” അത് പിന്നെ മെസ്സിയുടെ ഗോൾ…പെട്ടന്നുള്ള ആവേശത്തിൽ…. ”
ഞാൻ വിക്കി വിക്കി അവളോട് പറഞ്ഞു
” തനിക്ക് വട്ടുണ്ടോന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു… ഇപ്പോ അങ്ങ് ഉറപ്പിച്ചു…. മുഴു വട്ടാണ് തനിക്ക്… ”
എന്നെ രൂക്ഷമായൊന്ന് നോക്കി അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി
” വട്ട് നിൻ്റെ അപ്പന്… ”
അവള് തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്ന് പതുക്കെ പറഞ്ഞ് ഞാൻ അവളെ അടിക്കും പോലെ കൈ വീശി… പറഞ്ഞത് കേട്ടതു കൊണ്ടോ എന്നാണെന്നറിയില്ല കറക്റ്റ് സമയത്ത് ആ സാധനം തിരിഞ്ഞു നോക്കി…അതോടെ വീശിയ കൈ കൊതുകിനെ കൊല്ലും പോലെ വായുവിൽ അടിച്ചു ഞാൻ അവളെ ഒളികണ്ണിട്ടു നോക്കി… എന്റെ കോപ്രായങ്ങൾ കണ്ട് ഒന്നൂടെ എന്നെ കനത്തിൽ നോക്കിയശേഷം അവള് റൂം കടന്നുപോയി അതോടെ ഞാൻ കളിയിലേക്ക് ശ്രദ്ധതിരിച്ചു…ഒടുവിൽ കളിയും കണ്ട് ജയിച്ച സന്തോഷത്തിൽ കിടന്നുറങ്ങി…
” ഡാ അജ്ജൂ എണീക്ക്…. ”
കളികണ്ട് മതിമറന്നുറങ്ങുന്ന എന്നെ കുലുക്കി കൊണ്ട് ശ്രീ വിളിച്ചു…
” എന്നതാടാ നേരം വെളുത്തോ… ”
കണ്ണും തിരുമ്മി എഴുന്നേറ്റ് ചുറ്റിലും നോക്കി…ബാക്കി ഉള്ളവന്മാരൊക്കെ എഴുന്നേറ്റ് കഴിഞ്ഞിരുന്നു… പിന്നെ കുറച്ച് നേരം സംസാരിച്ച് ഇരിക്കുമ്പോഴേക്കും ഗിരിജാൻ്റി എത്തിയിരുന്നു..അതോടെ കോളേജിൽ പോകേണ്ടത് കൊണ്ട് അവിടുന്ന് പെട്ടെന്നിറങ്ങി… പുറത്തേക്ക് നടക്കുംമ്പോളായിരുന്നു എൻ്റെ പ്രിയ മാതാശ്രീ റിസപ്ഷനിനടുത്ത് ദിവ്യയോട് സംസാരിച്ചിരിക്കുന്നത് കണ്ടത്…