ഉണർന്നതല്ല ആരോ നിലത്തിട്ട് ചവിട്ടുകയായിരുന്നു, സ്വബോധം വരുമ്പോൾ അച്ഛനാണ്, വീടിനു പുറത്തും അകത്തുo ആളുകൂടിയിട്ടുണ്ടു. വാതിലു പൊളിച്ച കമ്പിപ്പാര അവിടെ കിടക്കുന്നുണ്ടായിരുന്നു. അച്ഛൻ അടുത്തതായി എന്നെ പെരുമാറാൻ അതിൽ കൈവച്ചപ്പോഴേക്കും അമ്മയതിൽ കടന്നുപിടിച്ചു. ആരൊക്കെയോ കരയുന്നുണ്ട്. ചിലർ ദേഷ്യത്തിലെന്തൊക്കെയോ പറയുന്നുണ്ട്. എനിക്കു ഇന്നലത്തെ കാര്യങ്ങൾ കൃത്യമായിട്ടല്ലെങ്കിലും തലയിൽ മിന്നിമറയുന്നുണ്ട്.
ഞാൻ പെട്ടന്ന് ചുറ്റും എച്ചിയെ തിരഞ്ഞു. അവൾ വാതിലിൻ്റെ ഓരത്ത് ചുവരിനോട് ചേർന്ന് നിന്ന് മുഖം പൊത്തികരയുന്നുണ്ടു. പുതപ്പു വാരിയുടുത്ത് പിടിച്ചിട്ടുണ്ട്. എനിക്ക് എന്ത് പറയണം എന്നില്ലാതായി. എഴുന്നേറ്റു നിന്നപ്പോളാണ് ദേഹത്ത് ഒരു വസ്ത്രം പോലുമില്ലെന്നു മനസ്സിലാവുന്നത്.
എന്തൊക്കെയോ വലിച്ച് ഉടുത്തു നാണം മറച്ചു. എല്ലാവരുടെ മുഖത്തും ദേഷ്യവും, അപമാനഭാരവും, വെറുപ്പും. എനിക്ക് ഇപ്പോൾ ഈ നിമിഷം മരിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നിപോയി. വല്ലാത്ത അവസ്ഥ.
അച്ഛൻ എൻ്റെ കഴുത്തിനു പിടിച്ച് പുറത്തേക്ക് തള്ളി. ഞാൻ ആരെയും നോക്കാതെ വീട്ടിലേക്ക് നടന്നു. മച്ചിലെ മുറിയിൽ പോയിരുന്നു.
ഒരുപാടു നേരം വിളിച്ചിട്ട് വാതില് തുറക്കാതെ വന്നപ്പോൾ അവൾക്കെന്തോ ആപത്ത് പറ്റിയെന്ന് വിചാരിച്ചാണ് എല്ലാവരും കൂടിവാതിൽ കുത്തി തുറന്നതെന്ന് പിന്നീട് അറിഞ്ഞു.
അന്ന് ഇവിടെ ഈ മുറിയിൽ ഇരുന്ന് തുടങ്ങിയതാണ്. രണ്ടു ദിവസം പുറത്ത് എന്ത് നടന്നെന്നു പോലുമറിയില്ല. ഇടക്കെപ്പോഴെങ്കിലും കരഞ്ഞ് കലങ്ങിയ കണ്ണുമായി അമ്മ വന്ന് ഭക്ഷണം വല്ലതും കൊണ്ട് വച്ച് പോകും. ചിലപ്പോൾ കഴിക്കുo, ഇല്ലെങ്കിൽ അമ്മ തന്നെ കുറച്ചു കഴിഞ്ഞാൽ എടുത്ത് കൊണ്ടുപോകും. എങ്കിലും ഒരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇത് അധികം പേർ അറിഞ്ഞിരിക്കില്ലെന്നും. എല്ലാവരും പതിയെ മറക്കുമെന്നും.
എല്ലാത്തിലും ഉപരി ചേച്ചിയെ ഒന്നു കാണണം, തെറ്റെൻ്റെയല്ലെങ്കിലും മാപ്പ് പറയണം എന്ന് മനസ്സിൽ ആഴത്തിൽ തോന്നി. അവൾക്കൊപ്പം കരയാനോ, അവളെ ഒന്നു സമാധാനിപ്പിക്കാനോ പോലും ആരും അവിടെ കാണില്ല.
ഒരിക്കൽ അമ്മ വന്ന് പോകുമ്പോൾ “ഏച്ചി?” എന്നു മാത്രം ആകംഷയിൽ ചോദിച്ചു ദഹിപ്പിക്കുന്ന നോട്ടമായിരുന്നു ഉത്തരം. പടിയിറങ്ങും മുൻപ്
“അവളുടെ കല്യാണം മുടങ്ങി, നീ കാരണം…”