“എന്നാലും നല്ല പ്ളാനായിരുന്നു. ഹോ ഇവളുടെ ആ ഞെട്ടൽ,” ഹരിപ്രസാദ് ലച്ചുവിനെ കളിയാക്കി. അത് കേട്ട് അവൾ അച്ഛനെ നോക്കി പേടിപ്പിച്ചു. ലച്ചു കാണിക്കുന്നത് കണ്ട് എല്ലാവർക്കും ചിരിപൊട്ടി. “എന്നാലും നിങ്ങളിത് എങ്ങനെ സെറ്റ് ചെയ്തു. സത്യം പറഞ്ഞാ ഞാൻ പോലും മറന്നുപോയി” ഹരിപ്രസാദ് ചോദിച്ചു.
“ഞങ്ങൾക്കും ഓർമ്മയില്ലായിരുന്നു അങ്കിളേ, പിന്നെ കിച്ചു പറയുമ്പഴാ ഞങ്ങളും ഓർത്തത്” വിക്കി പറഞ്ഞതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കിയതും അവളേ തന്നെ നോക്കുകയായിരുന്ന അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഒരു നിമിഷം ്് കൂട്ടിമുട്ടി. അപ്പോൾ അവളുടെ മുഖത്ത് കണ്ട തിളക്കം മാത്രം മതിയായിരുന്നു അവന് മനസ്സ് നിറഞ്ഞ് ചിരിക്കാൻ. “പിള്ളേരേ വാ വാ, കട്ട് ചെയ്യാം” രമ പറയുന്നത് കേട്ട് എല്ലാവരും ടേബിളിന്റെ ചുറ്റും കൂടി.
ലച്ചു കേക്ക് മുറിച്ചപ്പോൾ എല്ലാവരും പാടി. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അപ്പോൾ ലച്ചുവിലും വന്നു. കട്ട് ചെയ്ത ആദ്യ കഷണവും പിടിച്ച് അവൾ എല്ലാവരേയും നോക്കി.
നവിയിലേക്ക് നോട്ടം എത്തിയതും അവൻ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് അവളും നോക്ക്ഇ. അച്ഛനേയും, അമ്മയേയും കണ്ട ലച്ചു അവരുടെ അടുത്തേക്ക് ചെന്നു. ആദ്യം മായയ്ക്കും അത് കഴിഞ്ഞ് ഹരിപ്രസാദിനും കേക്ക് കൊടുത്തു. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ മകളെ അത്ര സന്തോഷത്തോടെ കണ്ട് അവർക്കും വളരെയധികം സന്തോഷമായി. മായയും പ്രസാദും ലച്ചുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. പിന്നെ കേക്ക് തിന്നും, ക്രീം പരസ്പരം ്് വാരി തേച്ചും അവർ സന്തോഷം പങ്കുവച്ചു.
= = =
എല്ലാം കഴിഞ്ഞ് അവർ ഹാളിൽ ഒത്തുകൂടി. “മോളെ, എന്റെ മോൾക്ക് എന്താ ബർത്ത് ഡേ ഗിഫ്റ്റായി വേണ്ടത്” ലച്ചുവിനെ ചേർത്ത് പിടിച്ച് ഹരിപ്രസാദ് ചോദിച്ചു. “ഒന്നും വേണ്ട അച്ഛാ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഏയ് ഇല്ല, അങ്ങനെ പറഞ്ഞാ പറ്റില്ല. എന്തെങ്കിലും പറഞ്ഞേ പറ്റൂ.” “എന്തെങ്കിലും പറ ലച്ചൂ, നമ്മളോട് ആരും ഇങ്ങനെ പറയുന്നില്ലല്ലോ ദൈവമേ” ചിന്നു പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. “അച്ഛന് ഇഷ്ടമുള്ളത് മതി” ലച്ചു പ്രസാദിനോട് പറഞ്ഞു. “ഉം, സോപ്പ്” മായ അവരെ നോക്കി ചിരിച്ചു.