അല്ല! എന്റെയാ! ഇവനെ ജനിപ്പിച്ചതും ഇത്രയൊക്കെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെമാത്രം തെറ്റാ.. നീയിനീം ഇവനെയിങ്ങനെ സപ്പോർട്ട് ചെയ്തു നടന്നോ.. അവസാനം ആരുടെയെങ്കിലും പിച്ചാത്തിപ്പിടിയിൽ തീർന്നു കിടക്കുന്നതു കാണുമ്പഴും ഈ ന്യായീകരണം കാണണം..
എന്റെ ദൈവമേ ഇതിയാന്റെയൊരു നശിച്ചനാക്ക്!പിള്ളേരാവുമ്പോ ഓരോ കുരുത്തക്കേടൊക്കെ കാട്ടീന്നൊക്കെയിരിയ്ക്കും.. അതോന്നുമിത്ര വിഷയമാക്കാനും മാത്രമില്ല.. അല്ലേത്തന്നെ ഇപ്പോഴീക്കേസിൽപ്പോലും ഇവന്മാരങ്ങോട്ടുപോയി തല്ലുണ്ടാക്കീതൊന്നുമല്ലല്ലോ? അവരിങ്ങോട്ടുവന്ന് ഇവരുടെ കൂട്ടുകാരെ തല്ലീപ്പോ ഇവന്മാരുകേറി പിടിച്ചുമാറ്റാൻ നോക്കീതല്ലേ? എന്നിട്ടവസാനം കുറ്റംമുഴുവൻ ഇവരുടെ തലയിലും..
ദേ ഞാനെന്തേലും പറഞ്ഞാ കൂടിപ്പോകും.. നീയിപ്പഴും ഇവന്റെ വാക്കുംകേട്ട് നടന്നോ.. മോനെന്തു നൊണപറഞ്ഞാലും തൊള്ളതൊടാതെ വിഴുങ്ങിക്കോളും.. അതുകൊണ്ടാണല്ലോ മാസാമാസം സ്റ്റാഫ്‌റൂമിന്റെ വാതിൽക്കൽ നിനക്കുപോയി നിൽക്കണ്ടിവന്നതും.. ഇവിടെയെന്തിന്റെ കുറവുണ്ടായിട്ടാ? സൗകര്യം ഏറിപ്പോയി അതുതന്നെയാ നിന്റെയൊക്കെ പ്രശ്നവും..
കയ്യുംവായും കഴുകി, ടവലിൽ മുഖവും തുടച്ചുകൊണ്ട് തിരിയുന്നതിനിടയിലുള്ള അച്ഛന്റെവാക്കുകൾ. അതു പുള്ളിക്കാരൻ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ..
ഇവിടെ എനിയ്ക്കൊരു കുറവും ഉണ്ടായിട്ടല്ല. പക്ഷെ എന്താപറയുക? ഈ തിന്നിട്ട് എല്ലിന്റിടയിൽ കേറുന്ന പരിപാടിയുണ്ടല്ലോ.. അതിന്റെ ഏനക്കേടിൽ ഓരോന്നു കാണിച്ചുവെയ്ക്കും.. ഉടനേ ടീച്ചർ അമ്മയെ വിളിപ്പിയ്ക്കും.. പിന്നെ പ്രിൻസിപ്പാളിന്റെ മുറിയിലാവും ഒരുമണിക്കൂർ.
അല്ല! എന്താ ഇനി നിന്റെ മോന്റെ പ്ലാൻ? ഇനിയുമെന്റെ പൈസ മുടിപ്പിച്ചേ അടങ്ങുള്ളൂന്നാണെങ്കിൽ ഇവിടെ നിൽക്കണ്ടാ.. ഇറങ്ങിക്കോളണം, എങ്ങോട്ടേയ്ക്കാന്നു വെച്ചാൽ..
ഒന്നുത്തരവിട്ടശേഷം കൂട്ടിച്ചേർത്തു,
എനിയ്ക്കിനിയും നിനക്കുവേണ്ടി നാട്ടുകാരുടെമുന്നിൽ നാണംകെടാൻ വയ്യ.. ഇനിയെങ്കിലും കുറച്ചുനാൾ തലയുയർത്തി നടക്കണമെന്ന് ആഗ്രഹമുണ്ട്.. അതോണ്ടെന്റെ സന്തതിയ്ക്ക് പഠിച്ചാലേ മതിയാവുള്ളൂങ്കിൽ ഈ നാട്ടിൽവേണ്ട… വേറെ എവിടാന്നുവെച്ചാ പൊക്കോ..
വിചാരണ കഴിഞ്ഞു.. ശിക്ഷയും വിധിച്ചു..
എന്നെയിങ്ങനെ നാടുകടത്താനും വേണ്ടി ഞാനെന്താ ചെയ്തത്? ഒന്നുരണ്ടു തല്ലുണ്ടാക്കിയതോ? അതോ, ആ കേസിന് കോളേജിൽനിന്നും പുറത്താക്കിയതിന്റെ പേരിൽ വേറൊരു കോളേജിലും അഡ്മിഷൻ കിട്ടാത്തതോ?
ആൺപിള്ളേരാവുമ്പോൾ പ്രായത്തിന്റെ അല്ലറചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സാധാരണയല്ലേ? നിങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായ്രുന്നു, ഈ പ്രായത്തിൽ നിങ്ങള്കാണിച്ച വെകിടത്തരങ്ങൾ എന്തോരമെന്ന്..
അമ്മ വീണ്ടുംകേറി എനിക്കുവേണ്ടി ഡിഫൻഡ് ചെയ്തു. പക്ഷേ അതിനിടയിലും അച്ഛന്റെവാക്കുകൾ ഒന്നുകൂടി സ്ട്രൈക്കുചെയ്തു.
അതാപറഞ്ഞത് ഇനിയിവിടെ നിൽക്കണ്ടാ, വേറെ എങ്ങോട്ടെങ്കിലും പറഞ്ഞുവിടാൻ.. ഇവന്റെയീ നശിച്ച കൂട്ടുകെട്ട് പോയാലേ ഇവൻ നന്നാകൂ…