ഇറച്ചി കോഴികൾ വിൽക്കപ്പെടും
Erachi Kozhikal Vilkkappedum | Author : Urvashi Manoj
“അയ്യേ … കോഴി കച്ചവടമോ .. ഞങ്ങടെ കടയിലോ .. നടക്കില്ല ചേച്ചി “
വിരുന്ന് വന്ന നാത്തൂനും ഭർത്താവിനും ചായ ഇടുന്ന തിരക്കിനിടയിൽ സുമ പറഞ്ഞു.
“നീ എടുത്ത് ചാടി അങ്ങനെ പറയാതെ സുമേ .. കുവൈറ്റിൽ നിന്നും പ്രശാന്തൻ വിളിക്കുമ്പോൾ അവനോടും കൂടെ ഒന്ന് ചോദിക്കൂ … അവന്റെ ചേച്ചിക്കും ഭർത്താവിനും ഒരു ബിസിനസ്സ് തുടങ്ങുന്നതിന് ഒരിക്കലും അവൻ എതിര് പറയില്ല “
അല്പം പരിഭവത്തോടെ ലളിത പറഞ്ഞു.
“അയ്യോ .. ചേച്ചി .. നിങ്ങള് ഞങ്ങടെ വീടിന് മുന്നിൽ ഒഴിഞ്ഞ് കിടക്കുന്ന കട മുറിയിൽ എന്തെങ്കിലും ബിസിനസ് നടത്തുന്നതിന് ഒരിക്കലും ഞാൻ എതിരല്ല , കുവൈറ്റിൽ നിന്നും ജോലി മതിയാക്കി വരുന്ന സമയത്ത് എന്തെങ്കിലും സ്വന്തമായി ചെയ്യുന്നതിനു വേണ്ടിയാണ് കഴിഞ്ഞ വരവിന് പ്രശാന്ത് ഏട്ടൻ ആ ഒരു മുറി കട പണിഞ്ഞ് ഇട്ടത്. പക്ഷേ വീടിന്റെ തൊട്ടു മുന്നിൽ ഇട്ട് കോഴികളെ കൊല്ലുന്ന പരിപാടി എനിക്ക് അത്ര താല്പര്യമില്ല “
പാത്രത്തിൽ നിന്നും ചായ ഗ്ലാസ്സിലേക്ക് പകർന്ന് ലളിതയ്ക്ക് നേരെ നീട്ടി സുമ പറഞ്ഞു.
“നീ ഇത് എന്താണ് സുമേ പറയുന്നത്, നമ്മൾ ആരും അല്ലല്ലോ കോഴിയെ കൊല്ലുന്നത് .. സുധാകരൻ ഏട്ടന്റെ പരിചയത്തിൽ ഒരു പയ്യൻ ഉണ്ട്. അവൻ എല്ലാ കാര്യവും നോക്കിക്കോളും “
സുമ നൽകിയ ചായ വാങ്ങി കുടിച്ചു കൊണ്ട് ലളിത പറഞ്ഞു.
“ആഹാ … എനിക്ക് ചായ തരാതെ നാത്തൂന് മാത്രം കൊടുത്തോ സുമേ “
അടുക്കളയിലേക്ക് കയറി വന്ന സുധാകരൻ അവരോടായി ചോദിച്ചു.
“എട്ടനുള്ള ചായ ദേ ഞാൻ ഉമ്മറത്തേക്ക് കൊണ്ട് വരിക ആയിരുന്നു “
അല്പം ബഹുമാനത്തോടെ തന്നെ ചായ സുധാകരന് നേരെ നീട്ടിക്കൊണ്ട് സുമ പറഞ്ഞു.