അല്ലേലും ഇങ്ങേരിങ്ങനാ ….ഞാനിവിടെ ഈ പുരാവസ്ത് പോലുള്ള വീട്ടില് ഇരുന്ന് ചിതലരിക്കണം. അങ്ങേർക്ക് രാവിലെ ഇറങ്ങി പോയിട്ട് രാത്രി വന്ന് കേറിയാ തിയല്ലോ ..
“ആഹ്………………! ”
മുറി അടച്ച് വെളിയിയിലേക്കിറങ്ങി തിരിഞ്ഞതും കാല് കൊത്ത് പണി ചെയ്ത് നിറച്ച ആ കുഞ്ഞി കസേരയിൽ മുട്ടി… ഒന്നാതെ ദേഷ്യമാണ് അതിനിടേല് കാലിന്റെ കുഞ്ഞി വിരൽ കസേരയിലിടിച്ച് നൊന്തപ്പോ ഗീതൂന് ദേഷ്യമടക്കാനായില്ല. മുമ്പിൽ കണ്ട വാതിലിൽ അവൾ ശക്തിയായ് ഇടിച്ചു.
കൈ കൊണ്ട് തേക്കിൽ തീർത്ത വാതിലിൽ ഇടിച്ചപ്പോൾ കാലിനെക്കാൾ വേദന അവൾക്ക് കയ്യിൽ അനുഭപ്പെട്ടു.
വേദനയാൽ കൈ കുടഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. മലയടിവാരത്ത് നിന്ന് കയ്യടിക്കുമ്പോഴുള്ള പ്രതിധ്വനി പോലെ അവൾ വാതിലിൽ തട്ടിയപ്പോഴുണ്ടായ ശബ്ദം മാറ്റൊലി കൊള്ളുന്നത്. അനവധി പാറയിൽ തട്ടി തിരികെ വരും പോലെ ആ ശബ്ദം അല്പനേരം ആവർത്തിച്ചു കൊണ്ടേ ഇരുന്നു.
“ഏഹ് ………….” അസാധാരണമായ് തോന്നിയ ഗീതു വാതിലിനെ മറച്ചിരുന്ന വെള്ള കർട്ടൺ അല്പം വകഞ്ഞ് മാറ്റി വാതിലിൽ ചെവി ചേർത്തു.
ശബ്ദം പതിയെ പതിയെ മാഞ്ഞ് പോകുന്നതായ് അവൾക്ക് തോന്നി. വാതിലിൽ നിന്നും പുറകോട്ട് നീങ്ങി ഗീതു അതിനെ നോക്കി. തങ്ങൾ ഇതുവരെയും തുറക്കാത്ത മുറിയാണത്. തുറക്കാൻ താക്കോലുമില്ല.ഇവിടെ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതിനാൽ ഇരുണ്ട ഇടനാഴി കടന്ന് ഇങ്ങോട്ട് വരാറുമില്ലായിരുന്നു. ബ്രോക്കർ ഈ മുറി ഒഴിച്ചാണ് വാടകയ്ക്ക് തന്നത്. അത് ഞങ്ങൾക്ക് ആവശ്യമില്ല ,തുറക്കണ്ടാ എന്നാണ് അന്നയാൾ പറഞ്ഞത്. വീട് തേടി കുറേ അലഞ്ഞതു കൊണ്ടും ഈ വീട് കണ്ടപ്പോൾ തന്നെ ഇഷ്ടമായതും കൊണ്ടും അന്ന് നമ്മൾ ഇതിനെക്കുറിച്ച് വേറൊന്നും ചോദിച്ചില്ല. ഇത്ര നാള് താമസിച്ചിട്ടും ഇന്ന് വരെ ഇങ്ങനൊരു മുറി ഇവിടെ ഉള്ളതായ് പോലും തോന്നീട്ടില്ല. ഗീതൂന്റെ ചിന്തകൾ കാട് കയറി.
മറച്ചിരുന്ന കർട്ടൺ മുഴുവനായും രണ്ട് സൈഡിലേയക്ക് മാറ്റിയ ഗീതൂന്റെ കണ ണുകൾ വിടർന്നു. വീട്ടിൽ മറ്റൊരിടത്തും കാണാത്ത രീതിയിൽ അതീവ മനോഹരമായ കൊത്തുപണികളാൽ തീർത്ത ഒരു വാതിലായിരുന്നു അത്. ഇത്രയും നാളും താനിത് ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നോർത്ത് ഗീതൂന് അതിശയം തോന്നി.