ശർമ്മി പറഞ്ഞ് മുഴുവിക്കും മുന്നേ മറ്റൊരാളത് ഇംഗ്ലീഷിൽ മുഴുവിപ്പിച്ചു.
“ലൈക്ക് ബ്ലീഡിങ് ഫ്രം ഇൻസൈഡ്, റൈറ്റ് ?”
ബ്രിട്ടീഷ് ആക്സന്റിൽ പുറത്ത് വന്ന മുരടിച്ച ആ സ്ത്രീ ശബ്ദം കേട്ടതും പേടിച്ച് ഞെട്ടി അവർ പുറകിലേക്ക് നോക്കി. പുറത്ത് വന്ന നിലവിളി ശർമ്മികടിച്ചമർത്തി. ഒപ്പം ആവണീ ടെയും വാ പൊത്തി. ഭാമ ഷോക്കിലായിരുന്നു.
കാരണം ആ ശബ്ദത്തിന് രൂപമില്ലായിരുന്നു.
ആരാണ് ഇത്തരത്തിൽ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഭയം ഉള്ളിൽ കുമിഞ്ഞ് കൂടുന്നത് ഭാമ തിരിച്ചറിഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ശരവേഗത്തിൽ മനസ്സിൽ പാഞ്ഞുവരും തോറും അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു.
“ആരാത്…?” ശർമിയുടെ സ്വരം ഇടറി പുറത്ത് വന്നു.
നിശബ്ദത
“ആരാന്ന് ചോദിച്ചില്ലേ…” ശർമി സ്വരത്തിന് കടുപ്പം കൂട്ടിയപ്പോൾ അതിഷ്ടപ്പെടാത്ത മട്ടിൽ ഒരു നിഴൽ കൊണിപ്പടിയിൽ നിന്നും പുറകോട്ട് ഒരു പടി കേറി.
നേരത്തെ ആ നിഴലിന് ഒരു പ്രത്യേക രൂപമില്ലായിരുന്നു. പക്ഷെ പുറകോട്ടൊരടി വച്ചപ്പോൾ ആ നിഴലിന് സ്ത്രീ രൂപമായി.
ആവണി ഒച്ച പുറത്ത് വരാതിരിക്കാൻ വാ പൊത്തി.കാരണം നേരത്തത്തെ ആ സ്വരം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇവിടെ ആർക്കും ആ ശബ്ദം ഇല്ല എന്ന് അവൾക്കുറപ്പായിരുന്നു.
പിന്നെ ആരാണിത്. ഒരു തരം പൈശാചികമായ ശബ്ദം
പുറകിലേക്ക് കാല് വച്ച നിഴലിനെ കണ്ടപ്പോൾ പോകാനൊരുങ്ങിയ മാരണത്തെയാണ് താൻ തിരിച്ച് വിളിച്ചതെന്നോർത്ത് ശർമി സ്വയം ശപിച്ചു.
പക്ഷെ ഭാമയ്ക്ക് ഉത്തരങ്ങൾ വേണമായിരുന്നു. ഭയം അവളെയും കീഴ്പ്പെടുത്തുമെന്ന് അവൾക്കറിയാം. പക്ഷെ ഇതിനെല്ലാം ഒരു എക്സ്പ്ലനേഷൻ ലഭിച്ചാൽ ഭയത്തെ ഇല്ലാതാക്കാം.
“ഹു ആർ യു …? ” മുമ്പിലേക്ക് നടന്ന് ഭാമ ചോദിച്ചു.
ഇവളെന്ത് ഭാവിച്ചാണെന്ന് കരുതി അവർ ഭാമയെ തടയാൻ ശ്രമിച്ചെങ്കിലും മുമ്പിലേക്ക് പോവാൻ ഭയന്ന് അവർ അവിടെ തന്നെ നിന്നു.
“പറ … എന്താ നീ ഒന്നും മിണ്ടാത്തത്?”
നിശ്ചലമായ നിഴലിനെ നോക്കി ഭാമ ചോദിച്ചു. താൻ മുമ്പിലേക്ക് പോകുമ്പോഴും നിഴൽമുകളിലേക്ക് വരാത്തത് അതിശയത്തോടൊപ്പം അല്പം ധൈര്യവും ഭാമയ്ക്ക് നൽകി.