“മാമാ….”
“എടാ കുടുംബത്തെല്ലാരും വരുന്നുണ്ടെടാ… തറവാട്ടിലാ ചടങ്ങ് ….”
“ഏഹ് തറവാട്ടിലോ……”
“അതല്ലേ …..നീ ഉടനെ എത്തണം … ഇല്ലേൽ ഞാനിവിടെ ഒറ്റപ്പെട്ട് പോവും അറിയാല്ലോ….”
“അത് മാമാ…..”
“നീ ഇനി ഒന്നും പറയണ്ടാ….നീ അവളേം കൂട്ടി വാ…. എത്രയാന്ന് വച്ചാ ആ കൊച്ചവിടെ ഒറ്റയ്ക്ക് ….. കാവിലെ ഉത്സവവും ഈ മാസമാ മറക്കണ്ട………….”
“ആ മോനേ മാമൻ വെയ്ക്കട്ടെ ഇവിടെ കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞാഴ്ചയെ തുടങ്ങി.. ഇവിടെ ഏതാണ്ട് ഉത്സവം പോലെയാ… ഇതിന്റെ ഒക്കെ പുറകെ പായാൻ ഈ മാമനേ ഉള്ളു. എന്തായാലും നിങ്ങള് ഉടനെ ഇറങ്ങ് കേട്ടോ….”
“മാ………”
“ആഹ് ശങ്കരാ …..” കാള് കട്ടായിരുന്നു.
തറവാട്. അത് കൊറെ നാളായി പൂട്ടി കിടപ്പായിരുന്നല്ലൊ. മുഴുവൻ ബന്ധുക്കൾ, കല്യാണം, ലീവ് എല്ലാം അതോട് കൂടി തലയിൽ നിറഞ്ഞെങ്കിലും ഒരു പ്രശ്നം മാത്രം അതിൽ മുഴച്ച് നിന്നു.
ഗീതു…..
അവൾ ഒന്ന് റിക്കവറായി വരുവായിരുന്നു. അപ്പോഴാ….ഈ ചടങ്ങ്. ആ ആൾക്കൂട്ടത്തിൽ അവളെ കൊണ്ടിട്ടാൽ എല്ലാരുടെ അവളെ പിച്ചിചീന്തും .. ഓർമ്മകളെല്ലാം ഗീതു ചാക്കിലാക്കി മാറ്റിവച്ചതാണ്. അവിടെ ചെന്നാൽ അവരെല്ലാം കൂടി ആ ചാക്ക് തുറന്ന് വിടും. ഒപ്പം എന്റെ ഗീതൂന്റെ മനസ്സിന്റെ കടിഞ്ഞാണും.
പോകാതിരിക്കാനാവില്ല. പോയേ പറ്റൂ… എത്രയും താമസിച്ച് പോയാൽ അത്രയും നല്ലത്. അത്ര നേരം നേരിട്ടാൽ മതിയല്ലോ… ലീവ് കിട്ടില്ലാന്ന് മറ്റോ പറഞ്ഞ് പിടിച്ച് നിൽക്കാം. കഴിഞ്ഞ 6 മാസം ലീവെടുത്തതിൽ ഒരു മാസം പെൻഡിങാണ്. അത് ഉപയോഗിക്കാമായിരുന്നു. പക്ഷെ വേണ്ട ഗീതു ഒരു മാസം പോയിട്ട് ഒരു ദിവസം പോലും തറവാട്ടിൽ സർവൈവ് ചെയ്യില്ല….. കല്യാണത്തിന് തലേന്നോ മറ്റോ പോവാം. ഗീതൂനെ തത്ക്കാലം അറിയിക്കണ്ട ……
മനസ്സ് ചില കടുത്ത തീരുമാനങ്ങൾ നിസ്സാരമായ് എടുത്തു.
പിറ്റേ ദിവസം പതിവ് പോലെ ഓഫീസിലെ മടുപ്പൻ സമയം തള്ളിനീക്കുബോഴായിരുന്നു. ഗീതൂന്റെ കാൾ വന്നത്. മൊബൈൽ സ്ക്രീനിൽ ഗീതൂന്റെ പേര് തെളിഞ്ഞതും മനസ്സിന് കുളിർമ തോന്നി. കാളർ ഐഡിയിൽ ചിത്രം ചേർക്കാനുള്ള സ്ഥലം ഒഴിഞ്ഞ് കിടക്കുന്ന കണ്ടപ്പോൾ ഗീതൂന്റെ നിറപുഞ്ചിരിയാൽ നിൽക്കുന്ന ഒരു ഫോട്ടൊ അതിൽ സേവ് ചെയ്യണമെന്നോർത്തു. എത്ര ടെൻഷൻ ആയിരുന്നാലും അവളുടെ ചിരി ജീവിതത്തിനൊരു അർത്ഥം നൽകും. പച്ചനിറത്തിൽ അമർത്തിയതും ഫോണിൽ നിന്നും ഗീതൂന്റെ സ്വരം കേട്ടു. അവൾക്ക് പിന്നെ ഹലോ കിലോ ഒന്നുമില്ല. നേരെ സംസാരമാണ്.