“നീ എന്തൊക്കെയാ ഗീതൂ ഈ പറയണെ. ഞാനത് ശരിക്ക് കണ്ടിട്ട് പോലുമില്ല. ”
“ഞാനും ശ്രദ്ധിച്ചിട്ടില്ലാരുന്നു. പക്ഷെ നമ്മളന്ന് അവിടുന്ന് തിരിക്കുന്നതിന് മുമ്പ് ഞാനത് കണ്ടു. അതിന് എന്തോ പ്രത്യേകത ഉണ്ട്. ”
“ഈ ചടങ്ങ് എങ്ങനേലും തീർത്ത് തിരിച്ച് പോയാൽ മതി. ”
“അല്ല ഗോവിന്ദേട്ടാ ഇവിടെന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞ് കിടപ്പുണ്ട്. അത് എനിക്ക് കണ്ടെത്തണം. മ് ….? എന്താ വായും പൊളിച്ച് നോക്കുന്നേ …. ?”
“നീ….. രഹസ്യം കണ്ടെത്താൻഇത്രേം നേരം വെളീല് നിന്ന് പേടിച്ച് കരഞ്ഞ് വിളിച്ച നീ ആണോ നിഗൂഡത കണ്ടുപിടിക്കാൻ പോകുന്നത്?….”
“അ..അത് പിന്നെ സാഹചര്യം അനുസരിച്ച് പെരുമാറണം…. ബുദ്ധി ഉപയോഗിച്ച് വേണം ഇതൊക്കെ ഡീല് ചെയ്യാൻ …….”
“അധിക നേരം വെളീല് നിക്കാൻ പേടിച്ചിട്ടല്ലേടീ നീ എന്നേം കൂട്ടി അകത്ത് കേറി കതകടച്ചത്. എന്നിട്ട് അവളുടെ ഒരു പുത്തി…..”
“അങ്ങനേന്നുമില്ല…. നിങ്ങക്കെന്നെ ശരിക്ക് അറിഞ്ഞൂടാത്തോണ്ടാ ….. മ്ഹും ”
“നാലഞ്ച് കൊല്ലമായിട്ടറിയുന്നതല്ലേ എന്റെ പൊന്നു……..”
“പോ……”
“ഓഹോ…. എങ്കിൽ ശരി …. ”
************************* ( പിറ്റേന്ന് )
“നീ എന്താ വിമലേ ഈ പറയുന്നത് അമേരിക്കേലൊക്കെ അങ്ങനെ അല്ലെ ….?”
“എന്നാലും രാധേച്ചി ദുർഗ്ഗയ്ക്ക് വയസ്സ് 29 ആയി . ഇനിയില്ലേൽ പിന്നെപ്പഴാ …?”
“ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ വിമലേച്ചി. അവളൊരു പ്രത്യേക സാധനമാണ്. അന്ന് നമ്മൾ ഇവിടുന്ന് അമേരിക്കേലോട്ട് പോയപ്പൊ തുടങ്ങിയ മാറ്റം ആണ്. ഇവിടുന്ന് അങ്ങോട്ട് പറിച്ച് നട്ടതിൽ പിന്നെയാഎന്റെ മോള് …. ” ലക്ഷ്മീടെ മുഖം വാടി.
“അതിനെന്താ ലക്ഷ്മി നിങ്ങളിപ്പൊ നാട്ടിലെത്തിയില്ലേ… ഇനി അവളുടെ മനസ്സ് മാറുമെങ്കിലോ… ” തോരത്തിനരിയുന്നതിനിടയിൽ ശാരദ അഭിപ്രായപെട്ടു.
“നാട്ടിലേക്കിനി ഇല്ലാന്നൊക്കെ ഒരിക്കൽ പറഞ്ഞതാ . പക്ഷേ ഇപ്പൊ വിളിക്കേണ്ട താമസമേ ഉണ്ടാരുന്നുള്ളൂ.. അതോണ്ട് ചേച്ചി പറഞ്ഞതിലും കാര്യമില്ലാതില്ല. നിങ്ങളെല്ലാവരും കൂടെ വേണം കല്യാണക്കാര്യം അവളെ കൊണ്ട് സമ്മതിപ്പിക്കാൻ ”
“അത് നമ്മളേറ്റു. അല്ല പിള്ളേരൊക്കെ എവിടാ….”
“ആ ശർമ്മി എല്ലാരേം കൂട്ടാൻ പോയിട്ടുണ്ട്. കുറേ നാളായില്ലെ അവരെല്ലാവരും ഒരുമിച്ചിട്ട് ….. “