നടക്കും വഴി നല്ല മനോഹരമായ ക്ഷേത്രകുളം കണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു….
” എനിക്കൊന്നും വയ്യ…അവിടെ മോത്തം അഴുക്കും അവശിഷ്ടങ്ങളും ആ… നവീകരണം നടക്കുന്നുണ്ട്… ”
അവളെന്റെ അഭിപ്രായത്തെ മുളയിലേ നുള്ളും പോലെ പറിച്ചു കളഞ്ഞു…പക്ഷെ പറഞ്ഞതിൽ കാര്യമുണ്ട് നവീകരണം നടക്കുന്നതിന്റെ ലക്ഷണം ഉണ്ട്…പക്ഷെ അവൾ പറഞ്ഞ പോലെ അത്രയ്ക്ക് അങ്ങ് അഴുക്കില്ല…എന്തോ എനിക്ക് അവിടം ഭംഗി ഉള്ളതായി തന്നെയാണ് തോന്നിയത്… അതുകൊണ്ട് എന്തായാലും ആ കുളക്കടവിൽ ഇച്ചിരി നേരം ഇരുന്നേ മടങ്ങുന്നുള്ളൂ എന്ന് ഞാൻ തീരുമാനിച്ചു….
” അതേ ഇയാള് വരുന്നില്ലെങ്കിൽ വരേണ്ട…ഞാൻ കുറച്ചു നേരം അവിടെ ഇരുന്നിട്ടേ വരുന്നുള്ളൂ…വണ്ടിയുടെ അടുത്ത് വെയിറ്റ് ചെയ്തോ… ”
ഞാൻ അവളെ നോക്കി നിസാരഭവത്തിൽ പറഞ്ഞ് കുളത്തിനടുത്തേക്ക് നടന്നു…അവൾ പുറകെ വരുമെന്ന് എനിക്ക് അറിയായിരുന്നു..അത് വേറെ കാര്യം…ഇതൊക്കെ കക്ഷിയുടെ ഒരു നമ്പറല്ലേ…
ഞാൻ വേഗത്തിൽ തന്നെ നടന്ന് ഇച്ചിരി താഴെ ആയിട്ടുള്ള പടവിലിരുന്നു…പക്ഷെ തൊട്ടടുത്ത നിമിഷം എന്തോ വലത്തേ കാലിൽ തറച്ച് കയറും പോലെ തോന്നി…ഞാൻ പെട്ടന്ന് തന്നെ എൻ്റെ കാല് ഉയർത്തി അടിവശം നോക്കിയതും തല കറങ്ങും പോലെ അനുഭവപ്പെട്ടു…ഒരു ആണി കാലിലേക്ക് തറച്ച് കയറിയിരിക്കുന്നു…അല്ലേലേ ഇത്തരം കാര്യം കണ്ടാ പിടി വിടുന്ന എനിക്ക് ഇത് ധാരാളമായിരുന്നു…ഞാൻ കെടന്ന് അമറാൻ തൊടങ്ങി…
” അമ്മേ…ഓടി വരണേ… ”
” എന്തോടോ പേടിപ്പിച്ചലോ…ഞാൻ കരുതി കുളത്തിൽ എത്തീന്ന്… ”
എൻ്റെ അമർച്ച കേട്ട് ഉള്ളിലേക്ക് കയറി വന്ന ദിവ്യ എന്നെ നോക്കി ചീറി…പക്ഷെ തൊട്ടടുത്ത നിമിഷം കാല് പിടിച്ചുയർത്തി നിൽക്കുന്ന എന്നെ കണ്ടവൾ ഓടി എൻ്റടുത്തേക്ക് വന്നു…