറു നന്നായി കായുമ്പോൾ… കായാതിരിക്കുമ്പോഴും… വെള്ളമടിക്കുക… കുഴഞ്ഞുവീഴാറാവുമ്പോൾ മാത്രം ഫ്രിഡ്ജു തുറന്ന് തണുത്തു മരവിച്ചതെന്തേലും അണ്ണാക്കിലേക്ക് കേറ്റുക… ഇതാണ് പതിവ്… ഈയിടെയായി..
ഇഞ്ചിച്ചായയും, ഓംലെറ്റും, നല്ല മുംബൈ സ്റ്റൈൽ ഗ്രില്ലു ചെയ്ത