“പിന്നെ കർമ്മങ്ങളും രീതികളുമൊക്കെ വിചിത്രമായി തോന്നിയേക്കാം. പക്ഷെ എല്ലാവരും സഹകരിച്ചേ പറ്റു. ”
അത് കേട്ടതും മുതിർന്നവരുടെ മുഖം ചുളിഞ്ഞു. പക്ഷെ അവർ മുത്തശ്ശിയെ തിരുത്താൻ നിന്നില്ല.
“ഈ വയസ്റ്റീടെ ഭ്രാന്തായിട്ട് തോന്നാം നിങ്ങൾക്കിതൊക്കെ .പക്ഷെ മക്കളെ , ഞാൻ ഇത് നിങ്ങളുടെ ഭാവിയോർത്ത് ചെയ്യുന്നതാ. ഞാൻ മണ്ണടിഞ്ഞാൽ നിങ്ങൾക്കിതൊന്നും ചെയ്ത് തരാൻ ആരുമില്ല .നിങ്ങൾ കാണാത്ത പലതും ഉണ്ട് ഈ ലോകത്തിൽ. ഈ മുത്തശ്ശി അതിൽ പലതും നേരിട്ട് ദർശിച്ചിട്ടുണ്ട്. നിങ്ങൾ കാണാത്ത പലതും നിങ്ങൾ വെറും കെട്ടുകഥകൾ മാത്രമാണ് അല്ലേ…?
ഇന്ന് നമ്മൾ അല്പം ത്യജിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുലം തന്നെ നശിച്ച് പോകും. ശരിക്കും പറഞ്ഞാൽ ഇന്ന് നടന്ന സംഭവം ചെറുതാണ്. വലുത് വരാനിരിക്കുന്നതേയുള്ളു. തയ്യാറായി നിന്നോ . മുത്തശ്ശീടെ പ്രാർത്ഥന എന്നും മക്കളോടൊപ്പം ഉണ്ടാവും. ”
എല്ലാവരും അത് ഗൗരവമായി തന്നെ എടുത്തു. ഗംഗ ഒഴിച്ച് . അവൾ ഗീതൂനെ നോക്കി കണ്ണിറുക്കി. കണ്ടോ കണ്ടോ എന്ന ആംഗ്യം കാട്ടി. ഗീതു ഇതൊക്കെ കേട്ട് ഭക്തിസാന്ദ്രമായി അവിടെ ഏതാണ്ട് തൊഴുത് നിൽക്കുന്ന അവസ്ഥയിലായിരുന്നു.
“പൊട്ടി പെണ്ണ്. ” ഗംഗ തലയിലടിച്ചു. ഗീതു അവളെ കണ്ണുരുട്ടി.
“എന്താല്ലെ … ” ഗോവിന്ദ് ഗീതുനെ തട്ടി ചോദിച്ചു.
“കുന്തം. ” അവൾ പല്ലിറുമ്മി.
“വേണോ ….? ”
“പോട പട്ടീ…… ”
ഗോവിന്ദ് അന്തംവിട്ട് പോയി.
കൃത്യം 5 മണിക്ക് തന്നെ സ്വമിയും കൂട്ടരും എത്തിയിരുന്നു. ടിപ്പിക്കൽ ആസാമി. എനിക്ക് തോന്നി. എന്തായാലും വന്നപ്പാടെ അവർ മുകളിലേയ്ക്ക് വച്ച് വിട്ടു.
“സാമിമാര് മുകളിൽ കനത്ത പണിയിലാ .. ” ഒരു ചുവന്ന സാരി ഉടുത്ത് നിന്ന് മുടി കുളിപിൻ കെട്ടുന്ന ഗീതുവിനെ നോക്കി ഞാൻ പറഞ്ഞു.
“മുത്തശി ഇവരെയൊക്കെ എവിടുന്ന് ഒപ്പിക്കുന്നോ..”
“അമ്മാവൻമാർക്കൊക്കെ അറിയാം ഗീതേ കാര്യങ്ങളൊക്കെ. പക്ഷെ അവർക്കിതിന് എന്തോ താല്പര്യമില്ല. അതാ.. പൂജകളൊക്കെ ചെയ്തില്ലെങ്കിൽ ആരതീടെ കല്ല്യാണം നടക്കില്ലാന്ന് വല്ലോം പറഞ്ഞ് മുത്തശ്ശി അമ്മാവനെ വിരട്ടി കാണും. “