നഗരത്തിലെ ചൂടും പൊടിപടലവും വാഹനങ്ങളുടെ നിലയ്ക്കാത്ത ഒച്ചയും വച്ച് നോക്കുമ്പോൾ ഈ ഗ്രാമത്തിലെ കാഴ്ചകൾ എരിവെയ്ലത്ത് പൊരിഞ്ഞ് നിക്കുമ്പോൾ നല്ല തണുത്ത നാരങ്ങാ വെള്ളം ഉള്ളിലേക്കെത്തുന്ന ഫീൽ ആണ് നൽകുന്നത്. ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ മഴക്കാറ് ഉണ്ടായിരുന്നു. ആ തണുത്ത അന്തരീക്ഷം മനസ്സിന് വല്ലാത്ത കുളിർമയേകി. കുടുംബം ചിതറി പോയില്ലായിരുന്നുവെങ്കിൽ എല്ലാരും കൂടെ ഇവിടെ ഒരുമിച്ച് താമസിക്കാനുള്ളതായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ കാലം മനുഷ്യനെ പുതിയ സാഹചര്യങ്ങളിലേക്ക് നയിച്ചു. മുട്ടയുടെ തോട് പൊട്ടിച്ച് മാനത്ത് പാറി പറക്കാൻ വെമ്പുന്ന കുഞ്ഞികിളിയെ പോലെ എല്ലാവരും ഈ ഗ്രാമമെന്ന മുട്ട പൊട്ടിച്ച് പറന്നകന്നു. മുട്ടയ്ക്കുള്ളിലെ സുരക്ഷിതത്വവും മാർദ്ദവവും നഷ്ടപ്പെടുത്തിയതിൽ പലരും ഇന്ന് പശ്ചാതപിക്കുന്നുണ്ടാവും. പക്ഷെ എനിക്ക് എന്റെ വീട്ടുകാർ തീരുമാനിച്ചതിൽ കുറ്റബോധം ഒന്നുമില്ലാരുന്നു. അല്ലേലും ഈ തറവാട് സിസ്റ്റമൊന്നും ഇനി നടക്കില്ല. എല്ലാവരും സ്വന്തം വേര് മണ്ണിൽ ഉറപ്പിക്കണം
ഗേറ്റ് കടന്നതും അകത്ത് നിന്ന് കുട്ടികളുടെ ചിരിയും കളിയുമൊക്കെ കേൾക്കാം. അവിടവിടെയായി നിന്ന പലരും കടന്നുവന്ന ഞങ്ങളെ കണ്ടു. ഇതിൽ പല മുഖങ്ങളും ഞാൻ കാണുന്നത് തന്നെ വർഷങ്ങൾക്ക് ശേഷമാണ്. എല്ലാ മുഖത്തും വല്ലാത്തൊരു സന്തോഷം നിറയുന്ന പോലെ തോന്നി. ഒരു പാട് നാള്ക്ക് ശേഷം കുടുംബത്തിലെ ഒരംഗത്തെ കാണുമ്പോൾ ഉണ്ടാവുന്ന ആ ഒരു നിറവ്..അത് അവരുടെ മുഖത്ത് നിന്ന് എന്നിലും വന്ന് നിറയുന്ന പോലെ ….
“ആ ഗോപൂ… മോനെ വാ….വാ….” ശങ്കരമ്മാവനാണ്.
“എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്….. വാ മോളേ …. മുത്തശ്ശി രാവിലെ മുതൽ നിന്നെ കാത്തിരിക്ക്യാ ……”
“ന്റെ ഗോപു അല്ലേ അത് ….” പൂമുഖത്ത് നിന്ന് മുത്തശ്ശിയാണ് വിളിച്ചത് … ഞങ്ങൾ അങ്ങോട്ടേയ്ക്ക് ചെന്നു. മുത്തശ്ശിയെ കണ്ടതും ഗീതു ഓടി അരികിലേക്ക് ചെന്നു. അവിടെ നിന്ന എല്ലാവരും വായും പൊളിച്ചാണ് ഗീതുവിനെ നോക്കിയത് … അതിന് കാരണം എനിക്കറിയാം. ഇവരൊന്നും ഈ രൂപത്തിൽ അല്ല അവളെ കണ്ടിട്ടുള്ളത്. കടും വയലറ്റ് നിറത്തിൽ വെള്ളക്കല്ല് പതിപ്പിച്ച അമ്പ്രല്ലാ മോഡൽ ചുരിദാറിൽ ഒരു രാജകുമാരിയെ പോലെയാണ് ഗീതു പ്രത്യക്ഷമായത്. വാടി മെലിഞ്ഞ ഗീതൂനെ മാത്രമെ അവർ കണ്ടിട്ടുള്ളു. സ്ത്രീജനങ്ങളിലെ അസൂയ നിറഞ്ഞ നോട്ടവും പെൺകുട്ടികളിലെ ആരാധന നിറഞ്ഞ നോട്ടവും ഞാൻ ശ്രദ്ധിച്ചു.