“ചാപിള്ളയോ മുത്തശ്ശി എന്തൊക്കെയാണ് ഈ പുലമ്പുന്നത് ……….”
“എന്താടാ …. ഞാൻ പ… റയുന്നത് … സത്യമല്ലേ…”
ശാന്തമായി വിക്കി വിക്കി മുത്തശ്ശി അത് ചോദിച്ചപ്പോൾ ഞാൻ പരുങ്ങി. ഗീതു ഒന്നും മനസിലാകാതെ ഒരു നിഷ്കളങ്കമായ കുട്ടിയെ പോലെ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ ആയിരുന്നു.
“പ്രസവിക്കുമ്പൊ മരിക്കുന്ന കുട്ടികൾ മാത്രമല്ല ഗോപൂ ചാപിള്ളകൾ. അബോർഷനെന്ന പേരിൽ നീ കയ് നീട്ടി വാങ്ങിയ ആ പാതി വളർച്ചയെത്തിയ മംസ പിണ്ഡവും ചാപിള്ള തന്നെയാ . ചാപിള്ളയെക്കാൾ പൈശാചികതയേറിയത്…….”
“മുത്തശ്ശീ…….” വാക്കുകൾ തേരട്ട പോലെ ചെവിയിൽ പുളഞ്ഞു.എന്റെ തൊണ്ടയിടറിയിരുന്നു. ഞാൻ ഗീതുവിൽ നിന്നും മറച്ച അവസാനത്തെ രഹസ്യവും മറനീക്കി പുറത്ത് വന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് ഈ സ്ത്രീയുടെ മുഖത്തിന് രാക്ഷസിയുടെ രൂപമായത് …… .
ഗീതൂന്റെ കൈ എന്റെ കയ്യിൽ വല്ലാതെ മുറുകി. ചോദ്യചിഹ്നം പോലെ എന്നെ തന്നെ നിർവികാരമായി നോക്കി നിന്ന ഗീതുവിന്റെ കണ്ണുകളിലൂടെ കണ്ണുനീർ പളുങ്കുമണിപ്പോൽ ഉരുണ്ടുരുണ്ട് എന്റെ കൈയ്യിൽ പതിച്ചു. എല്ലാം തീർന്നു. എനിക്കിപ്പോളവളെ നോക്കാൻ തന്നെ ഭയമായി.
അവളുടെ വയറിൽ വെറും കലയുടെ രൂപം മാത്രം പ്രാപിച്ച ഭ്രൂണത്തെ അടിച്ച് കലക്കി പുറത്ത് കളഞ്ഞെന്നാണ് ഞാനവളെ വിശ്വസിപ്പിച്ച് വച്ചിരുന്നത്. പക്ഷെ അത് അങ്ങനെ ആയിരുന്നില്ല. പാതി വളർച്ചയെത്തിയ ഒരു മംസപിണ്ഡം ആയിരുന്നു അത്. അന്ന് ഞാനാ സർജിക്കൽ ട്രേയിൽ കണ്ട ആ സത്വം എന്നും രാത്രിയിലെന്നെ നടുക്കാറുണ്ട്. ഗീതുവിനെ ഒന്നും അറിയിച്ചിട്ടിലായിരുന്നു. അറിഞ്ഞിരുന്നേൽ എനിക്കവളെ അന്നേ നഷ്ടപ്പെട്ടേനെ…… ഇന്ന്. ഇപ്പോൾ അവളെല്ലാം അറിഞ്ഞിരിക്കുന്നു .അവളൊഴിച്ച് ബാക്കി എല്ലാവർക്കും അറിയാമായിരുന്ന രഹസ്യം. അവളിൽ നിന്ന് മറച്ച് വച്ചിരിക്കുന്ന കാര്യവും എല്ലാവർക്കുമറിയാം. അവളെ ആരും ഒന്നുമറിയിക്കില്ല എന്ന എന്റെ അന്ധവിശ്വാസമാണ് എന്നെ ഈ തറവാട്ടിൽ എത്തിച്ചത്. എന്നിട്ടിപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തൊരാളിൽ നിന്ന് ഗീതു അതറിഞ്ഞിരിക്കുന്നു.എല്ലാവരുടെയും നോട്ടം നമ്മളിലേക്കാണ്. സഹതാപം…..
എന്റെ ഗീതു . എന്നെ കുലുക്കി വിളിക്കാനുള്ള ശക്തി പോലും അവളുടെ കൈയ്യിൽ ചോർന്ന് പോയിരിക്കുന്നു. എല്ലാത്തിനും കാരണം ഇവരാണ്. കണ്ണിച്ചോരയില്ലാത്ത ഈ കിഴവി .എനിക്കവരെ വലിച്ച് കീറാൻ തോന്നി… അവരുടെ മുഖത്തെ മന്ദഹാസം എന്നെ ഭ്രാന്തിളക്കി …