“മ്…… ” ഗീതു ചുറ്റിലും നോക്കി മെല്ലെ മൂളി.
“കണ്ടോ … കുട്ടികളെ ഇത് വല്ലാണ്ട് ആകർഷിക്കും. ആ വാതിലനടുത്ത് എത്തുംവരെ അവർ ഈ മിന്നാമിനുങ്ങുകളെ തേടി പോകും. ”
ദൂരെ കണ്ട ആ വാതിൽ ചൂണ്ടി ദൃർഗ്ഗ പറഞ്ഞു. ഇരുട്ടിലും തിളങ്ങുന്ന ദൂർഗ്ഗയുടെ കണ്ണുകൾ മറ്റൊരു മിന്നാമിന്നി പോലെ തോന്നിച്ചു.
“പക്ഷെ രസമെന്താണെന്നറിയോ…? നമ്മളെത്ര അടുത്ത് ചെന്നാലും ഈ മിന്നാമിനുങ്ങിനെ കിട്ടൂല്ല. അവസാനം ഇതെല്ലാം കുഞ്ഞു ബൾബുകളാണെന്ന് തിരിച്ചറിഞ്ഞാൽ പോലും നമ്മുക്കവയെ കണ്ടെത്താനാവില്ല. ബൾബുകൾ കാണണമെങ്കിൽ അവയെല്ലാം ഒരുമിച്ച് തെളിയണം. ”
“നീ ഇതെന്തൊക്കെയാ ദുർഗ്ഗേ ഈ പറയുന്നെ ?” ദുർഗ്ഗയുടെ വർത്തമാനം കേട്ട് തെല്ലൊന്ന് ഭയന്ന ഗീതു ചോദിച്ചു.
“ഒന്നൂല്ല. ഞാനീ വീടിന്റെ പ്രത്യേകത പറയുവായിരുന്നു. ” പെട്ടെന്ന് സ്വരവ്യത്യാസം വരുത്തി ചെറുപുഞ്ചിരിയോടെ ദുർഗ്ഗ പറഞ്ഞു.
“ശരിയാ. വല്ലാത്തൊരു വീട് തന്നെ പുറത്ത് ന്ന് വേറൊരു രൂപം അകത്ത് ന്ന് മറ്റൊന്നും .ഗോവിന്ദേട്ടൻ പറഞ്ഞത് ശരിയാ….”
“ഏട്ടൻ എന്താ പറഞ്ഞേ…..?” ദുർഗ്ഗ വളരെ ആകാംഷയോടെ ചോദിച്ചു.
“അല്ലാ ഈ വീടിനൊരു ബ്രിട്ടീഷ് ടച്ചെന്ന് …. സാധാ ഇല്ലം പോലെ അല്ലെന്നാ ഗോവിന്ദേട്ടൻ പറഞ്ഞത്. ”
അത് കേട്ട് ദുർഗ്ഗ ഉറക്കെ ചിരിച്ചു… അവളുടെ ചിരി കാണാൻ വല്ലാത്തെരു ഭംഗിയുണ്ടായിരുന്നെങ്കിലും അതിന്റെ പ്രതിധ്വനി ഗീതുവിനെ ഒന്ന് ഭയപ്പെടുത്തി. ചുവരുകളിൽ തട്ടി ആ സ്വരം പത്ത് മടങ്ങായി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
“എന്താ ദുർഗ്ഗ ചിരിച്ചത്…?”
“ഒന്നൂല്ല…വേറൊന്തൊക്കെ പറഞ്ഞ് തന്നിട്ടുണ്ട് ഏട്ടൻ ഈ വീടിനെപ്പറ്റി ഈ സുന്ദരി കുട്ടിക്ക് …? ”
“ഏയ് അധികമൊന്നും പറഞ്ഞിട്ടില്ല….ഇങ്ങനെ ഓരോന്ന്…”
അത് കേട്ട് ദുർഗ്ഗ മെല്ലെ ചിരിച്ചു പിൻവാങ്ങി.
അവർ വാതിലിനരികെ എത്തി. ഇപ്പോൾ മിന്നാമിനുങ്ങുകൾ ദൂരെ പിറകിലാണ്. അന്ന് രാത്രിയുണ്ടായ അനുഭവങ്ങളൊന്നും കാണാത്തത് ഗീതുവിനെ തെല്ലമ്പരപ്പിച്ചു. വാതിലിനു മുകളിലെ ചുവന്ന പ്രകാശവുമില്ല.
കയ്യിലുണ്ടായിരുന്ന തുണി വച്ച് ദുർഗ്ഗ ആ വാതിലിലെ പൊടി തുടച്ചു. വാതിലിൽ രചിച്ചിരുന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു. ഒപ്പം ആ വാതിലിന്റെ താഴും . പത്തിവിടർത്തിയ ആ പാമ്പിന്റെ ഫണം കണ്ട് ദുർഗ്ഗയുടെ കണ്ണ് തിളങ്ങി. ആ ഫണത്തിൽ തൂങ്ങി നിന്ന മൃഗങ്ങളുടെ തലയാൽ തീർത്ത താഴിന്റെ രൂപം ഗീതുവിനെ വാടക വീട്ടിലെ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു.