“വേണ്ട, ഞാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല. എല്ലാം ദാസേട്ടൻ തന്നെയാണ് ചെയ്തത്. അത് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആരോടെങ്കിലും മനസ്സ് തുറന്നു മലയാളത്തിൽ സംസാരിച്ചിട്ടു കുറെ നാളായി. ദാസേട്ടൻ്റെ കമ്പനി തന്നെയാണ് എൻ്റെ പ്രതിഫലം”
“രേണു നീ ഇങ്ങനെ എല്ലാർക്കും ഡിസ്കൗണ്ട് കൊടുത്താൽ ഇവിടെയും മറ്റുള്ളവർക്കും ഉള്ള കാശ് എങ്ങനെ കൊടുക്കും ?.”
“ഹ ഹ…. ദാസേട്ടാ ഈ ഓണം കേറാ മൂലയിൽ താമസിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം അറിയാമോ. അവരിൽ കുറച്ചു പേരെങ്കിലും എന്നെ കാണാൻ സ്ഥിരമായി വരും. അല്ലെങ്കിൽ എന്നെ വിളിപ്പിക്കും. ഇവന്മാർക്ക് ഹഫ്ത കൊടുക്കാനുള്ള കാശെല്ലാം അവര് 2,3 പേരുടെ കൈയിൽ നിന്ന് തന്നെ കിട്ടും. പിന്നെ ഈ കാമാട്ടിപ്പുര നടത്തുന്നത് നല്ല ആളുകളാ. പലപ്പോഴും അവര് ഈ പെണ്ണുങ്ങളെ കാണാൻ വാങ്ങുന്ന പൈസ ഞങ്ങൾക്ക് തന്നെ തിരിച്ച് തരും. ഇതിൻ്റെ ഉടമസ്ഥർക്ക് ഇപ്പൊ ഈ സ്ഥാപനത്തിൻ്റെ ആവശ്യം ഇല്ല. അവർ വലിയ വലിയ ബിസിനെസ്സ് കളിലേക്ക് മാറി പോയി. വേറെ വഴിയില്ലാതെ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾക്ക് വേണ്ടിയാണ് അവരിപ്പോ ഇത് അടക്കാതെ ഇട്ടേക്കുന്നത്. പിന്നെ ബൈരോണിനെ പിണക്കാതിരിക്കാൻ ഹംസ പറയുന്ന പോലെ സ്ഥാപനം നടത്തുന്നു എന്നെ ഉള്ളൂ. ഹംസ ക്ക് പോലും ഞങ്ങളുടെ പണം ഒന്നും അല്ല. അത് ഞങ്ങളുടെ മേൽ ഉള്ള നിയന്ത്രണത്തിൻ്റെ ഒരു ചിഹ്നം ആയി മാത്രമേ അവര് കാണുന്നുള്ളൂ. ഇത്രയും നാളായി ദാസേട്ടൻ ഇവിടെ ജീവിക്കുന്നു, എന്താണ് ഹംസയുടെ ബിസിനെസ്സ് എന്ന് പറയാമോ?”
ദാസൻ ചിന്തിച്ചു. “മയക്കുമരുന്ന്?”
“അതും ഉണ്ട് ,പക്ഷെ മെയിൻ ബിസിനെസ്സ് ആയുധകള്ളക്കടത്ത് ആണ്.”
ദാസൻ ഞെട്ടി. രേണു തുടർന്നു, “ആയുധങ്ങൾ റഷ്യ,സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇമ്പോർട് ചെയ്തത് അഫ്രിക്കയിലേക്ക് കയറ്റി വിടും. കൂടെ ഇവിടെ ഉണ്ടാക്കുന്നതും. പണം ശത കോടിക്കണക്കിന് ഉണ്ട്. അതിൻ്റെ ചായവിൽ ആണ് മറ്റ് ബിസിനെസ്സ് കൾ ഇവിടെ വളർന്നത്. അതിൽ ഇപ്പൊ നേരെ ചൊവ്വേ ഒള്ള ബിസിനെസ്സ് കളും ഉണ്ട് . ദാസേട്ടൻ്റെ വീടിൻ്റെ താഴെ തുടങ്ങാൻ പോകുന്നത് ഇതുപോലെ ആയുധം സൂക്ഷിക്കാനുള്ള ഒരു സ്ഥലം ആണ്. പുറമേ പലചരക്ക് കട വല്ലതും ആകും.”