അത് ..അത് ഒരു മൃഗമല്ല. മനുഷ്യന്റെ തലയായിരുന്നു. കൊമ്പൻ പല്ലുള്ള വന്യമായ മൃഗത്തോട് സാമ്യം തോന്നിക്കുന്ന മനുഷ്യന്റെ തല . അവസാനത്തെ തലയ്ക്ക് നേരെ താക്കോൽ തിരിയാൻ പോയതും പെട്ടെന്ന് താഴെ നിന്നും ഒരു വിളി കേട്ടു നമ്മൾ രണ്ടും ഞെട്ടി കാരണം ആ ശബ്ദത്തിന് ഉടമ മുത്തശ്ശിയായിരുന്നു. ദുർഗ പെട്ടെന്ന് താഴിൽ നിന്നും താക്കോൽ ഊരി മാറ്റി. മുത്തശ്ശിയുടെ ശബ്ദം കേട്ടതും ദുർഗയിൽ ഉണ്ടായ മാറ്റമാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. അവളുടെ മുഖത്ത് നിന്നും ചോര വാർന്നു പോകുന്നത് പോലെ എനിക്ക് തോന്നി .അവളെന്നെയും വലിച്ചു കൊണ്ട് ശരിക്കും വൃത്തിയാക്കാൻ ഏൽപ്പിച്ച മുറിക്ക് മുന്നിലേക്ക് ഓടി .എന്നിട്ട് പെട്ടെന്ന് തന്നെ ആ മുറി തുറന്നിട്ടു. വീണ്ടും മുത്തശ്ശിയുടെ വിളി താഴെ നിന്നും കേട്ടു .ഇത്തവണ ദുർഗ മറുപടി നൽകി .പക്ഷേ അവളുടെ ശബ്ദം പതറിയിരുന്നു. പെട്ടെന്ന് അവൾ അവിടെ കിടന്ന ചൂലെടുത്ത് എന്നെ ഏൽപ്പിച്ചു. താക്കോൽ അവിടെ ഒളിപ്പിച്ചിട്ട് എന്നെയും വലിച്ച് പടികളിറങ്ങി. അതിനിടയിൽ മുടി മുകളിലേക്ക് കൂട്ടികെട്ടാനും അവൾ മറന്നില്ല.
ഞങ്ങളെയും കാത്ത് കോപത്തോടെ നിൽക്കുന്ന മുത്തശ്ശിയുടെ രൂപത്തെയാണ് നമ്മൾ താഴെ കണ്ടത്.
“എന്താ….എന്ത് പറ്റി മുത്തശ്ശീ.. ? ” കിതപ്പ് മറക്കാൻ ശ്രമിച്ച് കൊണ്ട് ദൃർഗ്ഗ ചോദിച്ചു…
“മുകളിലെന്താ പരിപാടി ….? ”
“ഞങ്ങൾ ആ മുറി വൃത്തിയാക്കുവായിരുന്നു. മുത്തശ്ശി പറഞ്ഞെന്നാണല്ലോ അമ്മാവൻ പറഞ്ഞത്.”
മുത്തശ്ശി നമ്മൾ രണ്ട് പേരെയും മാറി മാറി നോക്കി. എന്നിട്ട് തിരിഞ്ഞ് നടന്നു. ഞങ്ങൾ ആശ്വാസ നെടുവീർപ്പിടും മുമ്പേ മുത്തശി തിരിഞ്ഞ് നോക്കി.
“നിങ്ങളവിടെ ഇനി ഒന്നും ചെയ്യണ്ടാ.. അതിന്… അതിന് ഞാൻ ആളെ ഏർപ്പാടാക്കീട്ട്ണ്ട്. ”
“അത് മുത്തശ്ശീ നമ്മൾ തുടങ്ങി പോയി…”
“സാരല്ല്യാ…. പറയണതങ്ങ് അനുസരിക്ക്യാ..എല്ലാമെടുത്ത് പുറത്തേക്കിറങ്ങാ. ഇനി ഇതിന്റെ പേരിൽ ആരും ഉയരെ കേറണ്ട. ”
ദുർഗ്ഗയുടെ മുഷ്ടി ഞെരിഞ്ഞു. അവൾ നിരാശയായി മുകളിൽ കേറി. എല്ലാമെടുത്ത് താഴേക്കിറങ്ങി. ഇതെല്ലാം കണ്ട് ഞാൻ നിശ്ചലമായി നിന്നതേയുള്ളു.