———
കുറെ നടന്നു ചെന്നപ്പോള്‍ കിടിലന്‍ ഒരു കൊട്ടാരം അകലെ ദൃശ്യമായി. അതിനു നേരെ വച്ചടിച്ച നാം അവിടെ എത്തുന്നതിനു മുന്‍പേ ചാരന്മാര്‍ വഴി രാജന്‍ നമ്മുടെ വരവറിഞ്ഞിരുന്നു. ശരീരത്തില്‍ ചാരം പൂശിയ ചിലര്‍ എന്നെ ഓവര്‍ട്ടേക്ക് ചെയ്തു പോയത് ഞാനും ശ്രദ്ധിച്ചിരുന്നു. കൊട്ടാരം കണ്ട എനിക്ക് സത്യത്തില്‍ അസൂയ ആണ് വന്നത്. എല്ലാം ത്യജിച്ച സന്യാസി ആയ എനിക്ക് അസൂയ വന്നത് ആലോചിച്ചു എനിക്ക് തന്നെ അത്ഭുതവും സ്വയം അസൂയയും തോന്നി. “ഇജ്ജ് ബല്ലാത്തൊരു സാധനം തന്നെ” എന്ന് സ്വയം പുറത്തു തട്ടി അനുമോദിച്ചു. ഒരു വാശിക്ക് കുറെ മടലും ഓലയും വൈക്കോലും വരുത്തി കൊട്ടാര മുറ്റത്ത് ഒരു പര്‍ണ്ണശാല കെട്ടി. അതിനകത്ത് കയറി. അതിക്രമിച്ചു കയറിയാല്‍ ശപിച്ചു ഭാസ്മാക്കിക്കളയും എന്നൊരു ബോര്‍ഡ് അന്തരീക്ഷത്തില്‍ തൂക്കിയിടും മട്ടില്‍ പുറത്തുള്ളവരെ ഒന്ന് നോക്കി. ശ്മശ്രുക്കള്‍ പേടിച്ചു സ്ഥലം വിട്ടു. എനിക്ക് വെള്ളവും, ഭക്ഷണവും തരാനും പൂജാദ്രവ്യങ്ങള്‍ എത്തിക്കാനും മറ്റുമായി രാജന്‍ സ്വന്തം വളര്‍ത്തു പുത്രി കുന്തിയെ ചട്ടം കെട്ടി.
അകത്തു ചമ്രം പടിഞ്ഞിരുന്ന എനിക്ക് ചുറ്റും അവള്‍ വൃത്തിയാക്കി. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളവും, തളികയില്‍ ഫലമൂലാദികളും കൊണ്ട് വന്നു വച്ച ശേഷം തിരിഞ്ഞു നടന്ന കുന്തിയെ കണ്ടു ഞാന്‍ ഞെട്ടി വാ പൊളിച്ചിരുന്നു. മറ്റൊരു തംബുരു. എന്തൊരു ഭംഗി. ഞാന്‍ വിളിച്ചു.
“മോളേ കുണ്ടീ..” ഞെട്ടിയ കുന്തി തിരിഞ്ഞു നിന്നു. എന്റെ ജാള്യത കണ്ട അവള്‍ക്ക് ചിരി വന്നു. കുറ്റബോധം തോന്നിക്കഴിഞ്ഞാല്‍ പിന്നെ പറയുന്നതും ചെയ്യുന്നതുമെല്ലാം യാന്ത്രികമായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. ഭാവിയില്‍ ഈ ഡയലോഗ് വിന്സന്റ് ഗോമസ് എന്നൊരു കള്ള്കച്ചവടക്കാരന്‍ സിനിമയില്‍ പറയുന്നതോടെ സംഗതി പ്രസിദ്ധവുമാകും എന്ന് ഞാന്‍ ദിവ്യദൃഷ്ട്ടിയാല്‍ കണ്ടു. ഞാന്‍ തുടര്‍ന്നു.
“ഇന്ന് മുതല്‍ നീയല്ലാതെ ആരും ഈ പര്‍ണ്ണശാലയ്ക്കുള്ളില്‍ കയറരുത്. എന്റെ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താത്ത രീതിയില്‍ നോക്കി കണ്ടു ചെയ്യുക. പോകുന്ന പോക്കില്‍ നിനക്കൊരു വരം തരുന്നതായിരിക്കും.