കുറച്ച് നേരം കൂടി ഇരുന്ന് ചായ ഒക്കെ കുടിച്ച് ഞങ്ങൾ ഇറങ്ങി.
സർപ്പകാവിന്റെ അവിടെ എത്തിയപ്പോ രേണു നടത്തം നിർത്തി എൻ്റെ നേരെ തിരിഞ്ഞു നിന്നു.
“എന്താ രേണു ? പാമ്പിനെയെങ്ങാനും കണ്ടോ”?
ഞാൻ ചുറ്റും നോക്കി.
“നീ എന്നെ ഒറ്റക്കാക്കി പോകില്ലേ”?
“അതെന്തേ ഇപ്പോ അങ്ങനെ തോന്നാൻ”?
“നീ ഇറ്റലിയിൽ പോകാനിരിക്കുവല്ലേ”?
അതാണ് കാര്യം. രേണുവിന് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. അതാണ് ഇങ്ങനെ ഒറ്റക്കായി പോവുമോ എന്നുള്ള പേടി. ഒരുപാട് പ്രാവശ്യം റീ അഷ്വർ ചെയ്തിട്ടും ഇത് തന്നെയാണല്ലോ അവസ്ഥ. മനസ്സിൻ്റെ ഉള്ളിലുള്ള പേടിയാണത്. ഇനിയിപ്പോ എന്ത് പറഞ്ഞിട്ടാ ഞാൻ ആശ്വസിപ്പിക്കുന്നത്.
” അതേ മിനിഞ്ഞാന്ന് സത്യം ചെയ്തത് ഓർമ്മണ്ടോ അമ്മ കുട്ടിക്ക്? അത് തന്നെയാ ഞാൻ ഇപ്പോഴും പറയുന്നേ. ഞാൻ എങ്ങാനും ദ്വാരകക്ക് പോവാണേൽ രേണുവിനേം കൊണ്ടു പോകും. പോരേ അമ്മക്കുട്ട്യേ”?
രേണു ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്.
“നോക്ക് രേണു, ഞാൻ രേണുവിന്റെ അത്ര ഇന്റലിജന്റ് അല്ലല്ലോ. ഇറ്റ് ടേക്സ് മി എ വൈൽ ടു അണ്ടർസ്റ്റാൻഡ് തിങ്സ്. എനിക്ക് സമയം ഉള്ളത് കൊണ്ട് ഞാൻ രേണുവിനെ അറിയാൻ നോക്കും. എന്താ ഈ പേടിയുടെ കാരണന്നറിയണമല്ലോ”
“അറിഞ്ഞു കഴിഞ്ഞാൽ നീ ഏന്തു ചെയ്യും കണ്ണാ”?
“ഞാൻ അത് ഇല്ലാതാക്കാൻ നോക്കും. പേടിയുടെ കാരണമെന്താന്നറിയാതെ പേടി ഇല്ലാതാക്കാൻ പറ്റില്ലല്ലോ രേണു”
“പേടിയുടെ കാരണമെന്താന്ന് എനിക്കും അറിഞ്ഞൂടാ കണ്ണാ. ഒറ്റക്കായി പോയാലോ എന്നൊരു പേടി എപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഉണ്ട്”