അവരുടെ കാറില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അവരോടു ഒന്നും പറഞ്ഞില്ല. അവരും. ഇടയ്ക്കെപ്പോഴോ ആ കണ്ണാടിയില്‍ തൂങ്ങിയാടുന്ന മാലയിലെ ആമയുടെ പാവയില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. അതില്‍ 136 എന്നെഴുതിയിരിക്കുന്നു. മറുപുറത്ത് B076CFWKXG എന്ന നമ്പരും.
ഞാന്‍ അതില്‍ തന്നെ നോക്കി. പല സംശയങ്ങളും എന്‍റെ മനസ്സിലൂടെ പാഞ്ഞു പോയി. പക്ഷെ ഞാന്‍ ഒന്നും ചോദിച്ചില്ല. എന്നെ ബാബയുടെ അവിടെ ഇറക്കി മേഡം ധ്രിതിയില്‍ പോയി. ഒത്തിരി തിരക്കുണ്ടെന്നു പറഞ്ഞു അവിടെ കയറിയില്ല.
ഗേറ്റ് കടന്നു ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ മുറ്റത്തൊക്കെ കുറച്ചു പേര്‍. ഞാന്‍ ഇത് വരെയും കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍. ചിലര്‍ അവിടെ അവിടെ നില്‍ക്കുന്നു. എന്തൊക്കെയോ പരസ്പരം കുശു കുശുക്കുന്നു. ചിലര്‍ അവിടെ ഇരുന്നു കൊണ്ട് എന്തൊക്കെയോ ഉറക്കെ പറയുന്നു. പക്ഷെ എനിക്കൊന്നും മനസ്സിലാക്കാന്‍ പറ്റുന്നില്ല. അവര്‍ എന്താണ് സംസാരിക്കുന്നത്. എന്നെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി അവരെല്ലാം തുറിച്ചു നോക്കാന്‍ തുടങ്ങി.
ആരാണിവര്‍? ഞാന്‍ സംശയിച്ചു കൊണ്ട് അകത്തു കയറി. നേരെ പോയത് ശില്പയുടെ അച്ഛന്‍റെ മുറിയിലേക്ക് ആയിരുന്നു. അവിടെ ചെല്ലുമ്പോള്‍ മേനോന്‍ അങ്കിളും ശില്പയുടെ അമ്മയും കൂടി എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു. മേനോന്‍ അങ്കിള്‍ ആംഗ്യത്തിലൂടെ എന്തൊക്കെയോ കാണിക്കുന്നു. അത് അവര്‍ എന്താണെന്ന് പറയുന്നു. കൊള്ളാം നല്ല കളി. ഞാന്‍ ശില്പയെ അവിടെ നോക്കി. കണ്ടില്ല. അവരെ ശല്യം ചെയ്യണ്ടാ എന്ന് കരുതി ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. അങ്ങോട്ടുള്ള വഴിയിലും അവിടവിടെയായി കുറച്ചു അപരിചിതര്‍ നിന്ന് എന്നെ തുറിച്ചു നോക്കുന്നുണ്ട്. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ അവരെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അവര്‍ പെട്ടെന്ന് ശ്രദ്ധ തിരിച്ചു അവരവരുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഞാന്‍ മുറി തുറന്നു അകത്തു കയറി. അവിടെ ആരും ഇല്ല. ശില്‍പ അമ്മയും അച്ഛനുമൊത്ത് അതിനകത്തുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ.
ബാബയെ വിളിച്ചാലോ? ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്‍റെ തലയില്‍ ഒരു വെള്ളിടി വീണു. കണ്ണുകളില്‍ ഇരുട്ടു കയറുന്നത് പോലെ. നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു മേലേക്ക് കയറി. എനിക്ക് തിരിഞ്ഞു നോക്കാന്‍ കഴിയുന്നില്ല. തല സ്തംഭിച്ചത് പോലെ. ഞാന്‍ ആ കട്ടിലിലേക്ക് എടുത്തെറിയപ്പെട്ടു. അവിടെ കിടന്നു കൊണ്ട് ഞാന്‍ അലറി വിളിച്ചു.
“ബാബാ…..”