അവൾ വീണ്ടും വാക്കുകൾ കൊണ്ട് സന്ദർഭത്തെ വിവരിച്ചപ്പോൾ ആകെ ചിന്താകുഴപ്പത്തിലായി ഞാൻ…
” എന്തേലും ഒരു വഴി പറഞ്ഞ് താടോ… ”
ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കി…
” വഴി ഉണ്ടാക്കാം… തൽകാലം അവളുടെ ചൂട് ഒന്ന് തണിയട്ടെ…തഞ്ചത്തിൽ നമ്മുക്ക് പറഞ്ഞു ശരിയാക്കാം… ”
ഒടുക്കം ഇച്ചിരി ആശ്വസം എന്ന പോലെ ശ്രദ്ധ എന്നെ സമാധാനിപ്പിച്ചു…
” അല്ല ഒരു മിനിറ്റേ…നീ കൊറേ ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നല്ലോ…. ഇതിലും വലിയ കേസൊക്കെ ഒലത്തിയ നന്ദ ഗോപാല മാരർക്ക് എന്ത് പറ്റി…അവൻ്റെ ഒരു കൊതുകു തിരി… ”
ശ്രദ്ധയുടെ ആശ്വാസവാക്കുകളിൽ ഇത്തിരി സമാധാനം കണ്ടെത്തുമ്പോഴായിരുന്നു അടുത്ത് നിൽക്കുന്ന നന്ദുവിൻ്റെ കാര്യം ഓർമ്മ വന്നത്…
” അളിയാ നീ പറഞ്ഞപ്പൊ ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല….ഇത് ഒരുമാതിരി ഒറ്റയാൻ്റെ മുന്നിൽ ജെട്ടി ഇട്ട് നിന്ന അവസ്ഥ ആയിപ്പോയി… ”
അവൻ ഒരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി മറുപടി നൽകി…
” മ്മ്…അത് തന്നെയാ ഞാൻ അവിടുന്നും പറഞ്ഞത്…ഇപ്പൊ മനസ്സിലായില്ലേ… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മിയപ്പോൾ അവൻ ഒരു പാവയെ പോലെ അതെയെന്ന് തലയാട്ടി…
” എടോ അപ്പൊ താൻ വല്ലതും പറയാൻ നോക്ക്…എന്നാ ഞങ്ങൾ അവിടുണ്ട്… ”
ഞാൻ ശ്രദ്ധയെ നോക്കി യാത്ര പറഞ്ഞ് റൂം ലക്ഷ്യമാക്കി നടന്നു…
പിന്നെ റൂമിലെത്തിയതും കാര്യങ്ങൾ നന്ദു തന്നെ പിള്ളേരോട് പറഞ്ഞു…അവന്മാർക്കും അവളുടെ ദേഷ്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം…പക്ഷെ എൻ്റെ മനസ്സിൽ എന്തോ അവളോട് എത്രയും പെട്ടെന്ന് എല്ലാം അറിയിച്ച് പഴയത് പോലെ ആകാൻ കൊതിച്ചിരിക്കുകയായിരുന്നു…