അയാളെഴുന്നേറ്റൂ…….
“നന്നായിട്ട് ആലോചിച്ച് തീരുമാനിക്കൂ.”
എന്റെ ഹൃദയ വേദന താൻ
മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് ഞാൻ
വിശ്വസിക്കുന്നു…
പോകനാഞ്ഞ അയാൾ ഒന്ന് നിന്നിട്ട്
സിദ്ധാർത്ഥനോട് അവസാനമായി പറഞ്ഞു,
“താനൊരു നിഷ്കളങ്കനായ പാവം
ചെറുപ്പക്കാരനാണ്.. ഒരു പക്ഷേ തനിക്ക് ഇത്
ചെയ്യാനുള്ള ധൈര്യം ഇല്ലായിരിക്കും… പക്ഷേ
താൻ എന്നോട് ഇത്രയും നേരം സംസാരിച്ച് എന്റെ
ദു:ഖത്തിൽ പങ്കാളിയായില്ലേ എനിക്ക് അത് മതി,
നന്ദിയുണ്ട്… തന്നെ ദൈവം അനുഗ്രഹിക്കട്ടെ”
രണ്ട് ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ്
താനതിനെക്കുറിച്ച് വീണ്ടും വീണ്ടും
ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് സിദ്ധാർത്ഥന് മനസ്സിലാക്കാൻ സാധിച്ചില്ല…
ഇരുപത് ലക്ഷം രൂപ തന്നെ സംബന്ധിച്ചടത്തോളം അത്ര വലിയ ഒരു തുകയല്ല.. പിന്നെ എന്താണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നത്…?
ഒരു നേരം പോക്കിന് വേണ്ടി
ഒരാളുടെ ജീവനെടുക്കണോ..? അതും ഒരു
പരിചയവുമില്ലാത്ത ഒരുവന്റെ..? അയാൾ പറഞ്ഞത് ശരിയാണ്, ഒരു ബന്ധവുമില്ലാത്ത ഒരാൾ കൃത്യം ചെയ്യുമ്പോൾ പിടിക്കപ്പെടില്ല.. ശവം പോലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നല്ലേ പറഞ്ഞത്
പക്ഷേ തന്നെക്കൊണ്ടതിന് സാധിക്കുമോ…?
ഇത്രയും നാൾ അച്ഛന്റെ തണലിൽ
കഴിഞ്ഞതല്ലാതെ സ്വന്തമായി ഒന്നും ചെയ്തിട്ടില്ല…
എന്തായാലും എത്രത്തോളം പോകുമെന്ന്
നോക്കാം.. വേണ്ടെങ്കിൽ ഇടക്ക് വെച്ച്
നിർത്താമല്ലോ….
പമ്പ് ഹൗസ് സിദ്ധാർത്ഥന്റെ
മനസ്സിലുള്ളതിനേക്കാൾ വലുതായിരുന്നു…
ചുറ്റും കുറച്ച് മരങ്ങളും പുറകിൽ ഉണങ്ങിയ
വയലും. അയാൾ കണ്ടു പിടിച്ച സ്ഥലം കൊള്ളാം,
അവൻ കരുതി.. ആരും അവിടെങ്ങുമുണ്ടാവാൻ
സാധ്യതയില്ല.. എന്നാലും കാർ എടുക്കാത്തത്
നന്നായി. ആരെങ്കിലും ദൂരെ നിന്ന് നോക്കിയാലും
ബൈക്ക് പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ…
അയാൾ പറഞ്ഞ ഇളകി ഇരുന്നിരുന്ന ഇഷ്ടിക കണ്ടുപിടിക്കാൻ സിദ്ധാർത്ഥന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല… അതിന് പിന്നിൽ മടക്കി വെച്ചിരിക്കുകയായിരുന്നു, കടലാസ്…