താടിയും മുടിയും. വേഷം വെള്ള ഷർട്ടും വെള്ള മുണ്ടും. കാണാൻ ഒരു ഗുണ്ടയുടെ ഒരു ലക്ഷണവുമില്ല. “ഉപ്പൂപ്പാന്റെ പൊന്നെ ഉപ്പൂപ്പാന്റെ മുത്തേ ” എന്നൊക്കെ വിളിച്ചു കൊച്ചിനെ കൊഞ്ചിക്കുന്നു. ഞാൻ പ്രതീക്ഷിച്ചത് സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു ടെറർ സീൻ ആണ്. ഇതിപ്പോ ഒരു സാധാരണ മനുഷ്യൻ. അയാൾ ഞങ്ങളെ ശ്രദ്ധിച്ചു.
ബഷീർ : ” അല്ലാ ആരിത്….. ഇരിക്കിനെടാ. ആരാണ്ടാ പുതിയ ഒരു ചങ്ങാതി. ”
ജോയലും മനുവും അവിടെ ഇരുന്നു. ഞാനും ഇരുന്നു.
ജോയൽ : ” ഇക്ക ഇതാണ് ഞാൻ പറഞ്ഞ മറ്റേ പ്രണയിച്ചു സീൻ ആയ ”
ബഷീർ : ” അയ്ശെരി അപ്പോ നീയാണ് ആ മൊതല് ”
ജോയൽ : ” ഇക്കാ അറിയാല്ലോ. പെണ്ണിന്റെ അപ്പൻ തന്നെയാണ് ഇവന്റെ അപ്പനും ”
ബഷീർ : ” ഓഹ് നിങ്ങൾ പറഞ്ഞാരുന്നല്ലാ. മോനെ ഞാൻ ഒരു കാര്യം പറയാം ഇത് നിസ്സാര കാര്യം ആണ്. നീ അങ്ങോട്ട് അന്റെ വാപ്പാനോട് എല്ലാം പറഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഒള്ളു ”
ഞാൻ : ” അല്ല ഇക്കാ അതിനൊള്ള ഒരു ധൈര്യം ഇല്ല. ”
മനു : ” ഇക്കാ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുവോ ”
ബഷീർ : ” എടാ നമ്മള് എടപെട്ടാൽ ആയിരിക്കും ഇത് പ്രശ്നം ആവുക. മാത്രമല്ല നമ്മള് ഈ വെട്ടും കുത്തും പോലിസ് സ്റ്റേഷൻ ഒക്കെ ആയിട്ട് നടക്കുന്നവർക്ക് ഇടപെടാൻ പറ്റിയ കേസ് ആണോടാ ഇത്. നമ്മളാരാ കല്യാണ ബ്രോക്കറാ. ”
ജോയൽ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.
ജോയൽ : ” ഇക്കായ്ക്ക് അറിയാല്ലോ പ്രണയിക്കുന്നവരുടെ മനസ്സ്. പ്രണയം തകർന്നാൽ അവര് ചങ്ക് പൊട്ടി മരിക്കും. ”
മാക്സിമം സെന്റി അടിച്ചു ജോയൽ മെഴുകാൻ തുടങ്ങി. അത് കണ്ടാൽ അവന്റെ കല്യാണ കാര്യം ആണെന്ന് തോന്നും.
ബഷീർ ഇക്കയെ ജോയൽ ഇമോഷണൽ ആയി സോപ്പ് ഇട്ട് പതപ്പിക്കാൻ തുടങ്ങി. ബഷീർ ഇക്കയ്ക്ക് എന്തൊക്കെയൊ പാവം തോന്നി.
മനു : ” ഇക്കാ സംഭവം ഇവന്റെ അച്ഛൻ ആയത് കൊണ്ട് നമുക്ക് ടൂൾസ് എടുക്കാൻ പറ്റില്ല. അപ്പോൾ ബുദ്ധി ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാണം.
ബഷീർ : ” അതായത്. പെണ്ണിനെ കെട്ടണം അച്ഛൻ എതിർക്കരുത്. അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണം. ശെരി. അച്ഛൻ ഇതറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം ”
ഞാൻ : ” അതാണ് എന്റെയും പേടി. ”
ബഷീർ : ” അപ്പൊ നിങ്ങൾ രണ്ടാളും പറയാതെ അച്ഛൻ അറിയണം. അപ്പൊ നമുക്ക് മനസിലാവും പ്രതികരണം. അപ്പൊ ഒറ്റ വഴിയേ ഒള്ളു. ഒളിച്ചോട്ടം. ”
എന്റെ ഒള്ള പ്രതീക്ഷ കൂടി പോയി.
ഞാൻ : ” ഇക്കാ അത് നടക്കില്ല. ”
ബഷീർ : ” എന്തേയ് ”
ഞാൻ : ” ഒളിച്ചോടാൻ അവള് സമ്മതിക്കില്ല ”
ബഷീർ : ” ആ പഷ്ട്. ഇതെന്തൊരു പെണ്ണ് ആടാ. ”
ജോയൽ : ” ഇക്കാ എനിക്കൊരു കിണ്ണം കാച്ചിയ ഐഡിയ ”
ബഷീർ : ” പറ ”
ജോയൽ : ” പെണ്ണിനെ തട്ടിക്കൊണ്ടു വരാം. എന്നിട്ട് ഇവനെ കൊണ്ട് കെട്ടിക്കാം ”
ഞാനും മനുവും ബഷീറും അവനെ ഒന്ന് നോക്കി.