ഒരു കാവിന്റെ മാതൃകയിൽ തീർത്ത ആ വലിയ വാതിലിനിരുവശവും രണ്ട് മരതൂണ് പോലെയാണ് കൊത്ത് പണി ചെയ്തിരുന്നത്. വാതിലിനു പുറത്ത് ഒരുപാട് ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ട് . വൃത്താകൃതിയും ത്രികോണാകൃതിയും ലയിപ്പിച്ച ചിഹ്നങ്ങൾ .അതിന്റെ ഒത്ത നടുക്ക് കണ്ട വലിയ പൂട്ടാണ് ഗീതുവിനെ വീണ്ടും അതിശയിപ്പിച്ചത്. ഒരു സർപ്പം ഫണം വിടർത്തി വായ തുറന്ന് ഇരിക്കുന്നു .അതിന്റെ നാക്കിലാണ് പൂട്ട് തിരുകി കൊളുത്തിയിരിക്കുന്നത്. പൂട്ടിലും എന്തൊക്കെയോ അടയാളങ്ങൾ . വിചിത്രം തന്നെ.
ഗീതൂന്റെ കൈ യാന്ത്രികമായ് ആ പൂട്ടിലേക്ക് നീങ്ങി. മൃഗങ്ങളുടെ തലയാൽ തീർത്ത ആ താഴിന്റെ നാല് വശവും തഴുകി അവൾ അറിയാതെ തന്നെ അത് പിടിച്ച് ഒന്ന് വലിച്ചു.
ഇതേ സമയം ആരോ ശ്വാസമെടുക്കും പോലെ ഒരു ധ്വാനി ആ മുറിയിൽ നിന്നുയർന്നു. ഞരങ്ങൽ പോലുള്ള ആ സ്വരം ഗീതു കേട്ടിരുന്നില്ല പക്ഷെ ഗീതൂന്റെ താഴിൻമേലുള്ള വലി കൂടുംതോറും മുറിയ്ക്കുള്ളിലെ ചെറുനിശ്വാസം കൊടുങ്കാറ്റ് പോലെ മാറിയിരുന്നു.
പെട്ടെന്നാണ് താഴെ മൊബൈൽ റിംഗ് ചെയ്തത്. ഞെട്ടിയ ഗീതു താഴിൻമേലുള്ള പിടി വിട്ട് താഴേക്കോടി … അവളുടെ പിടി അയഞ്ഞതും മുറിക്കുള്ളിലെ ശ്വാസോച്ഛോസം ഒരു അലർച്ചയായ് മാറിയിരുന്നു. പക്ഷെ അത് പുറത്തേക്ക് വന്നില്ല. എന്തിനെയോ തടുക്കുന്ന പോലെ കാറ്റ് വാതിലിൽ മേലുള്ള കർട്ടൻ വീശി വാതിലിനെ മറച്ചു.
“ആ പറയ്………” മറുതലയ്ക്കൽ ഗോവിന്ദാണെന്ന് മനസിലായ ഗീതു ലേശം മടുപ്പ് കലർത്തി പറഞ്ഞു.
“നീ ഇറങ്ങി ഓടല്ലേ….. ഞാൻ വന്നിട്ട് പോകാം … ” ദേഷ്യം കടിച്ചമർത്തിയുള്ള ഗോവിന്ദിന്റെ സംസാരം കേട്ട് ഗീതൂന് ചിരി പൊട്ടി.
“ഞാൻ ലീവിന്റെ കാര്യം സാറിനോട് സംസാരിച്ചു. എന്തായാലും 11 കഴിയും ഞാൻ വരാൻ . നീ പാക്ക് ചെയ്തോ. വൈകിയാൽ നാളെ പോകാം ”
“ഒരു നാളെയുമില്ല. ഇയാൾ നേരത്തേ ഇങ്ങോട്ടെത്തിയാ മതി. ”
“ഗീതു….”
“ഇതാണോ എല്ലാ ആഗ്രഹോം നടത്തി തരാൻ പോവുന്ന മനുഷ്യൻ. നല്ല ബെസ്റ്റ് ആളാ ……”