നമ്പറിൽ നോക്കി. “തിരുനാവായ”… നാട്ടില് വടക്കെവിടെയെങ്ങാണ്ടാണ്… പഴയൊരു കഥ മനസ്സിൽ തികട്ടി.
മാമാങ്കം നടന്ന ഇടമാണോ? അപ്പുറത്ത് ശ്വാസമെടുക്കുന്ന ശബ്ദം! അതേ…
ഞാനിത്തിരിക്കൂടി ഒന്നിളകി സ്വസ്ഥമായി കിടന്നു. അപ്പോൾ ടീച്ചറെന്തിനാ വിളിച്ചേ!
ഹഹഹ…. നേർത്ത അലകൾ പോലുള്ള കുണുങ്ങിച്ചിരി… ദാപ്പോണ്ടായേ! കുട്ട്യല്ലേ ന്നെ വിളിച്ചത്!
ഇവരോടെന്നല്ല, ഏതെങ്കിലും പെണ്ണിനോടു വാദിച്ചു ജയിക്കാൻ പറ്റുമോ? ഓ… ഒന്നുമില്ല ടീച്ചർ. അവനോടൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.
എന്താണ്, സ്വകാര്യാ? ന്നോട് പറയാൻ പറ്റ്വോ?
ഞാനൊരു നിമിഷം എന്തു പറയണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലകപ്പെട്ടു. സ്വകാര്യമൊന്നുമല്ല ടീച്ചറേ! അവന്റെ അക്കൗണ്ടിലേക്ക് നാളെ കൊറച്ചു കാശു വരുമെന്നു പറയാനാണ്. കൊടുക്കാനുള്ളതാണ്… അതാ…
അതിനൊരു വാട്ട്സാപ്പു മെസേജ് വിട്ടാപ്പോരേ! അവരുടെ ചിരി…
ഞാനീ വാട്ട്സാപ്പും, ഫേസ്ബുക്കും, കണകൊണയുമെല്ലാമങ്ങ് ഡിലീറ്റു ചെയ്തു. മതിയായി. ഞാനൊന്നു മൂരി നിവർന്നു.
അതു ശരി! അപ്പോ കുട്ടി ജീവിക്കാൻ തീരുമാനിച്ചു, അല്ലേ! ആ വട്ടുപിടിപ്പിക്കുന്ന ചിരി വീണ്ടും!
ജീവിക്കാനല്ല. മരിച്ചാലോ എന്നാണാലോചന. ഞാൻ സിംപിളായി ഒള്ള കാര്യമങ്ങ് പറഞ്ഞു.
അപ്രത്ത് ഒരു നിമിഷം നിശ്ശബ്ദത.
ഒരു നിമിഷം കുറച്ചു നിമിഷങ്ങളിലേക്കു കൂടി പടർന്നു. കുട്ടീ…സ്വരം ഇത്തിരി താണിരുന്നു. മരിക്കാൻ പോണവർ അങ്ങനെ പരസ്യമായി പറയാറില്ല, ട്ടോ!
ഞാൻ പറയാനുദ്ദേശിച്ചതല്ല. ടീച്ചർ ചോദിച്ചതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ…
അപ്പോ എന്നാണ്, വിടപറയുന്നത്? കളിമട്ടിലുള്ള ചോദ്യം!
അതറിഞ്ഞൂടാ ടീച്ചറേ. ഞാൻ പോയിക്കഴിഞ്ഞാൽ പിന്നാരുടേം മുഖത്തു നോക്കണ്ടല്ലോ. ഓരോരുത്തരുടേം കുത്തുവാക്കുകളു കേട്ടു വിഷമിക്കണ്ടല്ലോ… എന്തെങ്കിലും ആർക്കെങ്കിലും കൊടുക്കാനുണ്ടോ എന്നാണിപ്പോ ആലോചന.
ഇവിടെ അടുത്തുള്ള ഇബ്രാഹിം രണ്ടു വർഷം മുമ്പ് ഹജ്ജിന് പോവണേനു മുമ്പ് അയലത്തെല്ലാം പോയി ക്ഷമ പറഞ്ഞിരുന്നു. സാമാന്യം നല്ലൊരൊന്നാന്തരം പിശുക്കനാണുട്ടോ. എനിക്കും എണ്ണായിരം തരാനുണ്ടായിരുന്നു. ഏതായാലും അങ്ങേരെല്ലാം കൊടുത്തു വീട്ടീട്ടാണ് പോയത്. ഇനി അങ്ങനത്തെ വല്ല നേർച്ചയുമാണോ?
ആ സ്വരത്തിലെന്തോ സ്വാഭാവികത തോന്നിയില്ല. ടീച്ചർ അപ്സെറ്റാവണ്ട കാര്യമില്ല. തമ്മിൽ അധികം പരിചയമൊന്നുമില്ലല്ലോ. ഇടയ്ക്ക് ഒരു മാസം കൊറച്ചു ഡിപ്രഷനിലായിപ്പോയി. ഇപ്പം എല്ലാം ക്ലിയറാണ്. ഇനിയൊന്നും ചെയ്യാനില്ലെന്ന് അങ്ങുറപ്പായാല് ഗുഡ്ബൈ പറയാന്നു വിചാരിച്ചു… ഓക്കേ ടീച്ചറേ? എന്താണെന്നറിയില്ല ഞാനറിയാതെ മന്ദഹസിച്ചു പോയി… എത്ര നാളായി!
കുട്ടീ! ആ സ്വരം സീരിയസ്സായി. ഞാനപ്സെറ്റായെന്ന് എങ്ങിനെ മനസ്സിലായി? ആ സ്വരത്തിൽ നേരിയ ആകാംക്ഷ.