“അച്ഛമ്മ ഇതിനാണോ ഇത്രേം ദൂരം ഞങ്ങളെ വിളിച്ച് വരുത്തിയത്. ഇത്രേം നേരം കൂസാതിരുന്ന ലക്ഷമി അമ്മായി പൊട്ടിത്തെറിച്ചത് കണ്ട് ഞാൻ അതിശയിച്ചു. ”
“അമ്മമ്മ ഇതെന്തിനുള്ള പുറപ്പാടാണ്. അത് ചോദിച്ചത് എന്റെ സ്വന്തം അമ്മ തന്നെയാണ്. ”
“അച്ഛമ്മയ്ക്ക് മതിയായില്ലെ …. പഴയതൊക്കെ മറന്നോ….?” ശാരദമ്മായി…
“ഞാൻ പറഞ്ഞ് കഴിഞ്ഞില്ല്യല്ലൊ…. ഞാൻ പറയട്ടെ…… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാവില്ല്യാ ഒരിക്കലും. അത് കൊണ്ട് തന്നെയാണ് ഞാനീ തീരുമാനം എടുത്തത്. അവിടുത്തെ വാഴ്ച അവസാനിപ്പിക്കണം , പൂജ വേണം, ആ ചടങ്ങുകളും ….”
“അതോ … അതോ….. ” കുട്ടമ്മാമ്മ ആകെ മാറിയിരുന്നു. “അപ്പൊ ഇതിനാരുന്നല്ലേ അമ്മമ്മ മോളുടെ ചടങ്ങ് ഗംഭീരാക്കണമെന്നൊക്കെ പറഞ്ഞ് ഈ തറവാട് വൃത്തിയാക്കിച്ചതും നമ്മളെയൊക്കെ ഇവിടെ എത്തിച്ചതും. കൊള്ളാം അമ്മമ്മേ ……”
“എന്നിട്ട് നമ്മുടെ കുട്ട്യോളെ കൊണ്ട് അതൊക്കെ ചെയ്യിക്കണമെന്നാണോ അച്ഛമ്മ പറയണത്. ഭ്രാന്ത് പറയ്യാ…….” ശേഖരാമ്മാവൻ പിന്താങ്ങി.
“കുട്ട്യോൾക്ക് വേണ്ടി തന്നെയാ ഞാൻ… ”
അതൂടെ കേട്ടതും അമ്മയും അമ്മാവൻമാരുമൊക്കെ മൂട്ടിൽ തീ പിടിച്ച പോലെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് എന്തൊക്കെയോ പുലമ്പാൻ തുടങ്ങി. ഒന്നും മനസിലാകാതെ നമ്മൾ ഇളം തലമുറക്കാരും … അതിനിടയിൽ ഗീതു എന്നെ തോണ്ടുന്നുണ്ട് എന്താണിവിടെ നടക്കുന്നതെന്നറിയാൻ. പെണ്ണിനെല്ലാമൊരു കൗതുകമാണ്.
തമ്പുരാനറിയാമെന്ന് ഞാനാഗ്യം കാണിച്ചു….
“ഗോപൂ… ഇനി വിടെ നിന്നാൽ നിന്റെ മുത്തശ്ശി നമ്മളെ കൊലയ്ക്ക് കൊടുക്കും, വാ നമ്മുക്ക് പോവാം … എന്റെ കൊച്ചിനെ ( ആവണി ) ഓർത്താണ് ഞാനിത്രേടം വരെ വന്നതും നിന്നതും. ഇതൊന്നും സ്വപ്നത്തിൻ പോലും നിരീശ്ചിരുന്നില്ല. ”
സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല.
“ഹേയ് … എന്താ പ്രശ്നം…. മുത്തശ്ശി കുറച്ച് ചടങ്ങ് നടത്തണമെന്നല്ലെ പറഞ്ഞോളു. അതിനിവിടെ ഇത്രേം വഴക്കിന്റെ കാര്യന്താ…. ?” എല്ലാവരുടെയും അങ്കലാപ്പ് കണ്ട് എനിക്കത് ചോദിക്കാതിരിക്കാനായില്ല.
“നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല ഗോപുവേ…” ശേഖരമ്മാവൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.
“ഹാ… പറഞ്ഞാലല്ലേ മനസിലാവൂ…” ഇത്തവണ ചങ്കരനും സംസാരിച്ചു