രാവിലെ ഞാൻ കുളിക്കാൻ പോകുമ്പോഴുണ്ട് രേണു കുളിയൊക്കെ കഴിഞ്ഞ് അടുക്കളയുടെ പുറകു വശത്തുള്ള തിണ്ടിൽ നിന്ന് മുടി ചിക്കുന്നു.
“തട്ടും പുറത്ത്ന്ന് ആ ഉരുളി ഒന്നു എടുത്തു താ കണ്ണാ”
“എന്തിനാ രേണു ആ വലിയ ഉരുളി”?
“ആവശ്യമുണ്ട് കണ്ണാ. എടുത്തു താ”
ഞാൻ തട്ടിൻ പുറത്തു കയറി. പഴയ ഓട്ടു പാത്രങ്ങളും കുത്തുവിളക്കും നിലവിളക്കുകളും പൂജാ പാത്രങ്ങളും ഒക്കെ ചിതറി കിടക്കുന്നു. ഒരു മൂലയിലുണ്ട് രേണു ആവശ്യപ്പെട്ട ആ വലിയ ഉരുളി. ഇതില് രണ്ടാൾക്ക് ഇരുന്നു വെള്ളത്തിൽ തുഴഞ്ഞു പോകാം. എന്തിനാണാവോ രേണുവിന് ഇത്. ഉള്ളിലുള്ള ചെറിയ കുറേ സാധനങ്ങൾ എടുത്ത് പുറത്തിട്ട് ഞാനതു തലയിൽ കമഴ്ത്തി എങ്ങനെ ഒക്കെയോ താഴെ ഇറക്കി.
കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സൊക്കെ മാറ്റി ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുകയാണ്. രേണു എന്നെ തന്നെ നോക്കി കട്ടിലിൽ ഇരിക്കുന്നുണ്ട്.
“ഇപ്പൊ കണ്ടാൽ ഞാനൊരു സുന്ദരനല്ലേ രേണു”?
“ആ എനിക്കറിഞ്ഞൂടാ. പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല കണ്ണാ”
“അപ്പോ സുന്ദരൻ തന്നെ”
ഞാൻ ഡോക്യൂമെന്റസ് എടുത്തു രേണുവിന്റ അടുത്ത് ചെന്നു.
“ഇന്നിപ്പോ രേണു വരേണ്ട കാര്യമില്ലല്ലോ”
“എന്നാ പോയിട്ട് വാ കണ്ണാ”
ഞാൻ രേണുവിനെ കട്ടിലിൽ നിന്നും കോരിയെടുത്തു.
“വരേണ്ട കാര്യമൊന്നുമില്ല. പക്ഷെ കൂടെ വരുവാണേൽ എനിക്ക് സന്തോഷാവും രേണു ”
” ഓൾ യു നീഡ് ഈസ് ലൗവ്”
രേണു ചുണ്ടിൽ ഒരുമ്മ തന്നു ചെവിയിൽ മന്ത്രിച്ചു.
വയനാട്ടിലെ ഒരു വലിയ ടൗൺ ആണ് സുൽത്താൻ ബത്തേരി. നഗരസഭയും താലൂക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും എല്ലാം അവിടെയാണ്.