“പോടാ കോഴിമൊട്ട മോറാ… ഞാൻ എത്ര നാളായി നിന്നെ കാണുന്നതാ. എനിക്കറിയാ നിൻ്റെ മൊഖം കണ്ടാ എന്താ മനസ്സിൽ വിചാരിക്കണതെന്നു.”
“നിനക്കെന്ത് തോന്നി കണ്ണാടിയിൽ നോക്കിയപ്പോൾ?”
“എനിക്ക് നല്ല ഇഷ്ടായി. അതല്ലെ ഞാൻ ഒറപ്പിച്ചു പറഞ്ഞത് നിനക്കും ഇഷ്ടാവുംന്ന്.”
“അതെന്താ അങ്ങനെ?”
“ എൻ്റേം നിൻ്റേം ടേസ്റ്റ് ഒന്നാ ഞാൻ പറയാറില്ലെ.?”
“അതിനു നീ എപ്പഴാ ന്നെ നക്കി നോക്കിയത്?!! ഇനി ഞാൻ നിന്നെ നക്കി നോക്കാൻ ആണെങ്കിൽ, ൻ്റെ നാക്കി ഗ്ലൗസ്സ് ഇടണം!!, അത്രക്ക് ഉണ്ട് പുട്ടി മുഖത്ത്..”
പറഞ്ഞ് തീരും മുൻപേ പുറത്ത് കടികിട്ടി “ആഹ്……”
ചൂടുള്ള പാലക്കാടൻ കാറ്റിനെയും കീറിമുറിച്ച് സ്കൂട്ടർ വീട്ടിലേക്ക് പോയി കൊണ്ടിരുന്നു.
*******
കണ്ടവരെല്ലാവരും കണ്ണ് പറ്റാതിരിക്കാൻ അവളെ ഉഴിഞ്ഞു തലയിൽ വിരൽഞ്ഞൊടിച്ചു. പാലക്കാടൻ സൗന്ദര്യം എല്ലാം വഴിഞ്ഞൊഴുകുന്ന ഒരു നാടൻ പൊട്ടിപെണ്ണ്. കെട്ടുന്ന ആരായാലും അവളെ നല്ല പോലെ നോക്കിയാൽ മതിയായിരുന്നു. അല്ലെങ്കിലും ഇത്രയും പാവമായ അവളെ ഉപദ്രവിക്കാൻ ആർക്കാണ് മനസ്സ് വരുക, അത്രയ്ക്കും ക്രൂരന്മാർ ആരാണുള്ളത്.
അല്പനേരത്തിനുള്ളിൽ ചെക്കനും വീട്ടുകാരുംവന്നു അവളുടെ സൗന്ദര്യം വെച്ചു നോക്കുമ്പോൾ ഒട്ടും യോജിക്കാത്ത ഒരുപയ്യൻ എങ്കിലും അവൾ ഒരുപാട് സന്തോഷവതിയായിരുന്നു. അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല സാധാരണ നാട്ടിൽപുറത്ത്കാരിയുടെ സ്വപ്നങ്ങൾ മാത്രം. അവളൊരു നല്ല സാരിയോ മാലയോ കല്ലുവച്ചൊരു മൂക്കുത്തിയോ ഒരു കമ്മൽ പോലും അണിഞ്ഞ് ഞാൻ കണ്ടിട്ടില്ല.
വിളമ്പലും, മറ്റു കാര്യങ്ങൾ നോക്കലും എല്ലാം ഞാനും കൂട്ടുകാരും തന്നെയായിരുന്നു. അവളുടെ അച്ഛന് ഒട്ടും ത്രാണിയില്ലായിരുന്നു. നൂറുകൂട്ടം സൂക്കേടുകൾ ഉണ്ട്. അവർക്ക് വേറെ ബന്ധുക്കാരോ സുഹൃത്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും അച്ഛനും അമ്മയും മാത്രമായിരുന്നു അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കാരും എല്ലാം. എന്ത് കാര്യമുണ്ടെങ്കിലും അവൾ എൻറെ അടുത്തേക്കാണ് ഓടിവരാറ്. ഞാനും അങ്ങനെ തന്നെ. ചെറുപ്പം മുതലുള്ള ശീലമാണ്. കുഞ്ഞിലെ മുതലേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അവളായിരുന്നു എൻറെ എല്ലാം. കുഞ്ഞുകാലം എന്നെ നോക്കിയതും, പൂത്താങ്കീരി കളിച്ചുനടന്നതും, കളിപറഞ്ഞതും, എല്ലാം പറഞ്ഞ്തന്നതും അവൾ തന്നെയായിരുന്നു.