എന്റെ മുഖം കണ്ടിട്ടാവണം ഗീതു വാ പൊത്തി പൊട്ടിചിരിച്ചത്….
“ദേ ഇത്രേ ഉള്ളു ഗോവിന്ദേട്ടൻ . എന്തൊക്കെ വെല്ലുവിളി ആണ്. എന്നോട് കളിക്കണ്ടാട്ടൊ…….” അന്ത വിട്ട് നിന്ന എന്റെ രണ്ട് കവിളും പിടിച്ച് വലിച്ച് അത് പറഞ്ഞ്,ഒന്നും നടക്കാത്ത മട്ടിൽ ഗീതു പുറത്തേയ്ക്ക് പോയപ്പോൾ ഞാനവളുടെ മറ്റൊരു ഭാവം കൂടി കണ്ട ഞെട്ടലിൽ ആയിരുന്നു.
സന്ധ്യ കഴിഞ്ഞ് ഞാൻ കൂടുതൽ സമയവും വെളിയിലായിരുന്നു. അവിടുത്തെ അന്തരീക്ഷം മനസ്സിന് വല്ലാത്തൊരു സമാധാനം തന്നു. എല്ലാവരും ഒരോ തിരക്കിലാണ്. ഇന്ന് വന്ന് കേറിയത് കൊണ്ടാവാം എന്നെ ഒരു ജോലിയിലും ഉൾപ്പെടുത്താത് .അതോ ഇനി ഞാനറിഞ്ഞ് ചെല്ലാൻ കാത്തിരിക്കാണോ എന്തോ …. ആഹ് നാളെയാവട്ടെ …
അകലെ സർപ്പകാവ് കാണാം. കാടുപിടിച്ച് ആരും കൈകാര്യം ചെയ്യാനില്ലാതെ ആ പരിസരമൊക്കെ അന്യംനിന്നു പോയി. അത് പോലെ തന്നെ കുളവും. പക്ഷെ ചടങ്ങ് അനുബന്ധിച്ച് കുളമൊക്കെ വൃത്തിയാക്കിയെന്നാണ് അരവിന്ദ് പറഞ്ഞത്. നാളെ മൊത്തവും ഒന്ന് ചുറ്റി കാണണം. അകലെ നിന്ന് ഹരിവരാസന ഗീതം കാറ്റിലൂടെ ഒഴുകി എത്തുന്നുണ്ട്. അടുത്ത അയ്യപ്പ ക്ഷേത്രത്തിലെ നട അടയ്ച്ചിരുന്നു. വല്ലാത്തൊരു ഫ്രഷ്നസ്സ്.
“ഗോപേട്ടാ….. വായോ അത്താഴത്തിന് സമയായി……” ആവണിയാണ്. ഇവിടെ ഞാൻ ഗോപുവും ഗോപനും ഗോപേട്ടനുമൊക്കെയാണ്…..
തീൻ മേശയിൽ ഉച്ചത്തെക്കാൾ ആൾക്കാരുണ്ടായിരുന്നു. ഏതാണ്ട് എല്ലാരും . എല്ലാം കൂടെ കണ്ടിട്ട് ഒരു ഗൂഡാലോചനയുടെ അന്തരീക്ഷമുണ്ട്.
“ഗോപൂ …. മോനെ ഇരിക്ക്. ” ..
മേശയുടെ അങ്ങേ തലത്തിരിക്കുന്ന മുത്തശ്ശിയ്ക്ക് എതിരെ ഇങ്ങേ തലയ്ക്കൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഞാനിരുന്നു. ഏതോ ഏടാകൂടത്തിലെ അവശേഷിച്ച കണ്ണി പോലെ .
ആവണീം ഭാമയുമൊക്കെ തൂണ് ചാരി നിൽപ്പാണ്. എല്ലാവരുടെയും മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. ഞാനിരുന്നതും കസേര എന്റെ അരികിലേക്ക് ചേർത്തിട്ട് ഗീതു എന്റെ കൈയ്യിൽ തൂങ്ങി. ഈ പെണ്ണ്…..🤦 അവളുടെ മുഖത്തും ഉണ്ട് വല്ലാത്തൊരാകാംഷ . എന്താ അവിടെ നടക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ആകെ നിശബ്ദത. ചുവരിൽ തൂങ്ങിയാടുന്ന പ്രാചീന പെൻഡുലം ക്ലോക്കിന്റെ ശബ്ദം മാത്രം. എന്താണ് സംഭവമെന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അത്രയും നിശബ്ദത ശബ്ദമുയർത്താൻ വല്ലാത്തൊരു മടി.