പൂജ ഒരു നിമിഷം സ്തബ്ധയായി.
പിന്നെ അവനെ നോക്കി ചിരിച്ചു കാണിച്ചു.
അല്ലെങ്കിൽ തന്നെ അനഘയ്ക്ക് പണി കൊടുക്കാൻ കൊടുക്കാൻ താനും ഗ്രീഷ്മയും കൂടി പ്ലാൻ ചെയ്തു എന്ന് പറഞ്ഞു കേട്ടതിന് കയ്യും കണക്കും ഇല്ല. ഈ സംസാരം മുന്നോട്ടു പോയാൽ താൻ വയറു നിറയെ കേൾക്കേണ്ടി വരുമെന്ന് അവൾക്ക് മനസ്സിലായി.
ആ ചിന്തയാണ് കോംപ്രമൈസ് എന്ന രീതിയിൽ ചിരിയായി പുറത്തെത്തിയത്. വിഷ്ണു അവളുടെ അടുത്തേക്ക് വന്ന് തലയിലൊരു കൊട്ട് കൊടുത്തു.
“മേലാൽ നമുക്കിടയിൽ അവളുടെ പേര് കൊണ്ട് വരരുത്. നിനക്ക് വേറൊരു സാഹചര്യത്തിൽ അവളെന്താ വിളിച്ചു പറഞ്ഞതെന്ന് ചോദിക്കാമായിരുന്നു. എന്നിട്ട് നീയിപ്പോ ചോദിച്ച രീതിയോ?
ചൈൽഡിഷ്!
നിന്റെയീ ഒട്ടും മെച്ചുവേർഡ് അല്ലാത്ത രീതികളൊക്കെ എന്ന് മാറും പൂജ?”
അനിയത്തിയുടെ മുഖം വീണ്ടും മങ്ങിയത് കണ്ടു.
“ഇങ്ങ് വാ.” അവനവളുടെ തോളിലൂടെ കൈയിട്ടു മുന്നോട്ടു നടന്നു.
“ഏട്ടൻ ആവറേജ് എന്ന് പറഞ്ഞത് വെറുതെയല്ലേ?
നിനക്ക് തോന്നുന്നുണ്ടോ ഞാൻ ശരിക്കും അങ്ങനെ പറയുമെന്ന്.
നീയെന്റെ കുഞ്ഞല്ലേ… നീയെന്റെയല്ലേ…”
അവളെ അവൻ ഒന്നുകൂടി അടക്കിപ്പിടിച്ചപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നറിയാതെ പൂജയുടെ കണ്ണുകൾ നിറഞ്ഞു.
“ഐ ലവ് യു ഏട്ടാ..” അവളവനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുത്തി.
“ലവ് യു ടൂ..” അവനും അവളുടെ തല മുടിയിൽ ഉമ്മ വച്ചു. പിന്നീട് നെറ്റിയിലും കവിളിലുമൊക്കെ എത്രയോ ഉമ്മകൾ വീണു കഴിഞ്ഞു.
“ഇറങ്ങാം?”
“മ്മ്… നില്ലേ…കണ്ണാടിയിലൊന്ന് നോക്കട്ടെ. “ പൂജ തിരിഞ്ഞ് ഓടിപ്പോയി കണ്ണാടിയിൽ മുഖം നോക്കി.