“അതിന് നീയൊക്കെ ഈ തറവാടിന്റെ ചരിത്രാറിയണം. ” കുട്ടന്മാമയുടെ വായിന്ന് വീണ പോലെ ആയിരുന്നു അത്. ബാക്കി എല്ലാവരും ഞെട്ടി. നമ്മൾ ചെറുപ്പക്കാർ മാത്രം ഒന്നും അറിയാതെ പരസ്പരം മിഴിച്ച് നോക്കി. ഗീതു മറ്റേതോ ഗ്രഹത്തിലെത്തിയ പോലെ അമ്പരപ്പാൽ എല്ലാവരെയും നോക്കുവാണ്. എന്തോ വലുത് നടക്കാൻ പോകുന്ന മട്ടിലാണ് പെണ്ണ്. എന്തെങ്കിലും സംഭവിച്ചാൽ എന്നേം കൂട്ടി ഇറങ്ങി ഓടാൻ എന്ന വണ്ണം എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല ആ മുറിയ്ക്കുള്ളിലെ അന്തരീക്ഷം അത്രയും ഭയാനകമായിരുന്നു.
“ഇത്രയും നാള് പൂട്ടി കിടന്ന ഈ പ്രേതാലയം വൃത്തിയാക്കി തുറക്കണമെന്ന് പറഞ്ഞപ്പൊഴെ ചിന്തിക്കണമായിരുന്നു. വയസ്സായവരുടെ ആഗ്രഹമല്ലേ എന്ന് വച്ച് കണ്ണടച്ചതാണ്. ഇപ്പൊ …..” കുട്ടന്മാമ അസ്വസ്തയോടെ വിറച്ച് വിറച്ച് മാറുന്നുണ്ടായിരുന്നു.
“എന്താ ഇവിടെ നടക്കണെ മനസിലാവണ ഭാഷേല് ആരേലുമൊന്ന് പറയോ….?”
“പറയാനൊന്നുമില്ല…. ഇന്നന്നെ ഇറങ്ങണം ഇവിടുന്ന് ……..” ലക്ഷ്മി അമ്മായി നിന്ന് തുള്ളി.. “മാധവേട്ട റിസോർട്ട് ബുക്ക് ചെയ്യണം … ഇപ്പൊ ഇറങ്ങിയാൽ രാവിലെ കേറാം……! ” ലക്ഷ്മി അമ്മായിടെ പ്രകടനം കണ്ട് അന്തിച്ച് നിക്കാണ് മാധവന്മാമ ….
“ഇവിടെ എന്താണ് നടക്കുന്നതെന്നറിയാതെ ഞാനൊരിടത്തേയ്ക്കുമില്ല. ” ഇത്തവണ ഭാമയാണ് ശബ്ദമുയർത്തിയത്. വിദേശത്ത് വളർന്നതിന്റെ ധിക്കാരവും ദൃഢതയും അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.
“എന്തെന്നോ നിന്റെ മുത്തശ്ശിയ്ക്ക് വട്ടാ….നമ്മളെയൊക്കെ കൊലയ്ക്ക് കൊടുക്കാനാ അവരുടെ പ്ലാൻ. ” അമ്മ ഉറഞ്ഞ് തുള്ളി.
അത് കേട്ട് പരിഹസിച്ച് ചിരിക്കുന്ന മുത്തശ്ശീടെ മുഖം കണ്ടപ്പോൾ ഒരു പ്രേതത്തേ പോലെ തോന്നി.
“എനിക്കാണോ വട്ട് രാധേ ……” അപ്പൊ നിന്റെ ചെറു കുട്ടി ചാപിള്ള ആയതിനെ കുറിച്ച് നിനക്കൊന്നും പറയാനില്ലേ….. എടുത്തടിച്ച പോലുള്ള മുത്തശ്ശീടെ ആ ചോദ്യം മുറിയിലുണ്ടായിരുന്ന എല്ലാവരെയും നടുക്കി. അത് കേട്ട അമ്മയുടെ മുഖത്തെ ചോര വാർന്ന പോലെ തോന്നി.
മുത്തശ്ശി പറഞ്ഞത് ആദ്യം മനസ്സിലായിലെങ്കിലും പതിയെ ഗീതുവിന്റെ തലച്ചോറ് ആ വാക്കുകൾ തിരിച്ചറിയുന്നത് ഞാനെന്റെ കയ്യിലനുഭവിച്ചു. വിവിധ ഭാവങ്ങൾ എന്റെ ഗീതുവിൻറെ കണ്ണൂകളിൽ മിന്നി മാറി. കൗതുകം മാത്രം നിറഞ്ഞ് നിന്ന ആ മുഖത്ത് ഇപ്പോൾ ഒരു തരം വിഭ്രാന്തി നുരഞ്ഞ് കേറുന്നത് ഞാൻ ഭയത്തോടെ കണ്ടു…..