പെട്ടെന്നാണ് വലിയൊരു ശബ്ദത്തിൽ എന്തോ എന്നെ വന്ന് മൂടുന്ന പോലെ തോന്നിയത്.
വവ്വാൽ…….!
ജീവനും കൊണ്ട് ഓടണമെന്ന് തോന്നി. പക്ഷെ ഞാനവിടെ കുനിഞ്ഞിരുന്നു. രംഗം നിശബ്ദമായതോടെയാണ് ഞാൻ കണ്ണ് തുറന്നത്. ഊഫ് …. ബാറ്റ് മാൻ സിനിമയിലെ ഞാനിതുങ്ങളെ ഇങ്ങനെ കണ്ടിട്ടുള്ളൂ… ഇതിവെടുന്നാണിത്രേം , അതും പതിറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ഇതിനകത്ത്. ഞാൻ അമ്പരന്നു. എന്തായാലും മാറാലയെല്ലാം വവ്വാലുകള് അതിന്റെ കൂടെ കൊണ്ട് പോയി.
ഞാനാ ഇരുട്ടിനുള്ളിലേക്ക് ഊളി നോക്കി. ഫോണിലെ ഫ്ലാഷടിച്ച് ഉള്ളിലേക്ക് കടന്നു. പഴമയുടെ ദുർഗന്ധവും മാറാലയും പൊടിയുമൊക്കെ ധാരാളമുണ്ട്. ബട്ട് എന്നെ അതിശയിപ്പിച്ചത് അതല്ല. അത് ശരിക്കും ഒരു വീടായിരുന്നു. ഞാൻ കരുതിയ പോലെ ചായ്പ്പ് അല്ല . ഡൈനർ ടേബിൾ ചെയർ എല്ലാം ഉണ്ട്. ഫാസിനേറ്റിംഗ് . ഫ്ലാഷ് പൊക്കിയതും പെട്ടെന്ന് ചുവരലമാരയിൽ എന്റെ പ്രതിരൂപം കണ്ട് ഞാൻ തന്നെ ഞെട്ടി പോയി. ഫോൺ താഴെ വീണു. കുനിഞ്ഞെടുത്തതും തല എന്തിലോ കേറി തട്ടി.
അത് ഒരു ഡോർ നോബായിരുന്നു. പെട്ടെന്നുള്ള പ്രേരണയിൽ ഞാൻ ആ ഡ്രായറുടെ നോബ് വലിച്ച് തുറന്നു. കരകര ശബ്ദത്തോടെ അത് മടിച്ച് മടിച്ച് തുറന്ന് വന്നു. അതിൽ ആദ്യം തന്നെ ഞാൻ കണ്ടത് ഒരു പാവയായിരുന്നു. വളരെ പഴയ മോഡൽ പാവ . പിന്നെ കുറെ കളിപ്പാട്ടങ്ങൾ . ചെറുതും വലുതും.
അപ്പൊ ഇവിടെ ആരോ താമസിച്ചിരുന്നു. ഞാൻ ആ മേശ അടയ്ക്കാൻ തുനിഞ്ഞപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്. ഒരു ബുക്ക്. ഞാനാ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും ആ ബുക്കെടുത്തു. അത് ഒരു ഡയറിയായിരുന്നു. ഒട്ടുമുക്കാലും എഴുതി തീർത്ത ഒരു ഡയറി. അതിനകത്തെ എഴുത്താണ് എന്നെ അമ്പരപ്പെടുത്തിയത്. അത് അത് മുഴുവൻ ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്. പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. അതിന് അകമ്പടിയോടെ ഒരു ഇടിയും . മഴ ആരംഭിച്ചിരിക്കുന്നു. അരവിന്ദിന്റെ ഒച്ച ദൂരെ കേൾക്കാം. ഞാൻ ആ ബുക്ക് മുണ്ടിനിടയിൽ തിരുകി മേശ അടച്ചു. വേഗം പുറത്ത് ചെന്ന് വിറകെല്ലാം അകത്താക്കി. കതകടയ്ക്കാൻ നേരം ഒന്ന് ശങ്കിച്ചു. എങ്ങനെ പൂട്ടും. ചായ്പ്പല്ലേ എന്ന് കരുതിയാണ് പൂട്ടുപൊളിച്ചത്. ഇപ്പൊ എന്തോ അത് പൂട്ടണമെന്ന് മനസ്സ് പറയുന്നു. വിലപിടിപ്പുള്ള എന്തോ ….. ആഹ്… കൊളുത്തിട്ടു. താഴ് നാളെ സങ്കടിപ്പിക്കാം. ഞാനോടി വീട്ടിനുള്ളിൽ കടന്നു. അരവിന്ദും .