“ഞാന്‍ എന്‍റെ ദേഷ്യം കടിച്ചമര്‍ത്തിയിരുന്നു. അന്ന് രാത്രി വരെ മാത്രമേ അതാവശ്യം ഉള്ളു എന്നെനിക്കു അറിയാമായിരുന്നു. അനിയുടെ കാന്തിവലിയിലെ ഫ്ലാറ്റിന്‍റെ അഡ്രസ് ഒക്കെ മേഡം എനിക്ക് തന്നു. പിന്നെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു മേഡത്തെ വീട്ടില്‍ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നന്നായിട്ട് ഇരുട്ടിയിട്ടു നിന്നെ പൊക്കിയാല്‍ മതി എന്ന് ഞാന്‍ വിചാരിച്ചു. അത് കൊണ്ടാണ് നേരെ വീട്ടിലേക്കു തിരിച്ചത്. എന്നാല്‍ വഴിക്ക് വച്ച് എന്തോ തോന്നി ഞാന്‍ മറ്റൊരു വഴി തിരിഞ്ഞു. എന്താണെന്നറിയില്ല ആ വഴി തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ഇരുട്ടത്ത് ഒറ്റയ്ക്ക് അലസമായി നടന്നു വരുന്ന നിന്നെ ഞാന്‍ കണ്ടു. രണ്ടും കല്‍പ്പിച്ചു വണ്ടി വഴിയിലിട്ടു ഞാന്‍ ജാക്കി ലിവര്‍ കയ്യിലെടുത്തു. ഒരു ഇയാം പാറ്റയെ പോലെ ചുറ്റിലുള്ളത് ഒന്നും ശ്രദ്ധിക്കാതെ നീ എന്‍റെ മുന്നിലേക്ക് വന്നു ചേര്‍ന്നു. എന്‍റെ കയ്യിലെ ജാക്കി ലിവര്‍ നിന്നിലേക്ക് വീശുമ്പോള്‍ ഒന്ന് പ്രതിരോധിക്കുക കൂടി ചെയ്യാതെ നീ മറിഞ്ഞു വീണു.”
“ഹ്……….”
ലക്ഷ്മിയും മേഡവും ഒരേ സമയം ഒന്ന് തേങ്ങി. ഞാന്‍ അവരെ മാറി മാറി നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. രണ്ടു പേരെയും പതിയെ ഞാന്‍ എന്‍റെ തോളോട് ചേര്‍ത്തു.
“എന്നിട്ട്?” ഞാന്‍ ചോദിച്ചു.
അയാള്‍ എന്നെ കുറച്ചു നേരം നോക്കിയിട്ട് തുടര്‍ന്നു.
“ബോധമറ്റു കിടന്ന നിന്നെ ഞാന്‍ ജീപ്പിലെടുത്തിട്ടു നേരെ ഞങ്ങളുടെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചു. സാധാരണ ക്രിമിനലുകളെ അവിടെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യാറുള്ളത്. പിന്നെ നിന്നെ അവിടെ കെട്ടി തൂക്കിയിട്ടു ഞാന്‍ എന്‍റെ കലി തീരുന്നത് വരെ തല്ലി. അപ്പോഴേക്കും acp മേഡം വന്നിരുന്നു. അവര്‍ നിന്നെ ഒന്ന് നോക്കിയിട്ട് എന്നോട് വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ അവിടെ നിന്നിറങ്ങി.”
“എന്നിട്ട്?”
“എന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ acp മേഡം എന്നെ വിളിപ്പിച്ചു.”
“നിര്‍ത്ത് നിര്‍ത്ത്… നിങ്ങള്‍ വീട്ടില്‍ പോയില്ലേ?”
“പോയി.” അയാള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.
“അവിടെ എന്ത് സംഭവിച്ചു എന്ന് പറ.”
“അതും നിങ്ങളുടെ കഥയുമായി എന്ത് ബന്ധം?”
“അതൊക്കെ ഉണ്ട്. അവിടെ എന്ത് സംഭവിച്ചെന്നു പറ.”
“ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി എന്‍റെ ഭാര്യ ആണ് വാതില്‍ തുറന്നത്.”
“അതെന്താ അങ്ങനെ?”
“അത്.. സാധാരണ ഞാന്‍ താക്കോല്‍ ഉപയോഗിച്ച് ആണ് അകത്തു കടക്കാറുള്ളത്.”