ധ്വനിചേച്ചി 1
Dwanichechi Part 1 | Author : Aadhi
പഠിയ്ക്കാതെ കാളകളിച്ചു നടന്നിട്ട് ഇനി പറഞ്ഞിട്ടെന്താ കാര്യം? സ്വന്തം കാര്യത്തിൽ കുറച്ചെങ്കിലും ഉത്തരവാദിത്വം വേണം..
വേറൊരു അഡ്മിഷനുവേണ്ടി പല കോളേജുകളിലും അപേക്ഷിച്ചിട്ട് എവിടെയും കിട്ടാതായതോടെ അച്ഛൻ കലിപ്പായി. ആഹാരത്തിന്റെ മുന്നിലാണ് എന്നുപോലും ഓർക്കാതെ വായിൽ തോന്നീതുമുഴുവൻ പുള്ളിപറഞ്ഞെങ്കിലും അതിൽ എനിയ്ക്കത്ര അതിശയമൊന്നും തോന്നിയില്ല. എങ്ങനെയൊക്കെ വന്നാലും ഇതെല്ലാമവസാനം എന്റെ നെഞ്ചത്തേ വരൂന്നുള്ളത് ഉറപ്പാണല്ലോ.
അങ്ങനെ നോക്കുമ്പോൾ പതിവുള്ളതിനേക്കാൾ കുറച്ചധികം എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരുപുതുമയും ഇതിനില്ലയെന്നത് മറ്റൊരുസത്യം.
എവിടെ? നിന്റെകൂടെ സകല തോന്നിവാസങ്ങൾക്കും ഒപ്പമുണ്ടായിരുന്നവന്മാരൊക്കെ ഇപ്പൊ എന്തിയേ? ഏതെങ്കിലും നല്ല കോളേജിൽ കേറിപ്പറ്റിക്കാണും… ല്ലേ?
കഴിയ്ക്കാൻ ഉരുട്ടിയഉരുള വായിലേയ്ക്കു വെച്ചില്ല, അതിനുമുന്നേ അടുത്ത ചോദ്യംവന്നു. ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും എന്നോടുള്ള പുച്ഛം ചുണ്ടിന്റെകോണിൽ എന്നത്തേയുംപോലെ സ്ഥാനംപിടിച്ചിരുന്നു.
ആ! എവിടെയൊക്കെയോ ചേർന്നെന്നാ കേട്ടെ!
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതീർക്കുമ്പോൾ കയ്യിൽക്കരുതിയിരുന്ന ഉരുള എത്രയുംപെട്ടെന്ന് വായിൽ എത്തിയ്ക്കണമെന്നേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ.
പിന്നെ ആ പറഞ്ഞതിനുള്ള മറുപടി എന്തായിരിയ്ക്കുമെന്ന് ഊഹിയ്ക്കാമെന്നതിനാൽ മുഖത്തുനോക്കി കഷ്ടപ്പെടേണ്ടിയും വന്നില്ല.
കണ്ടോ.. എല്ലാ അലമ്പിനും കൂടെനടന്നിട്ടിപ്പോ അവന്മാര് അവന്മാരുടെ കാര്യം സുരക്ഷിതമാക്കി.. നീയോ?
ആഹ്! നീയിങ്ങനെ നാടിനും വീടിനും കൊള്ളാതെ നടന്നോ.. ഇനി നീയൊക്കെ എന്നു നന്നാവാനാടാ? അതെങ്ങനെ, എന്റെ ചെലവിലിങ്ങനെ തിന്നുമുടിച്ചു നടക്കാനല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളും?
അച്ഛനിരുന്ന് കയർത്തെങ്കിലും ഇതൊന്നും ആദ്യത്തെ സംഭവമല്ലാത്തതുകൊണ്ട് അടുത്തിരുന്ന അമ്മയെയൊന്ന് ചുഴിഞ്ഞുനോക്കി ഞാൻ തീറ്റതുടർന്നു. എന്റെകണ്ണുകൾ അമ്മയിലേയ്ക്കു പതിയുന്നതു കണ്ടിട്ടാവണം അച്ഛന്റെ ശ്രെദ്ധയും അമ്മയിലേയ്ക്കു നീണ്ടത്.
ദേ.. എന്റെ ചെലവിൽ തിന്നുമുടിപ്പിച്ച് നടക്കാനാണ് ഇനീം മോന്റെ ഉദ്ദേശമെങ്കിൽ അതിനിവേണ്ടാന്നു പറഞ്ഞേക്ക് നിന്റെമോനോട്.. എവിടേം കിട്ടിയില്ലേൽ വല്ല കൂലിപ്പണിയ്ക്കെങ്കിലും ഇറങ്ങി പോവാൻപറ..
അമ്മയോട് താക്കീതുപോലെ പറഞ്ഞവസാനിപ്പിച്ച് വാഷ്ബെയ്സനടുത്തേയ്ക്ക് നടന്നതും, അതുവരെ മിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കിയിരുന്ന അമ്മ കണ്ണുയർത്തി അച്ഛനെനോക്കി.
അപ്ലൈ ചെയ്തിട്ട് എവിടേംകിട്ടാത്തത് അവന്റെ കുറ്റമാണോ?
എന്തിനുമേതിനുംഎനിക്കുവേണ്ടി ന്യായങ്ങൾ നിരത്താൻ പണ്ടേ ശീലിച്ചയാളെന്ന നിലയിൽ ഇവിടെയും അമ്മ എനിയ്ക്കുവേണ്ടി വാദിച്ചു. പക്ഷെയതിന് അച്ഛന്റെ തിരിഞ്ഞുള്ളൊരു തുറിച്ചു നോട്ടത്തോളവും അതിനോടൊപ്പം വന്ന വാക്കിനോളവുമേ ആയുസുള്ളായിരുന്നു.