“കോളേജിലെ ഒരു ആവശ്യത്തിന് പോയതാ. ചെറിയ ഒരു പ്രൊജക്റ്റ്”
“ഉം..”
വർഗീസ് ചേട്ടൻ അകത്തോട്ടു പോയ രേണുവിനെ തിരയുകയാണ്. കണ്ണ് ശരിക്ക്
പിടിക്കുന്നുണ്ടാവില്ല.
“പിന്നെ മോനേ നിൻ്റെ വീഡിയോ ഒക്കെ ഞങ്ങള് കാണാറുണ്ട്. വയസായതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ. എന്തേലും വായിക്കാന്നു വെച്ചാൽ കണ്ണും പിടിക്കുന്നില്ല. ഞാൻ പിന്നെ കൊച്ചു മക്കൾക്ക് ഒക്കെ അയച്ചുകൊടുക്കും.അവര് നിന്റെ വല്യ ആരാധകരാ. മുഖം മറച്ചായതു കൊണ്ട് ആളാരാന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നേയുള്ളൂ”
ഞാനൊന്നു ചിരിച്ചു കാണിച്ചു. അല്ലാതെ എന്തു പറയാനാണ്.
“കൃഷി എങ്ങനെണ്ട് വർഗീസേട്ടാ”?
രേണു കയ്യിൽ ഒരു കാസറോളുമായി വന്നു വാതിൽക്കൽ നിന്നു.
“വരൾച്ചയാ മോളേ.വേനൽ മഴ പെയ്താ മതിയായിരുന്നു. ഇപ്പൊ തന്നെ കാട്ടിലുള്ളവരൊക്ക നാട്ടിലെത്തി. വാകേരിയിലെ ഉസ്മാന്റെ വാഴത്തോട്ടം ഒരു കൊമ്പൻ മിനിഞ്ഞാന്ന് വന്നു കുത്തി നിരത്തിയിട്ടു പോയി”
“അയ്യോ കഷ്ടായല്ലോ”
“ഇവിടുത്തെ കാര്യോം കണക്കാ. പഴയതൊന്നും അങ്ങ് ശരിയാവാത്തോണ്ട് ഞാനിപ്പോ പുതിയ രീതി നോക്കുവാ. കൃഷിവകുപ്പിലെ ജയകൃഷ്ണൻ പറഞ്ഞതാ. നല്ല വില കിട്ടുന്നത് മാത്രം കൃഷി ചെയ്യുക. അതും പെട്ടെന്ന് വിളവെടുക്കാൻ പറ്റുന്നത്. പഴയപോലെ വെച്ചോണ്ടിരുന്നാൽ വേറെ പലരും വന്ന് വയറ്റിലാക്കും.
ഇപ്പൊ മാർക്കറ്റ് നോക്കി വില കിട്ടുന്നത് മാത്രേ കൃഷിചെയ്യുന്നുള്ളൂ. കഴിഞ്ഞ വർഷം തന്നെ മുന്നൂറ്റമ്പത് കിലോ കൂവ പൊടിയാ വിറ്റത്. നേരിട്ട് ഫാം പ്രോഡക്ടസ് എന്ന പേരിൽ അജ്മലിന്റെ കൊറിയർ സർവീസ് വഴിയാ ഇടപാട്. ഇപ്രാവശ്യവും പടിഞ്ഞാറുള്ള പറമ്പിൽ കൂവയാ. വേനൽ മഴ പെയ്യുവാണേൽ നല്ലതായിരിക്കും”