ആദീ.. നീയെന്താ അവിടത്തന്നെ നിൽക്കുന്നെ? കേറി പോരിങ്ങോട്ട്..
സ്റ്റെപ്പിനടുത്തു വന്ന് വല്യമ്മകൂടെ വിളിച്ചതും അതുവരെ എവിടെയോ അലഞ്ഞ എന്റെ ചിന്തകളെ കൂട്ടിലാക്കി ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി. വല്യമ്മയോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പടവുകൾ എണ്ണിക്കയറുമ്പോൾ എന്റെ ബാഗുമായി മുന്നിൽക്കയറിപ്പോയ ചേച്ചിയുടെ അടുത്തേയ്ക്ക് മൂന്നുനാലു വയസ് തോന്നിയ്ക്കുന്ന ഒരു കുഞ്ഞിപ്പെണ്ണ് ഓടിവന്നു തൂങ്ങി. അവളെയെടുക്കാനായി ചെറുതായൊന്നു കുനിഞ്ഞപ്പോൾ പിന്നോട്ടുന്തിയ കൊഴുത്ത മാംസക്കുപ്പയിലേയ്ക്ക് നോട്ടം വഴിമാറുമ്പോഴേയ്ക്കും
ഇതാണ് അവളുടെ മോള്! നീ കണ്ടിട്ടില്ലല്ലോ..
പരിഹാസത്തിനൊപ്പം ഒരു കുത്തൽകൂടി ഉണ്ടായിരുന്നൂ വല്യമ്മയുടെ ആ വാക്കുകളിൽ. ഞാനതിനു നോട്ടം മാറ്റിയൊന്നു ചിരിയ്ക്കുകമാത്രം ചെയ്തു.
പതിനാല് പടവുകൾ! എണ്ണിതിട്ടപ്പെടുത്തി വീടിനു മുന്നിലെത്തുമ്പോൾ വലിയ ഉമ്മറത്തെ ചാരുപടിയിൽ വല്യച്ഛൻ ഇരിപ്പുണ്ടായിരുന്നു.
മുറ്റത്തെ തുളസിത്തറയോട് ചേർന്ന് കുഞ്ഞു കുഞ്ഞു പൂച്ചെടികളും.. തൊട്ട് എതിർവശത്തായി വല്യ നന്ദ്യാർവട്ടത്തിന്റെ മരവും ചാമ്പയുമൊക്കെ തണൽ വിടർത്തി നിൽക്കുന്നുണ്ട്. പൂക്കൾ കൊഴിഞ്ഞുവീണ് അവിടമാകെ നിറഞ്ഞിട്ടുണ്ടെങ്കിലും അതിനും എന്തോ ഒരു മനോഹാരിത എനിയ്ക്കനുഭവപ്പെട്ടു. എവിടെതുടങ്ങി എവിടെ അവസാനം കണ്ടെത്തണമെന്ന് അറിയാത്തവിധം അവിടമാകെ ഞാൻ കാണാത്തത് പലതും സർവ്വാധിപത്യം സ്ഥാപിച്ചിരുന്നു. ഒരു ദിവസം നോക്കിയാൽ തീരാവിധം ചുറ്റോടുചുറ്റും പലവിധ മരങ്ങൾ.
ഇങ്ങ് കേറി വാടാ.. എന്തേ അവിടത്തന്നെ നിന്നു കളഞ്ഞേ?
എന്നെ കണ്ടപാടേ ഉടുത്തിരുന്ന മുണ്ട് ഒതുക്കി തോളിലെ തോർത്തുമുണ്ട് ഒന്നുകൂടെ വിടർത്തി ചുമലിലിട്ട് അടുത്തേയ്ക്കു വന്നുകൊണ്ട് വല്യച്ഛൻചോദിച്ചതും ഞാൻ ചിരിയോടെ അടുത്തുചെന്നു.
യാത്രയൊക്കെ സുഖായിരുന്നോ മോനെ?
കൈയ്ക്കു പിടിച്ച് വല്യച്ഛൻ ചോദിച്ചതിന് ഞാൻ ചിരിച്ചുകൊണ്ട് തലകുലുക്കി.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിൽ ചേച്ചിയുടെ കയ്യിൽതൂങ്ങിനിന്ന കുഞ്ഞിപ്പെണ്ണ് എന്നെ കൗതുകത്തോടെ നോക്കുന്നുമുണ്ട്.
അമ്മ പറഞ്ഞായിരുന്നു കാര്യങ്ങളൊക്കെ.. അതു പ്രകാരമാ ഇവൾ അഡ്മിഷൻ ഒക്കെ ശരിയാക്കിയത്.. ഇതെന്തുപറ്റി ഇങ്ങോട്ടേയ്ക്കു പോരാൻ തോന്നാൻ? ഇപ്പഴാണോ ഞങ്ങളെയൊക്കെ ഓർമവന്നത്?
ചേച്ചിയെചൂണ്ടി പറഞ്ഞു തുടങ്ങിയത് എന്നിലേയ്ക്കു വന്നു തീർന്നപ്പോൾ ഞാനൊരു ചമ്മിയ ചിരിചിരിച്ചു. അപ്പഴേയ്ക്കും വന്നു മറുപുറത്തുനിന്ന് അടുത്ത ആണി..
അവിടെ മൊത്തം അലമ്പായിരുന്നമ്മേ ആശാൻ.. അതുകൊണ്ട് അവരെല്ലാംകൂടി നാടുകടത്തിയതാ പൊന്നോമനയെ..
കുഞ്ഞിനെ തുടകളിൽ ചേർത്തുപിടിച്ച് ചേച്ചി എനിയ്ക്കിട്ട് കൊട്ടി. അപ്പോഴുള്ള അവളുടെ ചിരിയുടെ ഭംഗിയിൽ കളിയാക്കിയതാണെന്നു പോലും ഞാൻ മറന്നുപോയിരുന്നു.