“ഞാന്‍ വേഗം തന്നെ വണ്ടിയും എടുത്തു അവിടെ എത്തി. അനക്കം ഇല്ലാതെ തൂങ്ങിയാടുന്ന നിന്റെ നഗ്നമായ ശരീരം ആണ് ഞാന്‍ കണ്ടത്. മുഴുവനും ലാത്തി കൊണ്ട് ചതഞ്ഞരഞ്ഞ പാടുകള്‍. മേടം അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. എന്നോട് നിന്റെ ശരീരം എവിടെയെങ്കിലും കൊണ്ട് പോയി ഉപേക്ഷിക്കാന്‍ പറഞ്ഞു.
നിന്നെ അഴിച്ചു നിലത്തിറക്കാന്‍ അവര്‍ സഹായിച്ചു. പെട്ടെന്ന് അവര്‍ക്ക് ഒരു കാള്‍ വന്നു. എന്നോട് എല്ലാം പറഞ്ഞേല്‍പ്പിച്ചു അവര്‍ അവരുടെ കാറില്‍ കയറി പോയി. നിന്നെ തൂക്കി ജീപ്പിന്റെ പുറകിലിട്ടിട്ട് ഞാന്‍ ടാര്‍പ്പ വലിച്ചിട്ടു. പിന്നെ മേഡം പറഞ്ഞത് പോലെ ഞങ്ങളുടെ അധികാര പരിധിക്കകത്തു വരുന്ന സ്ഥലം നോക്കി ഞാന്‍ ഇറങ്ങി. പതിവായി ആളൊഴിഞ്ഞു കിടക്കാറുള്ള സ്ഥലങ്ങളിലെല്ലാം ചിലര്‍ നില്ക്കുന്നു. ഞാന്‍ നിന്റെ ശരീരവും കൊണ്ട് ഒരു പാട് സ്ഥലത്ത് അലഞ്ഞു. പക്ഷെ അവിടെയെല്ലാം ആരോ പറഞ്ഞു നിര്‍ത്തിയത് പോലെ ചിലയാളുകള്‍ നില്ക്കുന്നു. അവര്‍ എന്നെ വല്ലാതെ തുറിച്ചു നോക്കി. എനിക്കെന്തോ അന്നാദ്യമായി ഉള്ളില്‍ ഒരു തരം വിറയല്‍ അനുഭവപ്പെട്ടു. പോലീസ് ജീപ്പിനുള്ളില്‍ ഇരുന്നിട്ടും ഒരു കുറ്റവാളിയാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടായി.
ഞാന്‍ ഏതൊക്കെയോ വഴിയില്‍ കൂടി വണ്ടിയോടിച്ചു. അവസാനം ജുമാ മസ്ജിദിനു പിറകിലുള്ള റോഡില്‍ വണ്ടി നിര്‍ത്തി. അല്ല ആരോ നിര്‍ത്തിച്ചത് പോലെ വണ്ടി തനിയെ നിന്നു എന്ന് പറയുന്നതാകും ശരി. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല. അറിയാതെ ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ നീ അത് പോലെ തന്നെ കിടപ്പുണ്ടായിരുന്നു.
പെട്ടെന്നാണ് ഒരു വെളിച്ചം ദൂരെ നിന്നും അടുത്ത് വരുന്നത് പോലെ എനിക്ക് തോന്നിയത്. അത് കുറച്ചകലെ നിന്നു. പെട്ടെന്ന് അത് അണഞ്ഞു. മങ്ങിയ നിലാ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു അത് acp മേഡത്തിന്റെ കാര്‍ ആയിരുന്നു എന്ന്. ഈ നേരത്ത് ഇവര്‍ ഇവിടെ വന്നതെന്തിന് എന്ന് ചിന്തിക്കുംപോഴേക്കും അവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ചുറ്റിലും നോക്കിയ ശേഷം അവര്‍ മതില് ചാടി കടന്നു ആ പഴയ കെട്ടിടത്തിന്റെ മറവിലേക്ക് നടന്നു. എനിക്ക് സംശയം ആയി. ഞാനും അവരെ പിന്തുടര്ന്നു.
അവര്‍ ഒരു മുറിയിലേക്ക് കയറി. വിജനമായി കിടക്കുന്ന ആ കെട്ടിടത്തിനുള്ളില്‍ അങ്ങനെ ഒരു മുറി ഉണ്ടെന്നത് പോലും എന്നെ അതിശയിപ്പിച്ചു.