“ഈ വഴിയൊക്കെ അറിയോ നിനക്ക് ” പുറകിൽ നിന്നും കനത്ത ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടത് ചങ്കരനെയാണ്.
“മ്….ഹ്….” ഞാൻ ചിരിച്ചതേ ഉള്ളു. അവന് പണ്ടേ ഭയങ്കര പക്വത നിറച്ച സംസാരമാണ്. എന്ന് വച്ചാൽ ഞാൻ വല്യ ആളാണെ മട്ട്.
“സുഖാണോ നിനക്ക് . നീ ഇപ്പൊ പെണ്ണിനേം കൂട്ടി തിരുവനന്തപുരത്താണെന്ന് കേട്ടു. ആ വീട്ടിൽ അമ്മായിം അമ്മാവനും ഒറ്റയ്ക്കല്ലേടാ … അത് ഓർത്തോ നീയ് …. പെണ്ണ് ഭർത്താവിന്റെ വീട്ടിലല്ലേ നിക്കേണ്ടത് ….”
കണ്ടില്ലേ… ഇതാണ് ഇവന്റെ സ്വഭാവം. എന്നെ ചൊറിയാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കില്ല.
“ഏഹ് അതറിഞ്ഞില്ലേ നീ ഞാൻ അവിടെ ഒരു വീടങ്ങ് വാങ്ങി. ഇപ്പൊ അവിടാ സ്ഥിര താമസം അതാ ഗീതൂനെ അങ്ങ് വിളിച്ചത് . ദർത്താവിന്റെ വീട്ടിലല്ലേ ഭാര്യ കഴിയേണ്ടത്. ” ഞാനവനെ എരി കേറ്റാൻ ചുമ്മാ തട്ടി വിട്ടു. അവന് സംശയം ആയെങ്കിലും സംഗതി ഏറ്റു.😂😂 ഞാൻ തലസ്ഥാനത്ത് പുരയിടം വാങ്ങിയോ എന്ന ഭയവും കൂടി ആയി പാവത്തിന്. ഈ ചൊറി ഉണ്ടെന്നെ ഉള്ളു. ആള് ശുദ്ധമണ്ടനാ …..
**************
എല്ലാരും ഒരുമിച്ചുളെളാരു ഊണ് കഴിഞ്ഞാണ് മുറിയിൽ ഗീതുവിനെ ഒന്ന് ഫ്രീയായി കിട്ടിയത് …. ശരിക്കും പറഞ്ഞാൽ ഇവിടെ വന്നിറങ്ങി ദേ ഇത് വരെ ഞാൻ ഏറ്റവും മിസ്സ് ചെയ്തത് ഗീതൂനെയാ….
“എല്ലാവരെയും ഒരുമിച്ച് കാണുന്നതിപ്പഴാ ….. ….” ഈട്ടിയിൽ തീർത്ത അലമാരയിലെ കണ്ണാടി നോക്കി തിങ്ങി നീണ്ട കാർക്കൂന്തൽ ചീകി ഗീതു പറഞ്ഞു.
കട്ടിലിൽ കിടന്ന ഞാൻ അവള് പറഞ്ഞതിന് വല്ല്യ ചെവി കൊടുത്തില്ല.
” ആവണി എല്ലാരെ പറ്റിയും എന്നോട് പറഞ്ഞു. മറ്റുള്ളവരുമായിട്ട് വല്യ കമ്പനി എനിക്കില്ലല്ലോ .. അരവിന്ദേട്ടനേം ആവണീനേം അല്ലെ അറിയൂ എനിക്ക് . ”
“ആഹ്……”
“ആ യു എസ് അമ്മായീടെ മോൾ എന്ത് ഭംഗിയാല്ലേ കാണാൻ. ഒരാനച്ചന്തമുണ്ട് ….”
“ആര് ഭാമയോ…. ”
“ഭാമ അല്ല മനുഷ്യാ, മറ്റേ കുട്ടി, ദുർഗ്ഗ …. പേര് പോലെ തന്നെ…..”