സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു
വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു..
എന്നാൽ ഞാൻ കണ്ണൂർക്ക്.. വല്യമ്മയുടെ വീട്ടിലേയ്ക്കു പൊക്കോളാം..
എന്നിലുള്ള സകലപ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് അച്ഛൻ അകത്തേയ്ക്കു പോകാനായി തുടങ്ങുമ്പോഴാണ് ഞാനങ്ങനെ വിളിച്ചുപറഞ്ഞത്. അതിനവരുടെ മറുപടിയെന്താകും എന്നൊരുചോദ്യം അപ്പോഴേയ്ക്കും എന്റെമുഖത്തും നിഴലിട്ടിരുന്നു.
എങ്കിലും അതൊന്നുമൊരു പ്രശ്നമല്ലന്നമട്ടിൽ ബുദ്ധിയുടെമറുവശം കട്ടയ്ക്കു കൂടെനിന്നതും പിന്നൊന്നുമോർക്കാതെ ഞാൻ കല്ലുപോലെ നിന്നു. പോരാത്തതിന് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ചൂട് ഇവിടത്തെക്കാളും കണ്ണൂരാണല്ലോ കൂടുതൽ. കോളേജിലൊക്കെ മാസ്സ് കാണിച്ചു മെഴുകാമെന്ന ചിന്തകൂടിയായപ്പോൾ കണ്ണൂർമതിയെന്ന് ഞാൻ മനസ്സിലുറപ്പിയ്ക്കുവേം ചെയ്തു.
ഞാനങ്ങോട്ടു പൊക്കോളാം.. കണ്ണൂർക്ക്.. അവിടെയാവുമ്പോൾ വല്യമ്മയും വല്യച്ഛനുമൊക്കെ ഉണ്ടല്ലോ..
അവിടെയതിനു നിനക്ക് ഏതു കോളേജിൽ കിട്ടൂന്നു വച്ചിട്ടാ? ഇവടെത്തന്നെ കിട്ടുന്നില്ല അപ്പോഴാ..
അമ്മയുടെ അത്ഭുതം നിറഞ്ഞ നോട്ടത്തിനൊപ്പം അച്ഛന്റെ പുച്ഛം നിറഞ്ഞ ചോദ്യംകൂടി വന്നതും ആരെകൊന്നിട്ടും പോയേതീരുവെന്ന വാശിയെന്നിലും നിറഞ്ഞുപോയി.
അതൊക്കെ കിട്ടിക്കോളും.. അവിടെയെന്താ പ്രൈവറ്റ് കോളേജുകള് കാണില്ലേ? ഇല്ലെങ്കിൽ എയ്ഡഡ്തന്നെ മാനേജ്മെന്റ് സീറ്റുള്ളത് ഒത്തിരികാണും.. ഏതായാലും ഇത്രകാലം ഗവർമെന്റ് സ്കൂളിൽപഠിച്ച എനിയ്ക്കുവേണ്ടി കൊറേ പണമൊഴുക്കി ഖജനാവ് വറ്റീന്നല്ലേ പറച്ചില്.. ഇനിയൊരു രണ്ടുമൂന്നു കൊല്ലംകൂടെ ഒഴുക്ക്… അതുകഴിഞ്ഞിട്ട് ഞാനേതേലും വഴിയ്ക്ക് പൊക്കോളാം..
ഓ! ഇനി ആ നാടുംകൂടെ മുടിപ്പിയ്ക്കാനായിരിക്കും? ഞാൻവരത്തില്ല വക്കാലത്തുമായിട്ട്..
ആരും വരണോന്നില്ല.. നിങ്ങൾക്കിപ്പോൾ ഞാനിവിടുന്നു ഒഴിഞ്ഞുപോണന്നല്ലേ ഉള്ളൂ.. അതിനുള്ളവഴി ഞാൻതന്നെ കണ്ടുപിടിച്ചു തന്നില്ലേ? കണ്ടവരുടെ വീട്ടിലേയ്ക്കൊന്നുമല്ലല്ലോ പോണത്? അമ്മയുടെ ചേച്ചിതന്നല്ലേ അവിടുള്ളത്? പറ്റുമെങ്കിൽ അഡ്മിഷന്റ കാര്യമൊന്നു റെഡിയാക്കാൻ സഹായിയ്ക്ക്..
അച്ഛനോടുള്ളദേഷ്യം അതിന്റെ പാരമ്യത്തിലെത്തിയതും എന്താ പറയുന്നതെന്നുപോലും എനിയ്ക്കു നിശ്ചയമില്ലാതായിരുന്നു.
അച്ഛന്റെ കുത്തുവാക്കുകൾക്കും പരിഹാസത്തിനുംമേലെ തൊടുക്കാനുള്ള അസ്ത്രമായി ഞാനീ പോക്കിനെ സങ്കൽപ്പിക്കുമ്പോൾ, അറിയാത്തനാട്ടിൽ ഇനിയുള്ള എന്റെജീവിതം എങ്ങനെ ആയിരിയ്ക്കുമെന്നൊരു ചോദ്യംകൂടി ഉണർന്നെങ്കിലും എങ്ങനെയായാലും ഞാനതൊക്കെ മറികടക്കാൻ മനസ്സിനെയൊരുവിധം തയ്യാറെടുപ്പിയ്ക്കാൻ തുടങ്ങുകയായിരുന്നു.