“അതല്ലേ ഞാൻ പറഞ്ഞത് നിനക്ക് സന്തോഷ വാർത്ത ഉണ്ടെന്ന് … ”
“പോടാ അവ്ട്ന്ന് … പണ്ടെങ്ങോ എന്തോ നടന്നതിന് …..”
“ഉവ്വ ഉവ്വേ….. ” നീ ഇവിടെ നിക്ക് ഞാൻ അവരെ ഒക്കെ ഒന്ന് കണ്ടേച്ച് വരാം…..
“മ്…….” അവിനിപ്പൊ പറഞ്ഞിട്ട് പോയ ചങ്കരനാണ് എന്റെ ആജന്മ ശത്രു. ശങ്കർ എന്ന ചങ്കരൻ നമ്മുക്കെല്ലാവർക്കും കാണുമല്ലോ നമ്മളെ ചെറുപ്പം മുതലേ ചൊറിയാൻ മാത്രം വരുന്ന ഒരു അവതാരം ….. ത്‌ദന്നെ …..
ആരാ ഇവരൊക്കെ അല്ലെ?… ഇതൊക്കെയാണ് പ്രധാന കുടുംബ അംഗങ്ങൾ . വ്യക്തമായി പറയാം ….. എന്റെ മുത്തശ്ശിയ്ക്ക് 3 മക്കളായിരുന്നു. 2 പെണ്ണും ഒരാണും . അതിൽ ഇളയ മകൾ പണ്ടേ മരിച്ചു. മൂത്ത മകളുടെ മക്കളാണ് എന്റെ അമ്മയും പിന്നെ കുട്ടന്മാമനും. മുത്തശ്ശീടെ മകന്റെ മക്കളാണ് ശേഖരമ്മാവനും ലക്ഷ്മി അമ്മായിയും.
ഇനി എന്റെ അമ്മേടെ പേര് രാധ എന്നാണ് , അച്ഛൻ കൃഷ്ണനും. കുടുംബത്തിലെ ഒറ്റ മോൻ നോം മാത്രമാണ്. എന്റെ കുട്ടന്മാമന് രണ്ട് മക്കളാ. അതിൽ ആവണീടെ കല്യാണത്തിനാണ് ഇപ്പൊ ഇവിടെ കൂടിയത്. ആവണീടെ ചേട്ടനാണ് തൊട്ട് മുന്നേ സംസാരിച്ചിട്ട് പോയ അരവിന്ദൻ ,ഭാര്യ ഇന്ദു , രണ്ട് വയസായ ഒരു കുട്ടീം ഇണ്ട് അവർക്ക്
ഇനി ലക്ഷ്മി അമ്മായിയും മാധവന്മാമയും . ലക്ഷ്മി അമ്മായിടെ ഭർത്താവാണ് മാധവന്മാമ . മക്കൾ നേരത്തേ കണ്ട ഭാമയും ദുർഗ്ഗയും.
ശേഖരമ്മാവന്റെ ഭാര്യ ശാരദമ്മായി. അവർക്ക് രണ്ട് മക്കൾ. ശങ്കറും ശർമിളയും. ശങ്കർ കല്യാണം കഴിച്ചത് അനുരാധയെ ആണ് . ശർമ്മി മാരീഡ് അല്ല..
ഞാനും ആവണീം അരവിന്ദനും ദുർഗ്ഗയും ഭാമയും ചങ്കരനും ശർമീം ഒക്കെ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. കൂട്ടത്തിൽ ഏറ്റവും ഇളയത് ഭാമയാണ്. ഞാനും അവളും തമ്മിൽ 9 വയസ്സ് വ്യത്യാസമുണ്ട്. അറിവ് വച്ച സമയത്താണ് കുടുംബക്കാര് പല വഴിക്ക് പോയത്. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും പിന്നെ എല്ലാം മറന്നു. അച്ഛന്റെ നാട്ടിൽ ഒരു പാട് കൂട്ടുകാരെ കിട്ടിയപ്പൊ ഞാൻ അമ്മേടെ വീട്ടുകാരെ ഒക്കെ മറന്നു. എന്നാലും അരവിന്ദനും ഞാനും ശങ്കരനുമൊക്കെ കുറച്ച് കാലം ഒരുമിച്ച് പഠിച്ചവരാണ്. കോളേജിൽ ഞാനും അരവിന്ദനും ഒരു ക്ലാസ്സിലായിരുന്നപ്പൊ ചങ്കരൻ നമ്മുടെ സീനിയർ ആയിരുന്നു. ചെറുപ്പം മുതലേ ചിരവൈരികളായിരുന്നു ഞങ്ങൾ . കോളേജിലും അങ്ങനൊക്കെ തന്നെ. കോളേജ് കഴിഞ്ഞപ്പോൾ എല്ലാം പോയി. അരിവിന്ദും ഞാനും ചങ്കരനുമൊക്കെ പല വഴിക്കായി. അരവിന്ദിന്റെ കല്യാണത്തിന് ശേഷം ദേ ഇപ്പഴാണ് കാണുന്നത്.