അമ്പടീ.. നീയാള് കൊള്ളാല്ലോ.. ഇനിമുതൽ നീയാ എൻറെ ഗൈഡ്.. ബാ.. നമുക്ക് പോവാം..
കണ്ണ് അത്ഭുതത്തോടെ വിടർത്തികൊണ്ട് പെണ്ണിന്റെ കയ്യിൽപിടിച്ച് അത്രയും പറഞ്ഞതും ഒന്നും മനസ്സിലാകാതെയവൾ എന്നെ ഉറ്റുനോക്കി.
ബാ പോവാം.. എന്നെ കൊണ്ടാക്കാം.. എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ നിന്നാലെങ്ങനാ? പോണ്ടേ?
ബാഗ്പാക്ക് തോളിലിട്ട് ട്രോളിയും കയ്യിൽപിടിച്ച് ഞാൻ കുസൃതിയോടെ ചോദിയ്ക്കുമ്പോഴും, കുഞ്ഞാറ്റയുടെ കണ്ണ് എന്റെ മുഖത്തുതന്നെ തറഞ്ഞു നിൽപ്പായിരുന്നു. എന്റെ ചോദ്യത്തിനൊപ്പം മുഖത്തൊരു ചിരികൂടി വന്നതും പെണ്ണിന് തന്റെ ഉദ്യമത്തെക്കുറിച്ചുള്ള ബോധ്യംവന്നു.
ബാ പോവാ.. എന്റെ കൈ പിദിക്കണം കേത്തോ.. ഇല്ലേ വീയും..
വല്യ കാര്യംപോലെ പറഞ്ഞവസാനിപ്പിച്ച് എന്നെ നോക്കിയതിന് ശെരിയെന്ന ഭാവത്തിൽ ഞാൻ തലയാട്ടി.
സൂക്ഷിച്ച് കൊണ്ടുപോവൂലേ എന്നെ? എന്തേലുംപറ്റിയാ എന്റെ അമ്മയെന്നെ വഴക്ക്പറേം കേട്ടോ..
സ്റ്റെപ്പു കയറുന്നതിനിടയിൽ ഞാൻ പറഞ്ഞതും കുഞ്ഞെന്നെ മുറുകെ പിടിയ്ക്കാനൊക്കെ ശ്രെമിയ്ക്കുന്നുണ്ടായിരുന്നു.
ദാ.. അവിദാ മുരി…
പതിയെ പതിയെ പടികയറി ഒടുവിൽ മുകളിലെത്തിയതും ഇടനാഴിയിലെ രണ്ടാമത്തെ മുറിചൂണ്ടി അവൾപറഞ്ഞു. കേട്ടതും ഞാനുമവിടേയ്ക്ക് ചുമ്മാതൊന്നു നോട്ടമുതിർത്തു.
പിന്നെ കുഞ്ഞിനോടൊരു താങ്ക്സുംപറഞ്ഞ് ഞാൻ റൂമിനുള്ളിലേയ്ക്കു കയറി.
മുറിയ്ക്കകം കണ്ട എന്റെ കണ്ണുകൾ വിടർന്നു. പുറമേനിന്ന് ഒരു പഴയ തറവാട് വീടായി തോന്നിയെങ്കിൽ അകത്തെ അവസ്ഥ അതായിരുന്നില്ല.
നാലിൽ മൂന്നു ഭിത്തിയിലും വെള്ളപെയിൻ്റും നാലാമത്തെ ബെഡ്ഡിൻ്റെ പിന്നിലെ ഭിത്തിയിൽ മനംമയക്കുന്ന പിങ്കും പെയിൻ്റ് ചെയ്തിരുന്ന അത്യാവശ്യം വലിയൊരു മുറി തന്നെയായിരുന്നു അത്. മുറിയുടെ ഒത്ത നടുവിലായി ഒരു കിംഗ് സൈസ് ബെഡ്ഡും. ബെഡിൻ്റെ ഇരുവശത്തും ബെഡ് ടേബിൾ. ഒന്നിൽ ഭംഗിയുള്ള ഒരു നൈറ്റ് ലാംപ്. മറുവശത്ത് ടേബിളിനോട് ചേർന്ന് പ്ലഗ് പോയിൻ്റ്. ജനലിന്റെ വശത്തായി സെറ്റ് ചെയ്തിട്ടിരിയ്ക്കുന്ന സോഫ കം. ബെഡ്ഡിൽ കിടന്നാൽ പുറത്തെ കാഴ്ചകളും നീണ്ടുപരന്ന പച്ചപ്പും കാണാം. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പച്ചപുതച്ച പാടത്തിൻ്റെ മനം നിറയ്ക്കുന്ന കാഴ്ചയും കണ്ടുള്ള കിടപ്പ് ഓർത്തപ്പോൾ തന്നെ ഉള്ളിലൊരു കുളിര്.
അങ്ങനെ അതും ആസ്വദിച്ചു നിൽക്കുമ്പോഴാണ് ആരോ സ്റ്റെപ്പുകയറി വരുന്ന കാലൊച്ച കേൾക്കുന്നത്. വാതിൽക്കലേയ്ക്കു നോക്കിയപ്പോഴേയ്ക്കും ധ്വനിച്ചേച്ചിയവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.